യുഎഇയിൽ പൊതുമാപ്പ് നീട്ടില്ല, നിയമലംഘകർക്ക് കനത്ത ശിക്ഷ; മുന്നറിയിപ്പുമായി അധികൃതർ
യുഎഇയിൽ പൊതുമാപ്പ് നീട്ടില്ലെന്നും ഈ മാസം 31ന് അവസാനിക്കുമെന്നും അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പൊതുമാപ്പ് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ അതിന് മുൻപായി നടപടികൾ സ്വീകരിക്കണമെന്നും ഇല്ലെങ്കിൽ വൻ പിഴയടക്കമുള്ള ശിക്ഷകൾ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകി. അനധികൃതമായി യുഎഇയിൽ താമസിക്കുന്നവർക്ക് അവരുടെ പദവി നിയമപരമാക്കാനും പിഴ കൂടാതെ സ്വന്തം രാജ്യത്തേയ്ക്ക് തിരിച്ചുപോകാനുമായി സെപ്റ്റംബർ 1ന് രണ്ട് മാസത്തേയ്ക്ക് ആരംഭിച്ച പൊതുമാപ്പ് പിന്നീട് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട്സ് സെക്യൂരിറ്റി രണ്ട് മാസത്തേയ്ക്ക് കൂടി നീട്ടുകയായിരുന്നു. ആയിരക്കണക്കിന് പേർ ഇതിനകം ഉപയോഗപ്പെടുത്തിയ പൊതുമാപ്പ് ഈ രാജ്യം നൽകിയ ഏറ്റവും വലിയ നന്മയാണെന്ന് താമസ- കുടിയേറ്റ വിഭാഗം (ജിഡിആർഎഫ്എ) തലവൻ ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി പറഞ്ഞു. ഇന്ത്യക്കാരുൾപ്പെടെ ആയിരക്കണക്കിന് താമസക്കാർ വിവിധ കമ്പനികളിൽ ജോലിയിൽ പ്രവേശിച്ച് അവരുടെ വീസ പദവി ക്രമപ്പെടുത്തുന്നതിന് ഈ അവസരം പ്രയോജനപ്പെടുത്തി. ഒട്ടേറെ പേർക്ക് ദശലക്ഷക്കണക്കിന് ദിർഹം പിഴകൾ ഒഴിവാക്കി അവരെ നാട്ടിലേയ്ക്ക് പറഞ്ഞയച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)