യുഎഇയിൽ ഉത്സവകാലം വരുന്നു; 1000 ഷോകളുമായി ശെയ്ഖ് സായിദ് ഫെസ്റ്റിവല്‍ നവംബര്‍ 1 മുതല്‍
നാലു മാസം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികളുമായി ശെയ്ഖ് സായിദ് ഫെസ്റ്റിവല്‍ 2024-2025 സീസണിന് നവംബര്‍ 1 മുതല്‍ തുടക്കമാവും. 2025 ഫെബ്രുവരി 28 വരെ അബുദാബിയിലെ അല്‍ വത്ബയില്‍ നടക്കുന്ന ഫെസ്റ്റിവലില്‍ നിരവധി വിനോദ സാംസ്‌കാരിക പരിപാടികളിലൂടെ യുഎഇയുടെ പൈതൃകം ആഘോഷിക്കും. പ്രസിഡന്‍റ് ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ രക്ഷാകര്‍തൃത്വത്തിലും വൈസ് പ്രസിഡന്‍റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ ശെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ മേല്‍നോട്ടത്തിലുമാണ് ഫെസ്റ്റിവല്‍ നടക്കുന്നത്.ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ദശലക്ഷക്കണക്കിന് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനായി 30,000-ലധികം പ്രദര്‍ശകരും പങ്കാളികളും ഫെസ്റ്റിവലിന്‍റെ ഭാഗമാവും. 6,000-ത്തിലധികം അന്താരാഷ്ട്ര സാംസ്‌കാരിക പരിപാടികളും 1,000ത്തിധികം ഷോകളും സുപ്രധാന പൊതു പരിപാടികളും ഫെസ്റ്റിലിന്‍റെ ഭാഗമായി നടക്കും. പ്രത്യേക പവലിയനുകളിലും വിഭാഗങ്ങളിലും ആദ്യമായി പങ്കെടുക്കുന്ന രാജ്യങ്ങള്‍ ഉള്‍പ്പെടെ 27 ലധികം രാജ്യങ്ങളുടെ പങ്കാളിത്തത്തിന് ഫെസ്റ്റിവല്‍ സാക്ഷ്യം വഹിക്കും. ‘യൂണിയന്‍ പരേഡ്’ ഉള്‍പ്പെടെ രാജ്യത്തിന്‍റെ പൈതൃകവും ശക്തിയും വിളിച്ചോതുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഇതിന്‍റെ ഭാഗമായി നടക്കും.ഡിസംബര്‍ രണ്ടിന് നടക്കുന്ന യുഎഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചുള്ള പരിപാടികളും ശെയ്ഖ് സായിദ് ഫെസ്റ്റിവലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ആവേശകരമായ പരിപാടികളും പ്രവര്‍ത്തനങ്ങളും ഇതിന്‍റെ ഭാഗമായി അവതരിപ്പിക്കും. നാടന്‍ കലാപരിപാടികള്‍, പരേഡുകള്‍, റാഫിളുകള്‍, സമ്മാനങ്ങള്‍, സ്റ്റേജ് പ്രകടനങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ വിനോദ പരിപാടികള്‍ക്കൊപ്പം കരിമരുന്ന് പ്രയോഗം, ഡ്രോണ്‍ ഷോകള്‍, ലേസര്‍ എന്നിവയുള്‍പ്പെടെ ഉള്‍ക്കൊള്ളുന്ന 14 ദിവസം നീളുന്ന പരിപാടികളാണ് യുഎഇ ദേശീയ ദിനത്തിന്റെ ഭാഗമായി നടക്കുക.ഉത്സവത്തിന്‍റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഹെറിറ്റേജ് വില്ലേജ്, പരമ്പരാഗത വിപണികള്‍, കരകൗശല വസ്തുക്കള്‍, വിവിധ ലൈവ് ഹെറിറ്റേജ് പ്രകടനങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി സാംസ്‌കാരിക, പൈതൃക പ്രവര്‍ത്തനങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കും. കൂടാതെ, എമിറാത്തി ടെന്‍റ് റെസ്റ്റോറന്‍റ് (അല്‍ ഖൈമ) സന്ദര്‍ശകരെ പൈതൃകത്തിന്‍റെ ഭൂതകാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോവും. ഫെസ്റ്റിവലിലെ അന്താരാഷ്ട്ര പവലിയനുകളും പ്രദര്‍ശനങ്ങളും ലോകമെമ്പാടുമുള്ള സന്ദര്‍ശകര്‍ക്ക് ഓരോ രാജ്യത്തിന്‍റെയും സംസ്‌കാരങ്ങള്‍, ആചാരങ്ങള്‍, വ്യതിരിക്ത ഘടകങ്ങള്‍ എന്നിവയെക്കുറിച്ച് അറിയാന്‍ സവിശേഷമായ അവസരം നല്‍കും.പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കരിമരുന്ന് പ്രകടനങ്ങളും സംഘടിപ്പിക്കും. ഡ്രോണ്‍ ഷോകളും ലേസര്‍ ഷോകളും അല്‍ വത്ബയുടെ ആകാശത്തെ പ്രകാശിപ്പിക്കും. ശെയ്ഖ് സായിദ് ഫെസ്റ്റിവല്‍ സമയത്ത്, ശെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ റേസിങ് ഫെസ്റ്റിവല്‍, ദൗ സെയിലിങ് റേസ്, ശെയ്ഖ് സായിദ് ഫാല്‍ക്കണ്‍റി മത്സരം, പൈതൃക മത്സരങ്ങള്‍, പരമ്പരാഗത പാചക മത്സരം തുടങ്ങിയവയും അരങ്ങേറും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)