ഇതാണ് അവസരം; തൊഴിൽ അന്വേഷകരെ നിങ്ങളെ യുഎഇ വിളിക്കുന്നു; 34,000 ദിർഹം ശമ്പളം, താമസം ഫ്രീ, വാർഷിക അവധിയും അലവൻസും വേറെ
യുഎഇയിലെ തൊഴിൽ വിപണി എപ്പോഴും മാറിക്കൊണ്ടിരിക്കുകയാണ്. പുതിയ തലമുറയിൽ ജോലി സാധ്യത തേടുന്നവർക്ക് അനുയോജ്യമായ മേഖലയാണ് വ്യോമഗതാഗതമെന്നുളളതിൽ തർക്കമില്ല. പ്രത്യേകിച്ചും ലോകമെങ്ങും പൈലറ്റുമാർക്കുളള ഉയർന്ന ആവശ്യകത ഈ മേഖലയെ ജോലി സാധ്യതകളിൽ മുൻപന്തിയിൽ നിർത്തുന്നു. വിനോദസഞ്ചാരമേഖലയിലെ ഉണർവും വ്യോമഗതാഗത മേഖലയ്ക്ക് ഗുണമായി.യുഎഇയിൽ മാത്രമല്ല, ലോകമെമ്പാടും പൈലറ്റുമാർക്കുളള ആവശ്യകത ഏറുകയാണ്. മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതൽ ആളുകൾ യാത്രചെയ്യാൻ ആരംഭിച്ചത് വ്യോമയാനമേഖലയ്ക്കും അനുബന്ധമേഖലകൾക്കും നൽകിയ ഉണർവ് വലുതാണെന്ന് യുഎഇയിലെ എമിറേറ്റ്സ് ഫ്ലൈറ്റ് ട്രെയിനിങ് അക്കാദമി (ഇഎഫ്ടിഎ) ഡിവിഷണൽ വൈസ് പ്രസിഡന്റ് ക്യാപ്റ്റൻ അബ്ദുല്ല അൽ ഹമ്മദി പറയുന്നു. ആഗോളതലത്തിൽ പൈലറ്റുമാർക്കുളള ആവശ്യകത ഇനിയും വർധിക്കും. വ്യോമഗതാഗതമെന്നത് ഏറ്റവും വേഗത്തിൽ വളരുന്ന തൊഴിൽ വിപണികളിലൊന്നാണ്. യാത്രകൾ ഇഷ്ടപ്പെടുന്നവർക്കും വ്യത്യസ്ത തൊഴിൽ മേഖല ആഗ്രഹിക്കുന്നവർക്കും അനുയോജ്യമേഖലയാണിത്. കരിയർ മുന്നേറ്റത്തിനുളള സാധ്യതകൾ ഏറെയുളള തൊഴിൽ മേഖലയാണിതെന്നും അദ്ദേഹം വിലയിരുത്തുന്നു.
∙ കാത്തിരിക്കുന്നു വൻ തൊഴിലവസരം
അമേരിക്കൻ മാനേജ്മെൻറ് കൺസൾട്ടിങ് സ്ഥാപനമായ ഒലിവർ വൈമാൻറെ വിലയിരുത്തൽ അനുസരിച്ച് 2032 ആകുമ്പോഴേക്കും ആഗോളതലത്തിൽ 80,000 പൈലറ്റുമാരുടെ ഒഴിവുണ്ടാകും. വടക്കേ അമേരിക്ക കഴിഞ്ഞാൽ മിഡിൽ ഈസ്റ്റിലായിരിക്കും ജോലി ഒഴിവുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുക. വ്യോമഗതാഗതമേഖലയിൽ കുതിപ്പ് തുടരുന്ന പ്രവണതയും തുടരും. 2032 ൽ മിഡിൽ ഈസ്റ്റിൽ 18,000 പൈലറ്റുമാരുടെ ജോലി ഒഴിവുകളുണ്ടാകുമെന്നും ഒലിവർ വൈമാൻ പ്രവചിക്കുന്നു.
∙ ഇഎഫ് ടിഎയിൽ ഫീസ് 181,650 ഡോളർ
എമിറേറ്റ്സ് ഫ്ളൈറ്റ് ട്രെയിനിങ് അക്കാദമിയിൽ പൈലറ്റ് ട്രെയിനിങ് പരിശീലനത്തിനുളള ഫീസ് 181,650 യുഎസ് ഡോളറാണ് (ഏകദേശം 666000 യുഎഇ ദിർഹം). താമസം, സൗകര്യങ്ങൾ, യൂണിഫോം, ഭക്ഷണം, സർട്ടിഫിക്കറ്റ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. പരിശീലനം പൂർത്തിയാക്കിയാൽ ഫസ്റ്റ് ഓഫീസർ തസ്തികയിൽ 26,000 ദിർഹം മുതൽ 34,000 ദിർഹം വരെയാണ് ശമ്പളം വാഗ്ദാനം ചെയ്യുന്നത്. താമസം, വാർഷിക അവധി, വിദ്യാഭ്യാസ അലവൻസ് എന്നിവകൂടാതെയാണിത്.
എമിറേറ്റ്സ് ഫ്ളൈറ്റ് ട്രെയിനിങ് അക്കാദമിയിൽ നിന്ന് 85 പേരാണ് പരിശീലനം പൂർത്തിയാക്കിയത്. ചൊവ്വാഴ്ച നടന്ന ബിരുദദാനചടങ്ങിൽ എമിറേറ്റ്സ് എയർലൈൻ ആൻറ് ഗ്രൂപ്പ് ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമായ ഷെയ്ഖ് അഹമ്മദ് ബിൻ സായിദ് അൽ മക്തൂമും പങ്കെടുത്തിയിരുന്നു. എമിറേറ്റ്സ് ഫ്ളൈറ്റ് ട്രെയിനിങ് അക്കാദമിയുടെ അഞ്ചാം ബിരുദദാന ചടങ്ങായിരുന്നു ഇത്. 113 ആഴ്ചക്കാലത്തെ പരിശീലനമാണ് പൂർത്തിയാക്കിയത്. 1100 മണിക്കൂർ വിമാനം പറത്തലും 270 മണിക്കൂർ ഗ്രൗണ്ടിലെ പരിശീലനവും ഇതിൽ ഉൾപ്പെടും.
ഇതുവരെ 271 പേരാണ് അക്കാദമിയിൽ നിന്ന് പൈലറ്റ് പരിശീലനം പൂർത്തിയാക്കിയത്. പൈലറ്റ് ലൈസൻസിങ് ട്രെയിനിങ്ങിൽ (എയറോപ്ലെയിൻ) അഡ്വാൻസ്ഡ് ഡിപ്ലോമയും അക്കാദമിയിൽ ആരംഭിച്ചു. അക്കാദമിയ അംഗീകൃത പരിശീലന ദാതാവായി (എടിപി) യുഎഇ നാഷണൽ ക്വാളിഫിക്കേഷൻ സെന്റർ (എൻക്യുസി) അംഗീകരിച്ചതോടെയാണ് പുതിയ ഡിപ്ലോമ ആരംഭിക്കുന്നത്. 400 പേർക്ക് പരിശീലനം നൽകാൻ സാധിക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)