Posted By Admin Admin Posted On

യുഎഇയിൽ ജോലി ചെയ്താൽ അധിക ശമ്പളം?; അറിയാം രാജ്യം നൽകുന്ന വമ്പൻ ആനുകൂല്യങ്ങളും തൊഴിൽ സ്വഭാവവും

ജോലിയെന്നുളളത് ഏവരുടെയും വലിയ സ്വപ്നങ്ങളിൽ ഒന്നാണ്. യുഎഇയിൽ സ്വപ്ന തുല്യമായ ജോലി വാഗ്ദാനം ലഭിച്ചോ, ജോലിയിൽ പ്രവേശിക്കും മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം. യുഎഇയിലെ തൊഴിൽ മേഖലയെ മെയിൻ ലാൻഡ്, ഫ്രീസോൺ എന്നിങ്ങനെ രണ്ടായി തിരിക്കാം. ഇവിടെ യുഎഇ തൊഴിൽ നിയമം ബാധകമാണ്.അതേസമയം മെയിൻലാൻഡിൽ മാനവ വിഭവശേഷി സ്വദേശിവൽക്കരണമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെങ്കിൽ ഫ്രീസോണുകളിൽ അതത് ഫ്രീസോൺ അതോറിറ്റിയുടെ നിയന്ത്രണത്തിലാണ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. തൊഴിൽ നിയമവും കോടതിയുമെല്ലാം ഒന്നുതന്നെയാണെങ്കിലും പ്രവർത്തന രീതികളിൽ വ്യത്യാസമുണ്ടെന്ന് അർഥം. അതേസമയം ദുബായ് ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്റർ, അബുദാബി ഗ്ലോബൽ മാർക്കറ്റ് എന്നീ ഫ്രീസോണുകളിൽ പ്രത്യേക തൊഴിൽ നിയമവും കോടതിയുമാണ്. ഭാഷ ഇംഗ്ലിഷാണ്.

∙ ജോലി വാഗ്ദാനം ലഭിച്ചാൽ
മാനവ വിഭവശേഷി സ്വദേശി വൽക്കരണമന്ത്രാലയത്തിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ ഓഫർ ലെറ്ററും തൊഴിൽ കരാറുമെല്ലാം മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ മാത്രമെ നിയമപരമായി പ്രാബല്യത്തിൽ വരികയുളളൂവെന്നതുകൂടി മനസ്സിലാക്കണം. യുഎഇ തൊഴിൽ നിയമം അനുശാസിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും ഓഫർ ലെറ്ററിൽ ഇല്ലെങ്കിൽ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കില്ല. തൊഴിലാളിക്കും തൊഴിലുടമയ്ക്കും ഒരുപോലെ സൗകര്യപ്രദമാകുന്ന വിധത്തിലാണ് യുഎഇയിൽ തൊഴിൽ നിയമങ്ങൾ നടപ്പിലാക്കിയിരിക്കുന്നതെന്ന് വി ഗ്രൂപ്പ് ഇന്റർനാഷനൽ നിയമവിഭാഗം മേധാവി അഡ്വ. ഷബീൽ ഉമ്മർ പറയുന്നു.

∙ തൊഴിൽ കരാർ പ്രധാനം
ജോലിയുടെ സ്വഭാവം അറിയുന്നതിന് ഏറ്റവും പ്രധാനമാണ് തൊഴിൽ കരാർ. മാത്രമല്ല, തൊഴിലുടമയും തൊഴിലാളിയും തമ്മിലുളള പരസ്പര ബന്ധത്തിന്റെ പ്രതിഫലനം കൂടിയാണ് ഓരോ തൊഴിൽ കരാറുകളും. മുഴുവൻസമയ ജോലിയാണെങ്കിലും പാർട് ടൈം- വിദൂര ജോലിയാണെങ്കിലും തൊഴിൽ കരാറുകൾ നിർണായകമാണ്. ഓഫർ ലെറ്റർ സ്വീകരിച്ചുകഴിഞ്ഞാൽ, തൊഴിലാളിയും തൊഴിലുടമയും തമ്മിൽ പരസ്പരധാരണയോടെ തൊഴിൽ കരാർ ഒപ്പിട്ടുകഴിഞ്ഞാൽ, പിന്നീട് കരാറിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തണമെങ്കിൽ ജീവനക്കാരന്റെ സമ്മതം ആവശ്യമാണ്. മാത്രമല്ല, മന്ത്രാലയത്തിന്റെ നിയമപരമായ ചട്ടങ്ങൾ പാലിക്കുകയും വേണം. യുഎഇയിൽ ഒരു ജോലി ലഭിച്ചുകഴിഞ്ഞാൽ ജോലിയുടെ വിശദാംശങ്ങൾ വ്യക്തമാക്കുന്ന ഓഫർ ലെറ്ററിൽ ഒപ്പുവയ്ക്കണം. വർക്ക് പെർമിറ്റും വീസയുമെല്ലാം ലഭിക്കുന്നതുപോലെ തന്നെ പ്രധാനമാണ് ഇതും. ജോലിയിൽ തൊഴിലാളി നിർവ്വഹിക്കേണ്ട ചുമതലകൾ എന്തൊക്കെയാണെന്നുളളതിന്റെ ചുരുക്കരൂപം ഇതിൽ വ്യക്തമാക്കിയിരിക്കും. ജോലിയിൽ പ്രവേശിച്ച് മുന്നോട്ടുപോകുന്നതിന് മുൻപ് ഈ കരാറുകളിൽ തൊഴിലാളിയും തൊഴിലുടമയും ഒപ്പുവയ്ക്കണം.

∙ ജോലിയുടെ സ്വഭാവം, വേതനം, ആനുകൂല്യങ്ങൾ
ഓഫർ ലെറ്റർ നൽകി കഴിഞ്ഞാൽ തൊഴിൽ കരാറിലെ നിബന്ധനകൾ തൊഴിലാളി വായിച്ച് മനസ്സിലാക്കിയിരിക്കണം. നിബന്ധനകൾ എല്ലാം തൊഴിലാളിക്ക് ബോധ്യപ്പെട്ടുവെന്ന് തൊഴിലുടമയും ഉറപ്പാക്കണം. തൊഴിൽ കരാറിലെ ഏതെങ്കിലും ഭാഗങ്ങൾ തൊഴിലാളിയുടെ അറിവോടെയല്ലെങ്കിൽ, ഓഫർ ലെറ്റർ വായിച്ച് ബോധ്യപ്പെട്ടിട്ടില്ലെന്ന് തെളിഞ്ഞാൽ മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിന് തെറ്റായ വിവരങ്ങൾ നൽകിയതിന് തൊഴിലുടമയ്ക്ക് 20,000 ദിർഹം വരെ പിഴ ചുമത്താമെന്ന് നിയമം അനുശാസിക്കുന്നു. യുഎഇയിൽ ജോലി ചെയ്യുന്നവരാണെങ്കിൽ ഓഫർ ലെറ്ററിന്റെ ഒരു പകർപ്പ് മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലത്തിന് സമർപ്പിക്കാം. ഇതിനെ അടിസ്ഥാനമാക്കി വർക്ക് പെർമിറ്റ് മൊഹ്രെ നൽകും. തൊഴിൽ കരാർ വായിച്ച് മനസ്സിലാക്കുക.

യുഎഇയിലെ തൊഴിൽ കരാർ തൊഴിലാളിക്കും തൊഴിലുടമയ്ക്കും ഇടയിലുളള കരാറാണ്. പരസ്പരം ഒപ്പുവച്ച ഓഫർ ലെറ്റ‍ർ അനുസരിച്ച്, വിപുലപ്പെടുത്തിയതാണ് തൊഴിൽ കരാറുകൾ. തൊഴിലുടമ നൽകുന്ന ശമ്പളത്തിനോ ആനുകൂല്യത്തിനോ പകരമായി നിങ്ങളുടെ ജോലി ഉത്തരവാദിത്തങ്ങൾ എന്തൊക്കെയാണ് എന്നത് സംബന്ധിച്ചുളള വിശദവിവരങ്ങൾ തൊഴിൽ കരാറിൽ ഉണ്ടായിരിക്കും. ജോലിയുടെ സമയം, ഉത്തരവാദിത്തങ്ങൾ, ജോലിക്കയറ്റം, വീസ, മറ്റ് ആനുകൂല്യങ്ങൾ ഇതെല്ലാം ഈ കരാറിൽ വ്യക്തമാക്കിയിരിക്കണം. രാജ്യത്തിന് പുറത്തുവച്ചാണ് ജോലി ലഭിച്ചതെങ്കിൽ എൻട്രി പെർമിറ്റി ഉപയോഗിച്ചായിരിക്കും യുഎഇയിലേക്ക് പ്രവേശിക്കുക. ഇവിടെയെത്തി 14 ദിവസത്തിനകം തൊഴിൽ വീസയിലേക്ക് മാറി, തൊഴിൽ കരാറുകൾ മൊഹ്റയിലേക്ക് സമർപ്പിക്കാം. തൊഴിൽ കരാറുകൾ ഒപ്പുവയ്ക്കും മുൻപ്, ശമ്പളം, മറ്റ് ആനുകൂല്യങ്ങൾ (താമസം,ഗതാഗതം) എന്നിവ സംബന്ധിച്ചുളള കാര്യങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കണം. ശമ്പളം മാസവരുമാനമെന്ന രീതിയിലാണോ കമ്മിഷനോ മറ്റേതെങ്കിലും വ്യവസ്ഥകളുടെ ഭാഗമായിട്ടാണോയെന്നുളളതും ഉറപ്പാക്കണം. തൊഴിൽ കരാറിൽ പറഞ്ഞിട്ടുളളകാര്യങ്ങൾക്ക് അനുസൃതമായിട്ടല്ല കാര്യങ്ങൾ മുന്നോട്ടുപോകുന്നതെങ്കിൽ മന്ത്രാലയത്തെ സമീപിക്കാമെന്നും അഡ്വ. ഷബീൽ ഉമ്മർ പറയുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *