10 ലക്ഷം പേര്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ പരിശീലനം നല്‍കാന്‍ യുഎഇ; മൈക്രോസോഫ്റ്റുമായി കൈകോര്‍ക്കും
ദൈനംദിന ജോലികള്‍ക്ക് പ്രയോജനപ്പെടും വിധം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നതിന് യുഎഇയിലെ 10 ലക്ഷം ആളുകള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നതിനുള്ള പദ്ധതിയുമായി യുഎഇ. എഐ ഉപയോഗത്തിലൂടെ തൊഴില്‍ മേഖലകളിലെ കാര്യക്ഷമത വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മൈക്രോസോഫ്റ്റ് വൈസ് ചെയര്‍മാനും പ്രസിഡന്റുമായ ബ്രാഡ് സ്മിത്തുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.വിവിധ നൂതന സാങ്കേതിക വിദ്യകളില്‍, പ്രത്യേകിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗത്തില്‍ ഊന്നല്‍ നല്‍കുന്നതിനും സുസ്ഥിര വികസനം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്ന ഡിജിറ്റല്‍ പരിഹാരങ്ങളുടെ വികസനം ത്വരിതപ്പെടുത്തുന്നതിനും മൈക്രോസോഫ്റ്റുമായുള്ള സഹകരണം വിപുലീകരിക്കാനുള്ള അവസരങ്ങളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. ഭാവിയെ രൂപപ്പെടുത്തുന്ന നൂതന സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചെടുക്കുന്നതില്‍ മൈക്രോസോഫ്റ്റിന്റെ സംഭാവനകളെ അഭിനന്ദിച്ച ശെയ്ഖ് ഹംദാന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയുടെ സുപ്രധാന സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്ന് അഭിപ്രായപ്പെട്ടു. യുഎഇ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ ഇക്കോണമി, റിമോട്ട് വര്‍ക്ക് ആപ്ലിക്കേഷനുകള്‍ എന്നിവയുടെ സഹമന്ത്രി ഉമര്‍ സുല്‍ത്താന്‍ അല്‍ ഉലമയും ശെയ്ഖ് ഹംദാനോടൊപ്പം യോഗത്തില്‍ പങ്കെടുത്തു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)