പ്രവാസി മലയാളികളുടെ ഡ്രൈവിങ് ലൈസൻസ്, പ്രത്യേക സ്ലോട്ടുകൾ; നടപടിക്രമങ്ങൾ വ്യക്തമാക്കി ഗതാഗതവകുപ്പ് മന്ത്രി, അറിയാതെ പോകരുത്
പ്രവാസി മലയാളികൾക്ക് പുതിയ ലൈസൻസ് എടുക്കുന്നതിനും ഒപ്പം കാലാവധി കഴിഞ്ഞ ലൈസൻസുകൾ പുതുക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളിലും വ്യക്തത വരുത്തി ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. മോട്ടോർ വാഹന വകുപ്പിൻറെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച വീഡിയോയിലാണ് മന്ത്രി ഇക്കാര്യം വിശദീകരിക്കുന്നത്. കേരളത്തിന് പുറത്ത് ലൈസൻസ് സമ്പദ്രായം പരിഷ്കരിച്ചതോടെ പുതിയ ലൈസൻസിനുള്ള അപേക്ഷകൾ ധാരാളം വരുന്നുണ്ട്. ഇതിനൊപ്പമാണ് ലൈസൻസ് പുതുക്കാനുള്ള അപേക്ഷകളും വരുന്നത്. അപേക്ഷകളുടെ എണ്ണം കൂടുതലാണ്. ഒരു ദിവസം 40 സ്ലോട്ടുകളാണ് അനുവദിച്ചിട്ടുള്ളത്. ഇതിൽ പ്രവാസികൾക്കായി ഒരു ദിവസം 5 സ്ലോട്ടുകളുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
ആ സ്ലോട്ടുകൾ തരാൻ ഏതെങ്കിലും ഉദ്യോഗസ്ഥർ വിസമ്മതിച്ചാൽ അടിയന്തരമായി ഗതാഗതവകുപ്പുമായി ബന്ധപ്പെടണമെന്നും ഗതാഗത മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് പരാതി നൽകി കഴിഞ്ഞാൽ ഉടനടി നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഈ അഞ്ച് സ്ലോട്ടുകൾ പ്രവാസികൾക്കായി മാറ്റിവെക്കണമെന്ന് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഉത്തരവും നിലവിലുണ്ട്.
ലൈസൻസ് പുതുക്കാനുള്ള അപേക്ഷ നൽകുമ്പോൾ ടെസ്റ്റിന് ഒരു തീയതി ലഭിക്കും. ഈ തീയതിയുമായി ആർടിഒയോ ജോയിൻറ് ആർടിഒയോ സമീപിക്കുക. അടുത്ത ദിവസങ്ങളിൽ തന്നെ അല്ലെങ്കിൽ നിങ്ങൾ ആവശ്യപ്പെടുന്ന തീയതിയിലേക്ക് അവസരം നൽകും. തീയതി തന്നില്ലെങ്കിലും ഗതാഗത മന്ത്രിയുടെ ഓഫീസിലേക്ക് ബന്ധപ്പെടാം.
വിദേശ രാജ്യത്തുള്ള മലയാളികൾക്ക് അവരുടെ ലൈസൻസ് അവസാനിക്കുന്ന കാലാവധിക്ക് ശേഷം മാത്രമെ നാട്ടിൽ എത്താനാകൂ എന്ന സ്ഥിതിയുണ്ടെങ്കിൽ ലൈസൻസ് കാലാവധി അവസാനിക്കുന്നതിന് 6 മാസം മുമ്പൊക്കെ നാട്ടിൽ എത്തുകയാണെങ്കിൽ, ലൈസൻസ് തീരുന്നതിന് 6 മാസം മുമ്പേ മുൻകൂറായി ലൈസൻസ് അടുത്ത 5 വർഷത്തേക്ക് പുതുക്കാനാകും. ഇനി അഥവാ ലൈസൻസ് പുതുക്കാനുള്ള തീയതിക്ക് ശേഷമാണ് നാട്ടിലെത്തുന്നതെങ്കിലും 1 വർഷം വരെ പിഴ അടയ്ക്കാതെ ലൈസൻസ് പുതുക്കാനാകും. പക്ഷേ ആ സമയത്ത് വാഹനമോടിക്കരുത്.
സാധുവായ ലൈസൻസ് ലഭിക്കുന്ന വരെ കാത്തിരിക്കുക. ഈ ഒരു വർഷത്തിനകം പുതുക്കാനായില്ലെങ്കിൽ അടുത്ത 4 വർഷം വരെ വീണ്ടും സമയം ഉണ്ട്. ഈ സമയം പിഴ അടച്ച് ലൈസൻസ് പുതുക്കാം. ഈ കാലാവധിയും കഴിഞ്ഞെങ്കിൽ പിന്നീട് ആദ്യമായി ലൈസൻസ് ലഭിക്കുമ്പോൾ കടന്നുപോകേണ്ട, ലേണേഴ്സ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങളിലൂടെ കടന്നു പോകേണ്ടി വരും. വിദേശത്ത് പഠിക്കാൻ പോകുന്ന, ജോലി ചെയ്യുന്ന മലയാളികൾക്ക് ഇത് ബാധകമാണ്.
ലേണേഴ്സ് എഴുതി കഴിഞ്ഞാൽ 30 ദിവസം കഴിഞ്ഞാണ് ഒരു സ്ലോട്ട് ലഭിക്കുക. ഇത് നിങ്ങൾ പറയുന്ന ദിവസം ലഭിക്കും. 5 സ്ലോട്ടുകളാണ് പ്രവാസികൾക്കായി മാറ്റിവെച്ചിരിക്കുക. വിദേശത്തുള്ളവർക്ക് മോട്ടോർ വാഹന വകുപ്പിൻറെ പരിവാഹൻ വെബ്സൈറ്റിൽ സാരഥി എന്ന ഓപ്ഷനിൽ ലൈസൻസ് പുതുക്കാനുള്ള അപേക്ഷ നൽകാം. നാട്ടിലെത്തിയാൽ കാലതാമസം കൂടാതെ ലൈസൻസ് പുതുക്കാനുമാകും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)