Posted By sneha Posted On

നിങ്ങൾക്ക് കൊളസ്‌ട്രോള്‍ ഉണ്ടോ? എങ്കിൽ ശരിക്കും ഒഴിവാക്കേണ്ടത് ഈ നാല് ഭക്ഷണങ്ങൾ

ജീവിതശൈലിയും ഭക്ഷണക്രമീകരണവും ഇന്നത്തെ കാലത്ത് മിക്കവര്‍ക്കും നല്‍കുന്ന ആരോഗ്യപ്രശ്‌നമാണ് കൊളസ്‌ട്രോള്‍. കൊളസ്‌ട്രോള്‍ ഒരു ആരോഗ്യപ്രശ്‌നമാണെന്ന് പറയുന്നത് തെറ്റാണ്. പകരം, രക്തത്തില്‍ കൊളസ്‌ട്രോള്‍ പരിധി വിടുമ്പോള്‍, ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കൂടുമ്പോഴാണ് അത് ആരോഗ്യപ്രശ്‌നമായി മാറുന്നത്.

കൊളസ്‌ട്രോള്‍ നിയന്ത്രണ വിധേയമാക്കാന്‍ ആളുകള്‍ ഏറ്റവുമാദ്യം സ്വീകരിക്കുന്ന മാര്‍ഗ്ഗം ഭക്ഷണം നിയന്ത്രിക്കലാണ്. പ്രിയപ്പെട്ടത് പലതും വേണ്ടെന്ന് വെക്കേണ്ടതായി വരും. കൊളസ്‌ട്രോള്‍ വളരെയധികം കൂടുതലാണെങ്കില്‍ ചിലപ്പോള്‍ മരുന്ന് കഴിക്കേണ്ടതായും വരും. എങ്കിലും ഭക്ഷണനിയന്ത്രണം കൊളസ്‌ട്രോള്‍ നിയന്ത്രണത്തിന് വളരെയധികം ഫലപ്രദമാണ്. ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം മരുന്നിനൊപ്പമോ മരുന്നില്ലാതെയോ ഭക്ഷണ നിയന്ത്രണത്തിലൂടെ കൊളസ്‌ട്രോള്‍ നില സാധാരണ നിലയിലേക്ക് എത്തിക്കാനാകും. ഇത് സ്‌ട്രോക്ക്, ഹൃദയാഘാതം, മറ്റ് കാര്‍ഡിയോവാസ്‌കുലാര്‍ രോഗങ്ങള്‍ എന്നിവയില്‍ നിന്നുള്ള അപകടസാധ്യത കുറയ്ക്കും.

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

ചില ഭക്ഷണങ്ങള്‍ കൊണ്ട് കൊളസ്‌ട്രോള്‍ കൂടുമെങ്കില്‍ മറ്റുചില ഭക്ഷണങ്ങള്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. അങ്ങനെയുള്ള ചില ഭക്ഷണങ്ങള്‍ പരിചയപ്പെടാം.

ഓട്‌സ്
ബാര്‍ലി, മറ്റ് തവിടുള്ള ധാന്യങ്ങള്‍
വഴുതനങ്ങ, വെണ്ടയ്ക്ക
അണ്ടിപ്പരിപ്പ്
വെജിറ്റബിള്‍ ഓയില്‍
ആപ്പിള്‍, മുന്തിരി, സ്‌ട്രോബെറി
സ്റ്റിറോളുകളും സ്റ്റനോളുകളും അടങ്ങിയ ഭക്ഷണം

സോയ കൊഴുപ്പടങ്ങിയ മീന്‍ ഫൈബര്‍ സപ്ലിമെന്റുകള്‍

കൊളസ്‌ട്രോള്‍ കൂടുതലായി അടങ്ങിയ എല്ലാ ഭക്ഷണങ്ങളും ശരീരത്തിന് ദോഷം ചെയ്യില്ല. ഉദാഹരണത്തിന് മുട്ടയില്‍ താരതമ്യേന ഉയര്‍ന്ന അളവില്‍ കൊളസ്‌ട്രോള്‍ ഉണ്ട്. എന്നാല്‍ മുട്ട കഴിച്ചത് കൊണ്ട് മറ്റ് പൂരിത കൊഴുപ്പ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് പോലെ കൊളസ്‌ട്രോള്‍ കൂടില്ല. മാത്രമല്ല മുട്ടയില്‍ ധാരാളം പ്രോട്ടീനും പോഷകങ്ങളും അടങ്ങിയിരിക്കുന്നു.

നിര്‍ബന്ധമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

ഉയര്‍ന്ന അളവില്‍ പൂരിത കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളാണ് രക്തത്തില്‍ കൊളസ്‌ട്രോളിന്റെ അളവ് വര്‍ധിപ്പിക്കുന്നതും വണ്ണം കൂടാന്‍ കാരണമാകുന്നതും. കൊളസ്‌ട്രോള്‍ പരിധി വിട്ടാല്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്. റെഡ് മീറ്റ്, ബെയ്ക്ക് ചെയ്ത ഭക്ഷണങ്ങള്‍ എന്നിവയെല്ലാം ചീത്ത കൊളസ്‌ട്രോള്‍ എന്നറിയപ്പെടുന്ന ലോ ഡെന്‍സിറ്റി ലിപ്പോപ്രോട്ടീനിന്റെ അളവ് വര്‍ധിപ്പിക്കും. രക്തക്കുളലുകളുടെ ഭിത്തിയില്‍ ഒട്ടിപ്പിടിച്ചിരിക്കുന്ന ഒരു തരം കൊഴുപ്പാണിത്.

കൊളസ്‌ട്രോള്‍ ഉള്ളപ്പോള്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ട നാല് തരം ഭക്ഷണങ്ങള്‍ ഏതെല്ലാമാണെന്ന് അറിയാം.

റെഡ് മീറ്റ്
പോത്തിറച്ചി, പന്നിയിറച്ചി, ആട്ടിറച്ചി തുടങ്ങി റെഡ് മീറ്റ് വിഭാഗത്തിലുള്ള ഇറച്ചികളില്‍ ഉയര്‍ന്ന അളവില്‍ പൂരിത കൊഴുപ്പ് അടങ്ങിയിരിക്കുന്നു. സ്ഥിരമായി ഇവ കഴിക്കുന്ന ആളുകള്‍ കൊളസ്‌ട്രോള്‍ ഉണ്ടെങ്കില്‍ ഉപയോഗം വല്ലപ്പോഴുമായി പരമിതപ്പെടുത്തുക. കഴിയുമെങ്കില്‍ കൊളസ്‌ട്രോള്‍ നിയന്ത്രണവിധേയമാകുന്നത് വരെ പൂരിത കൊഴുപ്പും കൊളസ്‌ട്രോളും കുറഞ്ഞ തൊലി കളഞ്ഞ ചിക്കന്‍, ടര്‍ക്കി ബ്രെസ്റ്റ്, മീന്‍ എന്നിവ കഴിക്കാന്‍ ശ്രമിക്കുക.

വറുത്ത ഭക്ഷണങ്ങള്‍
എണ്ണയില്‍ പൊരിച്ചെടുക്കുന്നതും വറുത്തെടുക്കുന്നതുമായ ഭക്ഷണങ്ങള്‍ കൊളസ്‌ട്രോള്‍ കൂടുതല്‍ ഉള്ളവര്‍ക്ക് നല്ലതല്ല. അത് ചിക്കനായാലും പച്ചക്കറികള്‍ ആയാലും ഒരുപോലെ ദോഷം ചെയ്യും. വറുക്കുകയും പൊരിക്കുകയും ചെയ്യുന്നതിലൂടെ ഭക്ഷണങ്ങളിലെ കലോറിയും എനര്‍ജി ഡെന്‍സിറ്റിയും വര്‍ധിക്കും. കറുമുറെ കഴിക്കാവുന്ന വറുത്ത ഭക്ഷണങ്ങളോട് അത്ര പ്രിയമാണെങ്കില്‍ എയര്‍ഫ്രൈയര്‍ ഉപയോഗിക്കുക. ആവശ്യമെങ്കില്‍ അല്‍പ്പം ഓലിവ് ഓയില്‍ പുരട്ടാം. എയര്‍ഫ്രൈയറിലോ അവനിലോ ഇവ ബെയ്ക്ക് ചെയ്തും കഴിക്കാം.

പ്രൊസസ്ഡ് ഫുഡ്
സോസേജ്, ഹോട്ട്‌ഡോഗ് തുടങ്ങി റെഡ് മീറ്റിന്റെ സംസ്‌കരിച്ച തരത്തിലുള്ള ഭക്ഷണങ്ങളും ഇപ്പോള്‍ ധാരാളമായി ആളുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇവയില്‍ ഉയര്‍ന്ന അളവില്‍ കൊളസ്‌ട്രോളും പൂരിത കൊഴുപ്പും അടങ്ങിയിരിക്കുന്നു. ചിക്കന്‍ കൊണ്ടുണ്ടാക്കുന്ന ഇത്തരം ഉല്‍പ്പന്നങ്ങള്‍ റെഡ് മീറ്റ് കൊണ്ട് ഉണ്ടാക്കുന്നവയേക്കാള്‍ കൊഴുപ്പ് കുറഞ്ഞവയാണ്. എങ്കിലും ഇവ കൊളസ്‌ട്രോള്‍ രഹിതമാണെന്ന് പറയാന്‍ കഴിയില്ല.

ബെയ്ക്ക് ചെയ്ത ഭക്ഷണങ്ങള്‍
കുക്കീസ്, കേക്ക്, പേസ്ട്രി പോലുള്ള ബെയ്ക്ക് ചെയ്ത ഭക്ഷണങ്ങളില്‍ ധാരാളം വെണ്ണയും കൊഴുപ്പും ചേര്‍ക്കുന്നുണ്ട്. അങ്ങനെ അവ ഉയര്‍ന്ന അളവില്‍ കൊളസ്‌ട്രോള്‍ അടങ്ങിയിരിക്കുന്നവയാകും. ബെയ്ക്ക് ചെയ്യുമ്പോള്‍ വെണ്ണയ്ക്ക് പകരം പഴമോ, മറ്റോ ഉപയോഗിച്ചാല്‍ ഈ പ്രശ്‌നം പരിഹരിക്കാം.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *