പ്രവാസികൾക്ക് തിരിച്ചടി; കൈയിൽ കരുതാവുന്ന ലഗേജിന് നിയന്ത്രണം
ഇന്ത്യൻ വിമാനങ്ങളിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് തിരിച്ചടിയായി ഇന്ത്യയിലെ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ (ബി.സി.എ.എസ്) തീരുമാനം. വിമാനയാത്രയിൽ കൈയിൽ കരുതാവുന്ന ലഗേജിനാണ് നിയന്ത്രണം ഏർപ്പെടുത്തിരിയിക്കുന്നത്. പുതിയ നിയന്ത്രണം അനുസരിച്ച് ജനുവരി മുതൽ ആഭ്യന്തര, അന്തർദേശീയ യാത്രകളിൽ ഒരു കാബിൻ ബാഗോ ഹാൻഡ് ബാഗോ മാത്രമാകും കൈയിൽ കരുതാൻ അനുവദിക്കുക. മറ്റെല്ലാ ലഗേജുകളും ചെക്കിൻ ചെയ്യേണ്ടതായിവരും. ഇന്ത്യൻ വിമാന കമ്പനികൾക്കുമാത്രമാണ് ഇത് ബാധകമാവുക. യാത്രക്കാരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ വിമാനത്താവളങ്ങളുടെ പ്രവർത്തനക്ഷമത ഉറപ്പുവരുത്താനാണ് നിയന്ത്രണമെന്ന് അധികൃതർ വ്യക്തമാക്കുന്നു. എയർ ഇന്ത്യയും ഇൻഡിഗോയുമടക്കം പ്രധാന വിമാന കമ്പനികളെല്ലാം പുതിയ മാർഗനിർദേശങ്ങളനുസരിച്ച് ബാഗേജ് നയങ്ങൾ പുതുക്കിയിട്ടുണ്ട്. ഇതുപ്രകാരം ലഗേജ് ഏഴു കിലോഗ്രാമിൽ കൂടാൻ അനുവദിക്കില്ല. അധിക ഭാരത്തിനും വലുപ്പത്തിനും കൂടുതൽ പണം നൽകേണ്ടിവരും. യാത്രാതടസ്സങ്ങളും അധിക നിരക്കും ഒഴിവാക്കാൻ യാത്രക്കാർ പുതുക്കിയ ബാഗേജ് നയങ്ങൾ പിന്തുടരണമെന്നും അധികൃതർ നിർദേശിക്കുന്നു.
നേരത്തെ ഏഴു കിലോ ബാഗേജിന് പുറമെ ലാപ്ടോപ്, പാസ്പോർട്ട്, ടിക്കറ്റ്, രേഖകളും മറ്റും വെക്കുന്ന ചെറിയ ബാഗ്, സ്ത്രീകളുടെ വാനിറ്റി ബാഗ് എന്നിവ കൈയിൽ വെക്കാൻ വിമാന കമ്പനികൾ അനുവദിച്ചിരുന്നു. പുതിയ നിർദേശം വരുന്നതോടെ ഇവ കൈയിൽ വെക്കുന്നതിനും തടസ്സം നേരിടും. കാബിൻ ബാഗിന്റെ പരമാവധി വലുപ്പം 55 സെന്റി മീറ്റർ, നീളം 40 സെന്റി മീറ്റർ, വീതി 20 സെന്റി മീറ്റർ എന്നിങ്ങനെ നിജപ്പെടുത്തിയിട്ടുമുണ്ട്. പുതിയ നിയന്ത്രണം പ്രവാസികളടക്കമുള്ള യാത്രക്കാർക്ക് പ്രയാസം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യൻ വിമാന കമ്പനികളെ കൂടുതലായി ആശ്രയിക്കുന്ന പ്രവാസികളെ പ്രയാസപ്പെടുത്തുന്ന പരിഷ്കരണമാണിതെന്നും യാത്ര എളുപ്പമാക്കുന്നതിനു പകരം സങ്കീർണമാക്കുകയാണ് അധികൃതരെന്നുമാണ് വിമർശനമുയരുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)