Posted By sneha Posted On

2025ൽ എഐ കുതിപ്പ്; യുഎഇയിൽ തൊഴിലവസരവും ശമ്പളവും കൂടും

2025ൽ യുഎഇയിലെ മൊത്തത്തിലുള്ള ശമ്പളം എല്ലാ ബിസിനസ്, വ്യവസായ മേഖലകളിലും നാലു ശതമാനം വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പഠനം. അതോടൊപ്പം രാജ്യത്തെ നാലിലൊന്ന് (28.2 ശതമാനം) സ്ഥാപനങ്ങളും അടുത്ത വർഷം കൂടുതൽ ജീവനക്കാരെ നിയമിക്കാൻ പദ്ധതിയിടുന്നതായും സർവേ ഫലം വ്യക്തമാക്കുന്നു. ഇത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന കണക്കുകൂട്ടലിലാണ് അധികൃതർ. ഊർജം, സാമ്പത്തിക സേവനങ്ങൾ, എൻജിനീയറിങ്, നിർമാണം, റിയൽ എസ്റ്റേറ്റ്, ഉത്പാദനം, റീട്ടെയിൽ, മൊത്തവ്യാപാരം, സേവനങ്ങൾ, ലൈഫ് സയൻസസ്, ടെക്നോളജി എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ ഉടനീളം യുഎഇയിലെ 700ലധികം കമ്പനികളെ ഉൾപ്പെടുത്തി മെർസർ തയ്യാറാക്കിയ വാർഷിക പ്രതിഫല സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.ഉപഭോക്തൃ ഉൽപന്ന വ്യവസായത്തിലെ കമ്പനികൾ ഏറ്റവും ഉയർന്ന ശമ്പള വർധനവാണ് അടുത്ത വർഷത്തേക്ക് പ്രവചിക്കുന്നത്. 4.5 ശതമാനം. ലൈഫ് സയൻസസ് ആൻഡ് ടെക്നോളജി വ്യവസായങ്ങൾ യഥാക്രമം 4.2 ശതമാനവും 4.1 ശതമാനവും വർധനവ് പ്രതീക്ഷിക്കുന്നു. അതേസമയം ഊർജ്ജ, സാമ്പത്തിക സേവന മേഖലകളിൽ 4 ശതമാനം ശമ്പള വർധനവാണ് കണക്കാക്കുന്നത്. തസ്തികകൾ പരിഗണിക്കാതെ തന്നെ എല്ലാ ജീവനക്കാർക്കും ഒരേ ശമ്പള വർദ്ധനവ് നൽകാനാണ് ഏതാണ്ടെല്ലാ ബിസിനസ്, വ്യവസായ മേഖലകളിലെ തൊഴിലുടമകളും പറഞ്ഞിരിക്കുന്നത്.യുഎഇയിലെ ഒരു വലിയ വിഭാഗം തൊഴിലുടമകൾ 2025ൽ അടിസ്ഥാന ശമ്പളം വർധിപ്പിക്കാൻ പദ്ധതിയിടുന്നുവെന്ന് കാണുന്നത് വളരെ പ്രോത്സാഹജനകമാണെന്ന് മെർസറിന്റെ യുഎഇ കരിയർ പ്രൊഡക്ട്‌സ് ലീഡർ ആൻഡ്രൂ എൽ സെയിൻ പറഞ്ഞു. ശമ്പളം വർധിപ്പിക്കുന്നതിനൊപ്പം, എച്ച്ആർ പ്രൊഫഷണലുകൾ തങ്ങളുടെ ഭവന അലവൻസുകളും അവലോകനം ചെയ്യണം. രാജ്യത്ത് ഭവന ചെലവ് വർധിക്കുന്ന പശ്ചാത്തലത്തിൽ ഇത് അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓട്ടോമേഷൻ, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ എന്നീ മേഖലകളിൽ വൈദഗ്ധ്യമുള്ള പ്രതിഭകളെയാണ് അടുത്ത വർഷം കൂടുതൽ ആവശ്യമായി വരികയെന്നാണ് സർവേയിൽ കണ്ടെത്തിയിരിക്കുന്നത്. നിലവിൽ മിഡിൽ ഈസ്റ്റിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ എഐ മേഖലയിൽ ഏറ്റവും കൂടുതൽ പ്രൊഫഷനലുകളെ നിയമിക്കുന്നത് യുഎഇയാണ്. യുഎഇയിലെ 74 ശതമാനം ആളുകളും ആഴ്ചയിൽ ഒരിക്കൽ എഐ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതായാണ് കണക്കുകൾ. മെർസറിന്റെ ഗ്ലോബൽ ടാലന്റ് ട്രെൻഡുകൾ പ്രകാരം മികച്ച തൊഴിലവസരങ്ങളാണ് ഈ മേഖലയിലെ പ്രതിഭകളെ കാത്തിരിക്കുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *