ചിറകുവിരിച്ചുയരാൻരണ്ട് മലയാളി വിമാനക്കമ്പനികൾ; പ്രവൈകൾക്കും ഗുണമാകും; എയർ കേരളയുടെയും അൽ ഹിന്ദ് എയറിൻ്റെയും റൂട്ടുകൾ അറിയാം
കേരളത്തിന്റെ സ്വന്തം വിമാനക്കമ്പനികൾ എന്ന പെരുമയുമായി എയർ കേരളയും അൽ ഹിന്ദ് എയറും 2025ന്റെ ആദ്യപകുതിയോടെ പ്രവർത്തനം ആരംഭിക്കാനുള്ള തയാറെടുപ്പിൽ. കോഴിക്കോട് ആസ്ഥാനമായ അൽ ഹിന്ദ് ഗ്രൂപ്പ് കീഴിലെ അൽ ഹിന്ദ് എയറും പ്രവാസി സംരംഭകരുടെ നേതൃത്വത്തിലുള്ള എയർ കേരളയുമാണ് ‘കേരളത്തിൽ നിന്നുള്ള വിമാനക്കമ്പനികൾ’ എന്ന സ്വപ്നം പുതുവർഷത്തിൽ സാക്ഷാത്കരിക്കാനൊരുങ്ങുന്നത്.ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രവാസി സംരംഭകരായ അഫി അഹ്മദ്, ആയുബ് കല്ലട എന്നിവരാണ് എയർ കേരളയുടെ സാരഥികൾ.അഫി അഹ്മദ് ചെയർമാനും ആയൂബ് കല്ലട വൈസ് ചെയർമാനുമാണ്. സ്പൈസ് ജെറ്റിൽ നിന്നുള്ള ഹാരിഷ് മൊയ്ദീൻ കുട്ടിയാണ് സിഇഒ. എയർ കേരളയ്ക്ക് കഴിഞ്ഞ ജൂലൈയിൽ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൽ നിന്ന് പ്രവർത്തനാനുമതി ലഭിച്ചിരുന്നു. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ എവിയേഷനിൽ (ഡിജിസിഎ) എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് കൂടി ലഭിക്കുന്നതോടെ എയർ കേരളയ്ക്ക് ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കാം.എയർ കേരളയുടെ ആദ്യ വിമാനം ഏപ്രിലിലും ജൂണിൽ രണ്ടാമത്തേതും ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ജൂണോടെ പ്രവർത്തനം ആരംഭിക്കാനായേക്കുമെന്നും ഹാരിഷ് കുട്ടി ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. ഓരോ മൂന്നുമാസത്തിലും ഒന്നുവീതം പുതിയ വിമാനം കമ്പനി കൂട്ടിച്ചേർക്കും. 2026ന്റെ ആദ്യപാദത്തോടെ 6 വിമാനങ്ങൾ കമ്പനിക്കുണ്ടാകും.കൊച്ചി, ഹൈദരാബാദ്, കോഴിക്കോട്, കണ്ണൂർ തുടങ്ങിയ നഗരങ്ങളെ ബന്ധിപ്പിച്ചുള്ള സർവീസാണ് തുടക്കത്തിൽ എയർ കേരള നടത്തുക. ഇതിനായി 100ൽ താഴെ സീറ്റുകളുള്ള എടിആർ വിമാനങ്ങൾ ഉപയോഗിക്കും. 2026ഓടെ ഗൾഫ് രാഷ്ട്രങ്ങളെ ഉന്നമിടുന്നു. കോഴിക്കോട് ആസ്ഥാനമായ അൽ ഹിന്ദ് ഗ്രൂപ്പിന്റെ കീഴിലെ അൽ ഹിന്ദ് എയറും പറക്കലിന് മുന്നോടിയായുള്ള നിയമനങ്ങൾ സജീവമാക്കിയിട്ടുണ്ട്. തുടക്കത്തിൽ രണ്ട് എടിആർ വിമാനങ്ങളുമായാകും അൽ ഹിന്ദ് എയർ പ്രവർത്തനം ആരംഭിച്ചേക്കും. 2025 ജൂണോടെ തന്നെ അൽ ഹിന്ദിന്റെ ആദ്യ വിമാനവും ചിറകുവിടർത്തിയേക്കും. ഒരുവർഷത്തിനകം വിമാനങ്ങളുടെ എണ്ണം ഏഴായി ഉയർത്താനും ലക്ഷ്യമിടുന്നു. കൊച്ചി, മധുര, ചെന്നൈ, ബെംഗളൂരു, തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട്, കോയമ്പത്തൂർ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചായിരിക്കും അൽ ഹിന്ദ് എയറിന്റെ ആദ്യ സർവീസുകൾ. പിന്നീട് ഘട്ടംഘട്ടമായി ഇന്ത്യയിലെ 40 നഗരങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കും. തുടർന്ന് ഗൾഫ് മേഖലയിലേക്കും. നിലവിൽ വിമാന ടിക്കറ്റ്, ടൂർ ഓപ്പറേറ്റിങ്, ചാർട്ടേഡ് വിമാനങ്ങൾ, ഹോട്ടൽ റൂം ബുക്കിങ്, വീസ സേവനങ്ങൾ എന്നിവ നൽകുന്ന ഗ്രൂപ്പാണ് അൽ ഹിന്ദ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)