യുഎഇയിൽ ‘ട്രാക്‌ലെസ്’ ട്രാം പദ്ധതി വരുന്നു ; അറിയാം വിശദമായി
എട്ട് സ്ഥലങ്ങളിൽ ‘ട്രാക്‌ലെസ്’ ട്രാം പദ്ധതി നടപ്പാക്കുന്നത് പഠിക്കാൻ ദുബൈ കിരീടാവകാശിയും യു എ ഇ ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിക്ക് (ആർ ടി എ) നിർദേശം നൽകി. ഇത് വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന സമർപ്പിത പാതകളിൽ കാമറ ഗൈഡഡ് പെയിന്റ്ലൈനുകൾ ഉപയോഗിച്ച് വെർച്വൽ ട്രാക്കുകളിൽ പ്രവർത്തിക്കും. കുറഞ്ഞ ചെലവിലും പരമ്പരാഗത ട്രാമുകളെ അപേക്ഷിച്ച് വേഗത്തിലും നിർമിക്കാനാകും. ഓരോ ട്രാമിനും 300 യാത്രക്കാരെ വഹിക്കാനുള്ള ശേഷിയുണ്ടാകും. പരമാവധി വേഗം മണിക്കൂറിൽ 70 കിലോമീറ്ററും പ്രവർത്തന വേഗം 25 മുതൽ 60 കിലോമീറ്റർ വരെയുമാകണം. ഒറ്റത്തവണ ചാർജ് ചെയ്താൽ 100 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ട്രാമിന് സാധിക്കും. ദുബൈ ട്രാമിന്റെ പത്താം വാർഷികത്തിലാണ് പ്രഖ്യാപനം. 2024-2027 ലേക്ക് ഗതാഗത നവീകരണത്തിന് ആർ ടി എക്ക് 16 ബില്ല്യൺ ദിർഹം ലഭിക്കും. മെയിൻ റോഡ്‌സ് ഡെവലപ്‌മെന്റ്പ്ലാൻ 7 പ്രകാരമാണിത്. പൊതു ഗതാഗതത്തിലും പങ്കാളിത്ത ഗതാഗതത്തിലും പുരോഗതിക്ക് പുറമേ 22 പ്രധാനപദ്ധതികളും ഉൾപ്പെടുന്നു. യാത്രക്കാർക്ക് സേവന നിലവാരവും കാര്യക്ഷമതയും വർധിപ്പിക്കുന്നതിനാണ് ഈ സംരംഭങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പുതിയ റോഡ് പാതകൾ, ട്രാമുകൾ, സ്വയം ഓടുന്ന ബസുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ദുബൈ ഗതാഗത പദ്ധതിയിൽ നിർമിത ബുദ്ധി ഉപയോഗം വ്യാപിപ്പിക്കും. ഇതിൽ സെൽഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യ ഉൾക്കൊള്ളുന്ന ഒരു സ്വയം നിയന്ത്രിത ബസ് ഉൾപ്പെടുന്നു. ബസിൽ 10-20 പേർക്ക് യാത്ര ചെയ്യാനാകും. മണിക്കൂറിൽ 40 കി. മീ വേഗത്തിൽ ഓടും. ആദ്യ, അവസാന മൈൽ ഗതാഗതത്തിനായി രൂപകൽപ്പന ചെയ്തിരിക്കുന്നു. പ്രധാന ട്രാൻസിറ്റ് ഹബുകളെ അന്തിമ ലക്ഷ്യസ്ഥാനങ്ങളുമായി ബന്ധിപ്പിക്കും. 2025-ലും 2026-ലും സമർപ്പിത ബസ്, ടാക്സി പാതകളുടെ വിപുലീകരണമാണ് മറ്റൊന്ന്. ഈ വിപുലീകരണം 13 കിലോമീറ്റർ വരുന്ന ആറ് റൂട്ടുകൾ കൂട്ടിച്ചേർക്കും. ഇത് സമർപ്പിത പാതകളുടെ ആകെ നീളം 20 കിലോമീറ്ററായി ഉയർത്തും. ഈ പാതകൾ പത്ത് ശതമാനം യാത്രക്കാരെ വർധിപ്പിക്കുകയും ബസ് വരവ് നിരക്ക് 42 ശതമാനം വർധിപ്പിക്കുകയും ബസ് യാത്രാ സമയം 41 ശതമാനം കുറക്കുകയും ചെയ്യും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)