Posted By sneha Posted On

ഇറാനു തിരിച്ചടി നൽകി ഇസ്രയേൽ; ടെഹ്‌റാനിലേക്ക് വ്യോമാക്രമണം, പാഞ്ഞെത്തിയത് 100-ലധികം വിമാനങ്ങൾ

ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രയേലിന്റെ വ്യോമാക്രമണം. ഇറാന്റെ മിസൈൽ ആക്രമണങ്ങൾക്ക് പകരമായാണ് ആക്രമണം. എഫ്-35ഐ ജെറ്റുകൾ ഉൾപ്പെടെ 100 വിമാനങ്ങളാണ് ഇറാൻ്റെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ നടന്ന ആക്രമണത്തിന് ഇസ്രായേൽ ഉപയോഗിച്ചത്. മാസങ്ങളായി തുടരുന്ന ഇറാന്റെ തുടർച്ചയായ ആക്രമണങ്ങൾക്കുള്ള മറുപടിയാണിതെന്ന് ഇസ്രായേൽ വ്യക്തമാക്കിയിട്ടുണ്ട്. വെറും പത്ത് സെക്കന്‍ഡിനുള്ളിൽ ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ മാത്രം അഞ്ചിലധികം വലിയ സ്ഫോടനങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ടെഹ്റാൻ വിമാനത്താവളത്തിന് അടുത്തും സ്ഫോടനം നടന്നിട്ടുണ്ട്. ഒക്ടോബർ ഒന്നിലെ ആക്രമണത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഇസ്രയേൽ ഇറാനിൽ ആക്രമണം നടത്തിയതിനെക്കുറിച്ച് അറിവുള്ളതായി യുഎസ് അധികൃതർ വ്യക്തമാക്കി‌. ഇറാനു നേരെ ആക്രമണം ഉണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാനിയൻ ഭരണകൂടം വ്യക്തമാക്കിയിരുന്നു.

ഇറാനിലെ സൈനിക ലക്ഷ്യങ്ങൾക്കെതിരെ കൃത്യമായ ആക്രമണമാണ് നടത്തിയതെന്ന് ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു. ടെഹ്‌റാനെയും സമീപ പ്രദേശങ്ങളെയും ലക്ഷ്യമിട്ട് കുറഞ്ഞത് മൂന്ന് തരം ആക്രമണങ്ങളെങ്കിലും ഉണ്ടായതായാണ് റിപ്പോർട്ട്. ടെഹ്‌റാനിലും അയൽ നഗരമായ കരാജിലും ഒന്നിലധികം ശക്തമായ സ്‌ഫോടനങ്ങൾ കേട്ടതായി റിപ്പോർട്ടുകൾ പറയുന്നു. ടെഹ്റാൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപവും ഉഗ്ര ശബ്ദത്തിലുള്ള സ്ഫോടനങ്ങളുണ്ടായിട്ടുണ്ട്. നിരവധി കെട്ടിടങ്ങള്‍ സ്ഫോടനത്തിൽ തകര്‍ന്നു. ഇറാനിൽ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളുണ്ടായതായാണ് റിപ്പോര്‍ട്ട്. എന്നാൽ, ആളപായം സംഭവിച്ചോ എന്ന കാര്യത്തിൽ സ്ഥിരീകരണം ലഭ്യമായിട്ടില്ല. 2023 ഒക്ടോബർ 7 മുതൽ ഇറാനിൽ നിന്ന് ഇസ്രായേലിനെതിരായ നേരിട്ടുള്ള ആക്രമണങ്ങൾ തുടരുകയാണെന്നും ഇസ്രായേലിനെയും രാജ്യത്തെ ജനങ്ങളെയും സംരക്ഷിക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്നും ഐഡിഎഫ് വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *