Posted By sneha Posted On

ശൈത്യകാലമെത്തി; യുഎഇയിൽ ബാർബിക്യു പാചകത്തിന് 253 ഇടങ്ങൾ

ശൈത്യകാലമെത്തിയതോടെ അബുദാബിയിൽ ബാർബിക്യു പാചകത്തിന് 28 പാർക്കുകളിലെ 253 ഇടങ്ങൾ ഒരുക്കി സിറ്റി മുനിസിപ്പാലിറ്റി. യുഎഇയിലെ പൊതുസ്ഥലങ്ങളിൽ ബാർബിക്യൂ ചെയ്യുന്നത് വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് നഗരസഭ സൗജന്യ സംവിധാനമൊരുക്കുന്നത്. പാർക്കിന്റെ പച്ചപ്പിനോ പരിസ്ഥിതിക്കോ നാശമുണ്ടാക്കുന്ന തരത്തിൽ പ്രവർത്തിക്കരുത്. പാചകശേഷം പാഴ്‌വസ്തുക്കൾ നിർദിഷ്ട മാലിന്യപ്പെട്ടിയിൽ നിക്ഷേപിക്കണം. ചാർക്കോൾ വെള്ളം നനച്ചു കെടുത്തി തീ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം അവശിഷ്ടം നീക്കം ചെയ്ത് പരിസരം വൃത്തിയാക്കണം. അനുമതിയുള്ള പാർക്കുകളിൽ മാത്രമേ ബാർബിക്യൂ ചെയ്യാവൂ എന്നും നിയമം ലംഘിച്ചാൽ 500 ദിർഹം പിഴ ചുമത്തുമെന്നും നഗരസഭ ഓർമിപ്പിച്ചു.

തണുപ്പ് ആരംഭിച്ചതോടെ വാരാന്ത്യങ്ങളിൽ പാർക്കും ബീച്ചും മറ്റു തുറസ്സായ വിനോദ കേന്ദ്രങ്ങളിലും തിരക്ക് വർധിക്കുന്ന പശ്ചാത്തലത്തിലാണ് എല്ലാവർക്കും വിനോദത്തിന് അവസരം നൽകുംവിധം സൗകര്യങ്ങൾ വിപുലീകരിച്ചതെന്ന് നഗരസഭ അറിയിച്ചു. വിദേശികൾ ഉൾപ്പെടെയുള്ള എല്ലാവർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. നിങ്ങളുടെ ബാർബിക്യൂ ആഘോഷമാക്കൂ, ആ സ്ഥലം സംരക്ഷിക്കൂ എന്ന പേരിൽ ബോധവൽക്കരണ ക്യാംപെയ്നും ആരംഭിച്ചു. മസാല പുരട്ടി കൊണ്ടുവരുന്ന വിഭവങ്ങൾ കനലിൽ ചുട്ടെടുക്കാനുള്ള പ്രത്യേക അടുപ്പുകളാണ് പാർക്കുകളിൽ സജ്ജമാക്കിയത്. ഒരു പാർക്കിന്റെ വിവിധ ഇടങ്ങളിൽ ഇത്തരം സൗകര്യങ്ങളുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *