നാല് വയസ്സ് പൂർത്തിയായാൽ മാത്രം സ്കൂൾ പ്രവേശനം; യുഎഇയിൽ പ്രവേശന കാലാവധിയിൽ 3 മാസത്തെ ഇളവ് വേണമെന്ന് ആവശ്യം
യുഎഇയിൽ സ്കൂൾ പ്രവേശന പ്രായ പരിധിയിൽ 3 മാസത്തെ ഇളവ് വേണമെന്ന് ആവശ്യം ശക്തമാകുന്നു. ഫെഡറൽ നാഷനൽ കൗൺസിലിൽ (എഫ്എൻസി) റാസൽഖൈമയിൽ നിന്നുള്ള അംഗം സഈദ് അൽ അബ്ദിയാണ് ഈ ആവശ്യം ഉന്നയിച്ചത്. നിബന്ധന കാരണം വിദ്യാർഥികൾക്ക് ഒരു വർഷം നഷ്ടപ്പെടുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രാദേശിക, വിദേശ സിലബസ് അനുസരിച്ച് ഓഗസ്റ്റ് 31നകം 4 വയസ്സ് പൂർത്തിയായ കുട്ടികളെ മാത്രമേ സ്കൂളിൽ ചേർക്കൂ എന്ന നിബന്ധനയിലാണ് ഇളവ് തേടുന്നത്. ഇന്ത്യൻ സ്കൂളുകളിൽ മാർച്ച് 31നകം 4 വയസ് പൂർത്തിയായിരിക്കണം. ഈ തീയതി കഴിഞ്ഞ് 3 മാസത്തിനകം ജനിക്കുന്ന കുട്ടികൾക്കും പ്രവേശനാനുമതി നൽകണമെന്നാണ് വിദ്യാഭ്യാസ മന്ത്രി സാറ അൽ അമീരിയോട് അഭ്യർഥിച്ചത്. സ്റ്റാറ്റിസ്റ്റിക്സ് സെന്ററിന്റെ കണക്കുപ്രകാരം യുഎഇയിലെ ഭൂരിഭാഗം ജനനങ്ങളും ഒക്ടോബർ, നവംബർ മാസങ്ങളിലാണ്.3 മാസത്തെ ഇളവ് ലഭിച്ചാൽ ഈ കുട്ടികൾക്ക് പ്രവേശനാനുമതി ലഭിക്കുമെന്നും ഒരുവർഷം നഷ്ടമാകില്ലെന്നും സ്കൂൾ പ്രവേശന പ്രായം എല്ലാവരെയും ബാധിക്കുന്ന പ്രധാന പ്രശ്നമാണെന്നും മന്ത്രാലയം അത് മനസ്സിലാക്കി പരിഹാരം നിർദേശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.വിദ്യാർഥികളുടെ പ്രായവും മാനസിക വികാസവും അനുസരിച്ച് അക്കാദമിക് വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് പ്രവേശന പ്രായം നിശ്ചയിച്ചതെന്ന് മന്ത്രി സാറ അൽ അമീരി പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)