ഫിറ്റ്നസ് ചലഞ്ചിന് സമാപനം; റെക്കോഡ് പങ്കാളിത്തത്തോടെ ദുബൈ റൺ
ഒരുമാസം നീണ്ട ദുബൈ ഫിറ്റ്നസ് ചലഞ്ചിന് സമാപനം കുറിച്ച് ദുബൈ ശൈഖ് സായിദ് റോഡിൽ നടത്തിയ ദുബൈ റണ്ണിന് റെക്കോഡ് പങ്കാളിത്തം. രണ്ടേമുക്കാൽ ലക്ഷത്തിധികം പേരുടെ പങ്കാളിത്തവുമായാണ് ദുബൈ റൺ വീണ്ടും ചരിത്രം കുറിച്ചത്. മണിക്കൂറിൽ പതിനായിരക്കണക്കിന് വാഹനങ്ങൾ കടുന്നുപോകുന്ന ശൈഖ് സായിദ് റോഡ് ഞായറാഴ്ച അക്ഷരാർഥത്തിൽ ജനസാഗരമായി മാറി.പത്തു കിലോമീറ്റർ, അഞ്ചു കിലോമീറ്റർ എന്നിങ്ങനെ രണ്ട് റൂട്ടുകളാണ് ഒരുക്കിയത്. അഞ്ചു കിലോമീറ്റർ റൂട്ട് ശൈഖ് സായിദ് റോഡിൽ മ്യൂസിയം ഓഫ് ഫ്യൂച്ചറിന് സമീപത്തുനിന്ന് ആരംഭിച്ച് ദുബൈ മാളിനടുത്ത് അവസാനിച്ചു. മ്യൂസിയം ഓഫ് ഫ്യൂച്ചറിന് അടുത്തുനിന്ന് ആരംഭിക്കുന്ന പത്തു കിലോമീറ്റർ റൂട്ട് ദുബൈ കനാൽ ബ്രിഡ്ജ് കടന്ന് ഡി.ഐ.എഫ്.സി ഗേറ്റിനടുത്തും സമാപിക്കുന്ന തരത്തിലായിരുന്നു ക്രമീകരണം.വ്യായാമത്തിൻറെ സന്ദേശം നൽകാൻ ഒരുമാസം നീണ്ടുനിന്ന ദുബൈ ഫിറ്റ്നസ് ചലഞ്ചിനും ഇതോടെ കൊടിയിറങ്ങി. വൻ സുരക്ഷ സന്നാഹങ്ങളാണ് ദുബൈ റണ്ണിനായി പൊലീസ് ഒരുക്കിയത്. ഞായറാഴ്ച പുലർച്ച നാലിന് ആരംഭിച്ച ദുബൈ റണ്ണിൻറെ അമരത്തുണ്ടായിരുന്നത് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമായിരുന്നു. പ്രമുഖ വ്യക്തികൾ ഭാഗമായി. കഴിഞ്ഞവർഷം രണ്ടരലക്ഷം പേരുമായി നടന്ന ദുബൈ റൺ ശ്രദ്ധനേടിയിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)