ഗുരുതര ശ്വാസകോശ രോഗത്തിന് പുത്തൻ ചികിത്സാരീതി അവതരിപ്പിച്ച് യുഎഇ
ഗുരുതര ശ്വാസകോശ (ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമനറി ഡിസീസ്-സിഒപിഡി) രോഗികൾക്ക് പുത്തൻ പ്രതീക്ഷ നൽകുന്ന ചികിത്സ യുഎഇയിൽ ആരംഭിച്ചു. ഇൻഹേലർ ഉപയോഗിച്ചിട്ടും ഭേദമാകാത്ത ഗുരുതര ആസ്മ രോഗികൾക്കു നൽകുന്ന ഡുപിലുമാബ് (ഡുപിക്സെന്റ്) എന്ന മരുന്ന് സിഒപിഡി രോഗികൾക്ക് നൽകാൻ അനുമതി ലഭിച്ച് ചികിത്സ ആരംഭിച്ച ലോകത്തെ ആദ്യ രാജ്യമായി യുഎഇ.അമേരിക്ക ഉൾപ്പെടെ അപൂർവം ചില രാജ്യങ്ങൾക്ക് മരുന്ന് ഉപയോഗിക്കാൻ അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും ചികിത്സ ആരംഭിച്ചിരുന്നില്ല. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ലോകത്ത് മരണകാരണങ്ങളിൽ നാലാം സ്ഥാനത്താണ് സിഒപിഡി. 2021ൽ 35 ലക്ഷം പേരാണ് സിഒപിഡി ബാധിച്ച് മരിച്ചത്. പുതിയ തെറപ്പി രോഗികളുടെ ജീവിതനിലവാരം ഉയർത്താൻ സഹായിക്കുമെന്ന് ഡോക്ടർമാർ പറഞ്ഞു.സിഒപിഡി ജീവനുതന്നെ ഭീഷണിയാകുന്ന പശ്ചാത്തലത്തിൽ നവീന ചികിത്സയിലൂടെ ഒട്ടേറെ പേരെ ജീവിതത്തിലേക്കു കൊണ്ടുവരാനാകുമെന്ന് ദുബായ് റാഷിദ് ആശുപത്രിയിലെ ശ്വാസകോശരോഗ വിഭാഗം മേധാവി പ്രഫ. ബസ്സാം മഹ്ബൂബ് പറഞ്ഞു. എമിറേറ്റ്സ് തൊറാസിക് സൊസൈറ്റി കോൺഫറൻസിലാണ് ഇക്കാര്യം വിശദീകരിച്ചത്.ശ്വാസതടസ്സം, തുടർച്ചയായ ചുമ, വർധിച്ച കഫം ഉൽപാദനം, ക്ഷീണം എന്നിവയാണ് സിഒപിഡിയുടെ പ്രധാന ലക്ഷണങ്ങൾ. മതിയായ ചികിത്സയില്ലാതെ, ഈ ലക്ഷണങ്ങൾ വഷളാകുകയും രോഗിയുടെ ജീവിത നിലവാരത്തെ സാരമായി ബാധിക്കുകയും ചെയ്തിരുന്ന വേളയിലാണ് പുതിയ രീതി പരീക്ഷിച്ചു വിജയിച്ചത്. എന്നാൽ ചികിത്സയ്ക്ക് അൽപം ചെലവേറും. ഒരു കുത്തിവയ്പ്പിന് 8000 ദിർഹത്തിലേറെയാണ് ചെലവ്.
2 ആഴ്ചകൾ ഇടവിട്ട് കുത്തിവയ്പ് നടത്തിയാൽ രോഗത്തിന്റെ തീവ്രത കുറയുമെന്ന് അലർജി, ക്ലിനിക്കൽ ഇമ്മ്യൂണോളജി ഗ്രൂപ്പ് പ്രസിഡന്റ് ഡോ.ഹമദ് അൽഹമേലി പറഞ്ഞു. കാലക്രമേണ രോഗികൾക്ക് മരുന്നുകളെ ആശ്രയിക്കുന്നത് കുറയ്ക്കാനാകും. ചികിത്സയ്ക്കൊപ്പം സമയബന്ധിതമായി പോഷകാഹാരവും വ്യായാമവും ആവശ്യമാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)