ജനുവരി മുതൽ തൊഴിലാളികൾക്ക് ഇൻഷുറൻസ് നിർബന്ധം; വീസയ്ക്കൊപ്പം ചെലവ് കുറഞ്ഞ പാക്കേജുകളുമായി യുഎഇ
രാജ്യത്തെ എല്ലാ എമിറേറ്റുകളിലും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കിയതോടെ വീസ അനുവദിക്കുന്നതിനൊപ്പം അടിസ്ഥാന ചികിത്സാ ആനുകൂല്യങ്ങൾ ലഭിക്കുന്ന ഇൻഷുറൻസ് പാക്കേജും മാനവവിഭവ മന്ത്രാലയം പ്രഖ്യാപിച്ചു. അടുത്ത വർഷം മുതൽ വീട്ടുജോലിക്കാർക്കടക്കം സ്വകാര്യ മേഖലയിലെ മുഴുവൻ തൊഴിലാളികൾക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാകും.ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി, ആരോഗ്യ-സാമൂഹിക സുരക്ഷാ മന്ത്രാലയം, എമിറേറ്റിലെ ഇൻഷുറൻസ് കമ്പനികൾ എന്നിവയുമായി സഹകരിച്ചാണ് മന്ത്രാലയം ചെലവ് കുറഞ്ഞ ഇൻഷുറൻസ് പാക്കേജുകൾ നൽകുന്നത്. ജനുവരി മുതൽ പുതിയ വീസയ്ക്കും പുതുക്കുന്ന വീസയ്ക്കും ഇൻഷുറൻസ് രേഖ ആവശ്യമാകും.
ചികിത്സാ ചെലവ് തൊഴിലുടമ നൽകണം
തൊഴിലാളികളുടെ ഇൻഷുറൻസ് തൊഴിലുടമകളുടെ ബാധ്യതയാണ്. ജനുവരി ഒന്നു മുതൽ പുതിയതും പുതുക്കുന്നതുമായ വീസയ്ക്ക് അപേക്ഷിക്കുമ്പോൾ ആരോഗ്യ ഇൻഷുറൻസിന്റെ ചെലവ് കൂടി തൊഴിലുടമ നൽകണമെന്നു തൊഴിൽ മന്ത്രാലയ അണ്ടർ സെക്രട്ടറി ഖലീൽ അൽഖൂരി അറിയിച്ചു.
അതിവേഗം പുരോഗമിക്കുന്ന സാമ്പത്തിക, സാമൂഹിക സാഹചര്യങ്ങളിൽ തൊഴിൽ സുരക്ഷയ്ക്കും കുടുംബ സുസ്ഥിരതയ്ക്കും ആരോഗ്യ ഇൻഷുറൻസ് അനിവാര്യമാണ്. ചികിത്സാ ചെലവുകൾ ഭാരമാകാതിരിക്കാനും തൊഴിൽ സാഹചര്യം മെച്ചപ്പെടുത്താനും ഈ പദ്ധതി സഹായിക്കും. തൊഴിലാളികൾ ചികിത്സാ ചെലവ് സ്വയം വഹിക്കേണ്ട സാഹചര്യം ഒഴിവാകുമെന്നും ഖലീൽ അൽ ഖൂരി പറഞ്ഞു.
ചികിത്സയ്ക്ക് ഒരുവർഷം പരമാവധി 1000 ദിർഹം
∙ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയോ ശസ്ത്രക്രിയയ്ക്ക് വിധേയമാകുകയോ ചെയ്താൽ ചികിത്സാ ചെലവിന്റെ 20% പണമടച്ചാൽ മതി. ഓരോ സന്ദർശനത്തിനും മരുന്നുകൾ ഉൾപ്പെടെ 500 ദിർഹത്തിന്റെ ഇൻഷുറൻസ് ലഭിക്കും. ഒരു വർഷം പരമാവധി ആയിരം ദിർഹത്തിന്റെ ചികിത്സയാണ് അനുവദിക്കുക.
കിടത്തിച്ചികിത്സ ആവശ്യമില്ലാത്ത രോഗികൾക്ക് (ഒപി) മെഡിക്കൽ സന്ദർശനങ്ങൾ, ഡയഗ്‌നോസ്റ്റിക് പരിശോധനകൾ, ലളിതമായ ശസ്ത്രക്രിയകൾ എന്നിവയ്ക്ക് 25% നിരക്ക് അടയ്ക്കണം. പാക്കേജിന്റെ ഭാഗമായ ഒരാൾക്ക് ഓരോ സന്ദർശനത്തിനും പരമാവധി 100 ദിർഹം മൂല്യമുള്ള ചികിത്സ നൽകും. ഒരേ അസുഖത്തിന് ഏഴു ദിവസത്തിനുള്ളിൽ തുടർ സന്ദർശനം നടന്നാൽ മൊത്തം നിരക്കിന്റെ 30% അടയ്ക്കണം. മരുന്നുകൾക്കായി പ്രതിവർഷം 1,500 ദിർഹം വരെ പരിരക്ഷ ലഭിക്കും. രാജ്യത്തെ ഏഴ് ആശുപത്രികൾ, 46 മെഡിക്കൽ സെന്ററുൾ, 45 ഫാർമസികൾ എന്നിവ ഈ ശൃംഖലയിൽ ഉൾപ്പെടും.
‘ദുബായ് കെയർ ‘ വഴി തൊഴിലാളികൾക്ക് ഈ പാക്കേജിന്റെ ഭാഗമാകാം. തൊഴിലാളികളുടെ ആശ്രിത വീസയിലുള്ളവർക്കും വ്യവസ്ഥകളോടെ ഇഷ്ട പാക്കേജുകൾ തിരഞ്ഞെടുക്കാനാകും. വിവിധ ഇൻഷുറൻസ് പാക്കേജുകളുടെ വിശദാംശങ്ങൾ മന്ത്രാലയത്തിന്റെയും ഇതര സർക്കാർ സ്ഥാപനങ്ങളുടെ വെബ്സൈറ്റിലും ലഭ്യമാണ്.
അടിസ്ഥാന പാക്കേജ് 320 ദിർഹം മുതൽ
ഒന്നു മുതൽ 64 വയസ്സുവരെയുള്ളവർക്ക് ഒരു വർഷം വരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കാൻ 320 ദിർഹം മുതൽ അടിസ്ഥാന പാക്കേജുകൾ ലഭ്യമാണ്. വിട്ടുമാറാത്ത രോഗമുള്ളവർക്കു പോലും ഈ പാക്കേജിൽ ചികിത്സ ലഭിക്കും. 60 വയസ്സ് കഴിഞ്ഞവരാണ് ചികിത്സ തേടുന്നതെങ്കിൽ കവറേജ് ലഭിക്കാൻ രോഗവിവരങ്ങൾ വ്യക്തമാക്കുന്ന ഡോക്ടറുടെ കുറിപ്പും പുതിയ മെഡിക്കൽ സർട്ടിഫിക്കറ്റും നൽകണം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)