അപകടരഹിത ദിനാചരണം; യുഎഇയിൽ ബ്ലാക്ക് പോയിന്റ് ഇളവിനായി ലഭിച്ചത് 3.04 ലക്ഷം അപേക്ഷകൾ
എമിറേറ്റില്‍ അപകടരഹിത ദിനാചരണത്തിനോടനുബന്ധിച്ച് ഡ്രൈവര്‍മാര്‍ക്ക് ബ്ലാക്ക് പോയിന്റില്‍ ഇളവ് ലഭിക്കുന്നതിനായി അപേക്ഷ സമര്‍പ്പിച്ചത് 3.04 ലക്ഷം പേര്‍. ആഗസ്റ്റ് 27നായിരുന്നു അപകടരഹിത ദിനം. നിലവില്‍ ലഭിച്ചിട്ടുള്ള ബ്ലാക്ക് പോയിന്റ് കുറയ്ക്കുന്നതിനാണ് ഈ ദിവസം അവസരം നല്‍കിയിരുന്നത്.
എമിറേറ്റിലെ ജനങ്ങള്‍ക്കിടയില്‍ മികച്ച ട്രാഫിക് സംസ്‌കാരം രൂപപ്പെടുത്തുന്നതിനും വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിനുമാണ് ഈ ദിനം ആചരിക്കുന്നത്. അന്ന് അപേക്ഷിച്ചവരുടെ ട്രാഫിക് ഫയലുകളില്‍ നിന്ന് നാല് ബ്ലാക്ക് പോയിന്റുകളാണ് നീക്കം ചെയ്യുക. റോഡ് അപകടങ്ങളും മരണങ്ങളും കുറയ്ക്കുന്നതിനുള്ള സൂചികയില്‍ യുഎഇ ഒന്നാമത്തെയും വികസിതവുമായ രാജ്യങ്ങളില്‍ ഒന്നാകുകയെന്നതാണ് ഇത്തരം പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്.
അപേക്ഷ നൽകിയ ഡ്രൈവര്‍മാരുടെ പെരുമാറ്റത്തില്‍ മാറ്റം വരുന്നുണ്ടോയെന്ന് ട്രാഫിക് വകുപ്പ് നിരീക്ഷിക്കുന്നുണ്ട്. ട്രാഫിക് നിയമത്തെ കുറിച്ചുള്ള അവബോധം പലരിലും വര്‍ധിച്ചതായാണ് ഫെഡറല്‍ ട്രാഫിക് കൗണ്‍സിലിലെ ട്രാഫിക് ബോധവത്കരണ, സുരക്ഷാ ടീമിന്റെ തലവന്‍ ബ്രിഗേഡിയര്‍ ജനറല്‍ അഹ്‌മദ് അല്‍ സാം അല്‍ നഖ്ബി വ്യക്തമാക്കുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)