അഞ്ചാംപനിക്കെതിരെ വാക്സിൻ ബൂസ്റ്റർ ഡോസുമായി യുഎഇ; ആരൊക്കെ സ്വീകരിക്കണം എന്ന് അറിയാം
കുട്ടികളിൽ അഞ്ചാംപനി പ്രതിരോധിക്കുന്നതിനായി യു.എ.ഇ ആരോഗ്യ, പ്രതിരോധ മന്ത്രാലയം ദേശീയതല വാക്സിൻ ബൂസ്റ്റർ ഡോസ് കാമ്പയിൻ പ്രഖ്യാപിച്ചു. ആഗോളതലത്തിൽ അഞ്ചാംപനി വീണ്ടും തലപൊക്കിയ സാഹചര്യത്തിലാണ് ഏഴു വയസ്സുവരെയുള്ള കുട്ടികളെ കേന്ദ്രീകരിച്ച് വാക്സിൻ ബൂസ്റ്റർ ഡോസ് കാമ്പയിൻ സംഘടിപ്പിക്കുന്നത്.
എമിറേറ്റ്സ് ഹെൽത്ത് സർവിസസ്, അബൂദബി പബ്ലിക് ഹെൽത്ത് സെൻറർ, ദുബൈ ഹെൽത്ത് അതോറിറ്റി എന്നിവയുടെ പങ്കാളിത്തത്തോടെ ‘സ്വയം രക്ഷ, സമൂഹത്തിൻറെ രക്ഷ’ എന്ന തലക്കെട്ടിൽ നടത്തുന്ന കാമ്പയിനിൽ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും സ്കൂൾ ക്ലിനിക്കുകളിലും വാക്സിൻ സൗജന്യമായി ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
ദേശീയ വാക്സിനേഷൻ പ്രോഗ്രാമിൽ നിലവിൽ രണ്ട് ഡോസ് വാക്സിനാണ് ഉൾപ്പെടുന്നത്. ആദ്യ ഡോസ് 12ാം മാസത്തിലും രണ്ടാമത്തേത് 18ാം മാസത്തിലുമാണ് നൽകേണ്ടത്. എന്നാൽ, കുട്ടികളിൽ പ്രതിരോധ ശേഷി വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്.
ദേശീയ അഞ്ചാംപനി ഉന്മൂലന പരിപാടിയുടെ ഭാഗമായി വാക്സിനേഷൻ കവറേജ് വർധിപ്പിക്കാനും വൈറസിനെതിരായ പ്രതിരോധശേഷി സുരക്ഷിതമാക്കാനും 2030ഓടെ രോഗം നിർമാർജനം ചെയ്യാനുള്ള ആഗോള ലക്ഷ്യത്തിനുമാണ് പുതിയ സംരംഭം ലക്ഷ്യമിടുന്നത്. കുട്ടികളിൽ അഞ്ചാംപനി, മുണ്ടിനീര്, റുബെല്ല എന്നീ രോഗങ്ങൾക്കെതിരെ രാജ്യം നേരത്തേതന്നെ പ്രതിരോധ കുത്തിവെപ്പ് കാമ്പയിനുകൾ പ്രഖ്യാപിച്ചിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)