യുഎഇയിലെ നാല് എമിറേറ്റുകളിൽ ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ്; ഈ അവസരം ഉപയോഗിക്കാതെ പോകരുത്
ഈദ് അൽ ഇത്തിഹാദ് എന്ന പേരിൽ അറിയപ്പെടുന്ന യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ നാല് എമിറേറ്റുകളിൽ ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഫുജൈറ, റാസൽ ഖൈമ, ഉമ്മുൽ ഖുവൈൻ, അജ്മാൻ എന്നീ എമിറേറ്രുകളാണ് ട്രാഫിക് നിയമ ലംഘനങ്ങൾക്കുള്ള പിഴകളിൽ ഇളവ് പ്രഖ്യാപിച്ചത്.ഡിസംബർ 2 മുതൽ 53 ദിവസത്തേക്ക് ഇളവ് ബാധകമാകുമെന്ന് ഫുജൈറ പോലീസ് അറിയിച്ചു. ഡിസംബർ ഒന്നിന് മുമ്പ് നടത്തുന്ന ഗതാഗത നിയമലംഘനങ്ങൾക്കാണ് ഇളവ് ലഭിക്കുക. വിവിധ നിയമലംഘനങ്ങളുടെ പേരിൽ പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുനൽകുകയും ട്രാഫിക് ബ്ലാക്ക് പോയിന്റുകൾ ഒഴിവാക്കി നൽകുകയും ചെയ്യും. അതേസമയം, ഗുരുതരമായ നിയമ ലംഘനങ്ങൾക്ക് ഇളവ് ആനുകൂല്യം ലഭിക്കില്ല.റാസൽ ഖൈമ പോലിസാണ് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ട്രാഫിക് പിഴയിളവ് പ്രഖ്യാപിച്ച ആദ്യ എമിറേറ്റ്. ഡിസംബർ 1 മുതൽ ഡിസംബർ 31 വരെയാണ് 50 ശതമാനം ട്രാഫിക് പിഴ ഇളവ് പോലിസ് പ്രഖ്യാപിച്ചത്. ഇവിടെയും ഡിസംബർ 1-ന് മുമ്പ് സംഭവിച്ച നിയമലംഘനങ്ങളുടെ പിഴയിലാണ് ഇളവ് നൽകുകയെന്ന് അതോറിറ്റി പറഞ്ഞു. ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങൾ ഒഴികെയുള്ളവയ്ക്കാണ് ഇളവ് ബാധകമാവുക.അജ്മാൻ പോലീസ് 2024 നവംബർ 4 മുതൽ ഡിസംബർ 15 വരെയുള്ള ട്രാഫിക് പിഴകൾക്കാണ് 50 ശതമാനം കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടെ ഒക്ടോബർ 31-ന് മുമ്പ് എമിറേറ്റിൽ വച്ച നടന്ന എല്ലാ പിഴകൾക്കുമാണ് ഇളവ് ലഭിക്കുക.ഉമ്മുൽ ഖുവൈൻ എമിറേറ്റിൽ ഡിസംബർ 1 മുതൽ 2025 ജനുവരി 5 വരെയാണ് ട്രാഫിക് പിഴയിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. 2024 ഡിസംബർ 1-ന് മുമ്പ് ഉമ്മുൽ ഖുവൈൻ എമിറേറ്റിൽ നടന്ന എല്ലാ ട്രാഫിക് നിയമലംഘനങ്ങൾക്കും ഈ തീരുമാനം ബാധകമാണ്. വാഹനങ്ങൾ പിടിച്ചെടുക്കൽ, ട്രാഫിക് ബ്ലാക്ക് പോയിന്റുകൾ എന്നിവ റദ്ദാക്കുന്നതും ഈ സംരംഭത്തിൽ ഉൾപ്പെടുന്നു. ഇവിടെയും ഗുരുതരമായ ലംഘനങ്ങളെ പിഴയിളവിൽ ഉൾപ്പെടുത്തിയിട്ടില്ല.എല്ലാ വാഹന ഉടമകളോടും തീരുമാനം പ്രയോജനപ്പെടുത്താനും അവരുടെ സഞ്ചിത പിഴ അടയ്ക്കാനും ട്രാഫിക് നിയമങ്ങൾ പാലിക്കാനും അതോറിറ്റി ആവശ്യപ്പെട്ടു. ഉപഭോക്തൃ സംതൃപ്തി മെച്ചപ്പെടുത്തുന്നതിനും റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ തന്ത്രത്തെ പിന്തുണയ്ക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭമെന്നും വിവിധ എമിറേറ്റുകൾ പ്രസ്താവനയിൽ അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)