അബുദാബി ഇരട്ടക്കൊലപാതകം, പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫ് വധം; സഹോദരന്റെ കബറിടത്തിൽ പ്രാർഥിക്കാൻ കോടതി അനുമതിയോടെ ഷൈബിൻ
അബുദാബി ഇരട്ടക്കൊലപാതകം, പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫ് വധം എന്നീ കേസുകളിലെ മുഖ്യപ്രതി കൈപ്പഞ്ചേരി ഷൈബിൻ അഷ്റഫിനെ കോഴിക്കോട് ജില്ലാ ജയിലിൽ നിന്നു നിലമ്പൂരിൽ കൊണ്ടുവന്നു. 4 ദിവസം മുൻപ് ഗോവയിൽ മരിച്ച കൂട്ടുപ്രതി കൈപ്പഞ്ചേരി ഫാസിലിന്റെ കബറിടം സന്ദർശിച്ച് പ്രാർഥിക്കണമെന്ന ഷൈബിന്റെ അപേക്ഷയിൽ മഞ്ചേരി സെഷൻസ് കോടതിയുടെ അനുമതി പ്രകാരമാണ് ജില്ലാ ജയിലിലെ എസ്ഐയുടെ നേതൃത്വത്തിൽ നിലമ്പൂരിൽ കൊണ്ടുവന്നത്.2 കേസുകളിലും കൂട്ടുപ്രതിയായ ഫാസിൽ ഒളിവിൽ കഴിയുന്നതിനിടെ വൃക്കരോഗം മൂർച്ഛിച്ച് ഗോവ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മരിച്ചത്. 22ന് മൃതദേഹം നിലമ്പൂരിൽ കൊണ്ടുവന്നു ചന്തക്കുന്ന് വലിയ ജുമാ മസ്ജിദിൽ കബറടക്കി. ഷാബാ ഷരീഫിനെ മൈസൂരുവിൽ നിന്നു തട്ടിക്കൊണ്ടുവന്ന് ചങ്ങലക്കിട്ടു തടവിൽ പാർപ്പിച്ച് 2020 ഒക്ടോബറിലാണ് കൊലപ്പെടുത്തിയത്. മൃതദേഹം വെട്ടിനുറുക്കി ചാലിയാറിൽ ഒഴുക്കിയെന്നാണു കേസ്.കേസിന്റെ വിചാരണ മഞ്ചേരി സെഷൻസ് കോടതിയിൽ നടന്നു വരികയാണ്. 2020 മാർച്ചിൽ അബുദാബിയിലെ ഷൈബിന്റെ സുഹൃത്ത് പ്രവാസി വ്യവസായി കുന്നമംഗലം ഈസ്റ്റ് മലമ്മയിലെ തത്തങ്ങപ്പറമ്പിൽ ഹാരിസ്, ജീവനക്കാരി ചാലക്കുടി സ്വദേശി ഡെൻസി എന്നിവർ അബുദാബിയിലെ ഫ്ലാറ്റിൽ കൊല്ലപ്പെട്ടു. കേസ് അന്വേഷിച്ച സിബിഐ തിരുവനന്തപുരം യൂണിറ്റ് എറണാകുളം സിബിഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.ഷൈബിന്റെ നിർദേശപ്രകാരം ഫാസിൽ ഉൾപ്പെടെ ചേർന്നു കൊലപ്പടുത്തിയെന്നാണ് കേസ്. ഡെൻസിയെ കൊലപ്പെടുത്തി ഹാരിസ് ആത്മഹത്യ ചെയ്തതായി തെളിവുകൾ സൃഷ്ടിച്ച് പ്രതികൾ ഇന്ത്യയിലേക്കു കടന്നു. കൂട്ടാളികളായിരുന്ന ബത്തേരി സ്വദേശികൾ ഷൈബിനുമായി പിണങ്ങിയതാണ് കൊലപാതകങ്ങൾ പുറത്തറിയാനിടയാക്കിയത്. ഇന്നലെ എസി ടാക്സി കാറിലാണ് ഷൈബിനെ ജില്ലാ ജയിലിൽനിന്ന് കൊണ്ടുവന്നത്. ജയിലിന്റെയോ അല്ലെങ്കിൽ പൊലീസ് ജീപ്പോ ഉപയോഗിക്കണമെന്നാണ് ചട്ടം. ബസ് ഉൾപ്പെടെ പൊതു വാഹനം ഉപയോഗിക്കാം. 11.45ന് ജയിലിൽ നിന്നു പുറപ്പെട്ടു. എടവണ്ണയിൽ നിർത്തി ഭക്ഷണം കഴിച്ച ശേഷം 1.30 പള്ളിയിൽ കൊണ്ടുവന്നു. കബറിടത്തിൽ പ്രാർഥന നടത്തി. ഫാസിലിന്റെ ഷൈബിന്റെ ബന്ധുക്കൾ അവിടെ എത്തിയിരുന്നു. അവരുമായി കൂടിക്കാഴ്ചയും നടത്തി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)