വിമാനം ലാൻഡ് ചെയ്യാൻ 30 മിനിറ്റ് മാത്രം; ഫുഡ് ട്രേയിലെ കത്തിയുമായി യാത്രക്കാരന്റെ സാഹസം; നാടകീയ സംഭവങ്ങൾ
ആകാശത്ത് വെച്ച് വിമാനത്തിൻറെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരന് സഹയാത്രികരുടെ മർദ്ദനം. കോപ എയർലൈൻസ് വിമാനത്തിലാണ് സംഭവം ഉണ്ടായത്. ചൊവ്വാഴ്ച ബ്രസീലിൽ നിന്നും പനാമയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം ഉണ്ടായതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. നിശ്ചയിച്ച സമയത്ത് തന്നെ വിമാനം പുറപ്പെട്ടു. എന്നാൽ വിമാനം ലാൻഡ് ചെയ്യുന്നതിന് 30 മിനിറ്റ് മുമ്പ് ഒരു യാത്രക്കാരൻ തൻറെ ഫുഡ് ട്രേയിലുണ്ടായിരുന്ന ഒരു പ്ലാസ്റ്റിക് കത്തിയുമെടുത്ത് വിമാനത്തിൻറെ പിന്നിലേക്ക് ഓടി. ക്യാബിൻ ക്രൂവിനെ ബന്ദിയാക്കി വിമാനത്തിൻറെ വാതിൽ തുറക്കാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഇയാളെ നിയന്ത്രിക്കാനായി സഹയാത്രികർ ശ്രമിക്കുകയും ഇവർ ഇയാളെ മർദ്ദിക്കുകയുമായിരുന്നു. എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച ഒരു വീഡിയോയിൽ ഇയാളെ വിമാനത്തിലെ അധികൃതരെത്തി വിലങ്ങ് അണിയിക്കാൻ ശ്രമിക്കുന്നത് കാണാം. ഇയാളുടെ മുഖത്ത് മുറിവേറ്റിട്ടുണ്ട്. മുഖത്ത് രക്തം ഒഴുകുന്നത് കാണാം.മുന്നറിയിപ്പ് അവഗണിക്കാതെ എമർജൻസി വാതിൽ തുറക്കാൻ യാത്രക്കാരൻ ശ്രമിച്ചതോടെ ഇയാളെ കീഴ്പ്പെടുത്താൻ മറ്റ് യാത്രക്കാരും ശ്രമിച്ചു. കീഴ്പ്പെടുത്താനുള്ള ശ്രമത്തിനിടിയാണ് യുവാവിനെ മറ്റ് യാത്രക്കാർ മർദ്ദിച്ചതെന്ന് വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരൻ പറഞ്ഞു. പനാമയിൽ വിമാനം ലാൻഡ് ചെയ്തതിന് ശേഷം ദേശീയ സുരക്ഷാ സംഘം വിമാനത്തിനുള്ളിലേക്ക് കയറി പ്രശ്നമുണ്ടാക്കിയ യാത്രക്കാരനെ പിടികൂടിയതായി കോപ എയർലൈൻസ് പ്രസ്താവനയിൽ പറഞ്ഞു. വിമാനത്തിൻറെ വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ ഒന്നിച്ച് നിന്ന് നിയന്ത്രിച്ച ക്രൂ അംഗങ്ങളെയും യാത്രക്കാരെയും എയർലൈൻസ് പ്രശംസിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)