യുഎഇ പൊതുമാപ്പ് നേടി നാട്ടിലേക്ക് പോയ 50 പേര്‍ക്ക് വിമാന ടിക്കറ്റ് നല്‍കി യുവ സംരംഭകന്‍
യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്കുപോയ നിര്‍ധനരായ ആളുകള്‍ക്ക് സൗജന്യ വിമാനടിക്കറ്റ് നല്‍കി യുവസംരംഭകന്‍. അമ്പത് പേര്‍ക്കാണ് ഈ യുവാവ് വിമാനടിക്കറ്റ് നല്‍കിയത്. അജ്മാനില്‍ ഡ്രൈവിങ് സ്കൂള്‍ ഉള്‍പ്പെടെ ബിസിനസ് സംരംഭങ്ങളുടെ ഉടമയായ മലപ്പുറം തിരൂര്‍ വൈലത്തൂര്‍ സ്വദേശി ജംഷീര്‍ ബാബുവാണ് ഈ സേവനം ചെയ്തത്. യുഎഇയില്‍ പ്രതിസന്ധികളില്‍പ്പെട്ട് വര്‍ഷങ്ങളായി നാട്ടിലേക്ക് പോകാന്‍ കഴിയാത്ത നിരവധി പേര്‍ക്കാണ് പൊതുമാപ്പ് ഉപകാരപ്രദമായത്. ഡിസംബര്‍ 31 വരെ പ്രവാസികള്‍ക്ക് പൊതുമാപ്പിന് അപേക്ഷിച്ച് നിയമതടസ്സങ്ങള്‍ നീക്കി രാജ്യം വിടാവുന്നതാണ്. പൊതുമാപ്പ് ഉപയോഗപ്പെടുത്തി ജന്മനാട്ടിലേക്ക് പോകാനൊരുങ്ങിയ നിരവധി പേരാണ് വിമാനടിക്കറ്റിനായി ജംഷീറിനെ സമീപിച്ചത്. ആദ്യം 20 പേര്‍ക്ക് ടിക്കറ്റ് നല്‍കാനായിരുന്നു ജംഷീര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, നിരവധി പേര്‍ വിളിച്ചപ്പോള്‍ തീര്‍ത്തും നിരാലംബരായ ആളുകള്‍ക്ക് ടിക്കറ്റ് എടുത്തുനല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ത്യക്കാര്‍ക്ക് മാത്രമല്ല, മറ്റ് രാജ്യങ്ങളിലുള്ളവര്‍ക്കും ജംഷീര്‍ വിമാനടിക്കറ്റ് എടുത്തുകൊടുത്തു. ‘നമ്മളെപ്പോലെ ഭാഗ്യാന്വേഷികളായി പ്രവാസ ലോകത്തെത്തി പ്രതിസന്ധിയിലായവരെ ചെറിയ രീതിയിലെങ്കിലും സഹായിക്കാന്‍ കഴിഞ്ഞത് വലിയ അനുഗ്രഹമാണ്. ഭൂമിയിലുള്ളവരോട് കരുണ കാണിച്ചാല്‍ ആകാശത്തുള്ളവന്‍ പകരം തരുമെന്ന അടിയുറച്ച വിശ്വാസമാണ് തന്റെ ഈ പ്രവൃത്തിയുടെ പ്രേരണ’, ജംഷീര്‍ ബാബു പറയുന്നു. കഴിഞ്ഞ 20 വർഷമായി യുഎഇയില്‍ താമസമാക്കിയിരിക്കുകയാണ് ജംഷീര്‍.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)