ലാൻഡ് ചെയ്ത് പിന്നാലെ റൺവേയിൽ നിന്ന് കത്തി വിമാനം, വൻ ദുരന്തം ഒഴിവായി
റഷ്യയിൽ നിന്നുള്ള യാത്രാവിമാനത്തിൽ തീപിടിത്തം. ഞായറാഴ്ച തുർക്കിയിലെ അൻറാലിയ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് വിമാനത്തിൽ തീപടർന്നത്.89 യാത്രക്കാരുടെ ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെ ഉടൻ തന്നെ പുറത്തിറക്കി. റഷ്യയിലെ അസിമുത്ത് എയർലൈൻസിൻറെ സുഖോയി സൂപ്പർജെറ്റ് 100 വിമാനത്തിലാണ് തീപടർന്നത്. റഷ്യയിലെ സോചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അൻറാലിയ എയർപോർട്ടിലേക്ക് പറന്നതാണ് വിമാനം. എല്ലാ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി വിമാനത്തിൽ നിന്ന് പുറത്തെത്തിച്ചതായി തുർക്കി ഗതാഗത മന്ത്രാലയം സ്ഥിരീകരിച്ചു. റൺവേയിൽ വെച്ച് തീപിടിച്ച വിമാനത്തിൽ നിന്ന് യാത്രക്കാർ പേടിച്ച് ഓടിയിറങ്ങുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വിമാനത്തിൻറെ എഞ്ചിനിൽ നിന്ന് വൻതോതിൽ തീയും പുകയും ഉയരുന്നതും കാണാം. ചില യാത്രക്കാർ എമർജൻസി സ്ലൈഡുകൾ വഴിയാണ് പുറത്തിറങ്ങിയത്. വിമാനത്തിൻറെ ഇടത് എഞ്ചിനിൽ നിന്നാണ് തീ ഉയർന്നതെന്നാണ് നിഗമനം. ഉടൻ തന്നെ അഗ്നിശമന സേനയെത്തിയ തീയണയ്ക്കാനുള്ള നടപടികൾ തുടങ്ങിയിരുന്നു.ശക്തമായ കാറ്റിനെ തുടർന്ന് വിമാനം ലാൻഡ് ചെയ്യുന്നതിൽ പ്രശ്നങ്ങൾ നേരിട്ടതായി എയർലൈൻസ് അറിയിച്ചു. നാടകീയ സംഭവങ്ങളാണ് ഉണ്ടായത്. അപകടത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. വിമാനം റൺവേയിൽ നിന്ന് മാറ്റുന്നതിനായി പ്രാദേശിക സമയം പുലർച്ചെ മൂന്ന് മണി വരെ അൻറാലിയ എയർപോർട്ട് പ്രവർത്തനം നിർത്തിവെച്ചിരുന്നു. സംഭവത്തിൽ റഷ്യയിലെ വ്യോമയാന അതോറിറ്റി അന്വേഷണം ആരംഭിച്ചു. അതേസമയം സംഭവത്തിന് തൊട്ടുമുമ്പ് തുർക്കിയിലെ കാലാവസ്ഥ വിഭാഗം മോശമായ കാലാവസ്ഥയും ശക്തമായ കാറ്റുംഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)