പുതിയ വൈറസ് വ്യാപനം? ചൈനയിൽ ആശുപത്രികൾ നിറയുന്നുവെന്ന് റിപ്പോർട്ട്; വരുന്നത് കോവിഡിനേക്കാൾ ഭീകരനോ?
ചൈനയിൽ ഹ്യൂമൻ മെറ്റാപ് ന്യൂമോവൈറസ് (എച്ച്എംപിവി) അതിവേഗം പടരുന്നതായി റിപ്പോർട്ട്. ആശുപത്രികൾ നിറയുന്നുവെന്നാണ് ചില സോഷ്യൽ മീഡിയ പോസ്റ്റുകളിൽ പറയുന്നത്. ചൈന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു എന്നു പോലും ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറയുന്നു. എന്നാൽ ഇതൊന്നും ചൈനയോ ലോകാരോഗ്യ സംഘടനയോ സ്ഥിരീകരിച്ചിട്ടില്ല.അതേസമയം ഉറവിടമറിയാത്ത ന്യുമോണിയ കേസുകൾക്കായി നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയെന്ന് ചൈനയുടെ രോഗ നിയന്ത്രണ അതോറിറ്റി പറഞ്ഞതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ശൈത്യകാലത്ത് ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഉയരാനിടയുണ്ട്. ശ്വസന സംബന്ധമായ രോഗങ്ങൾ ഡിസംബർ 16 മുതൽ 22 വരെയുള്ള വാരത്തിൽ ഉയർന്നതായി ചൈന സ്ഥിരീകരിക്കുന്നുമുണ്ട്. എന്നാൽ അത് എച്ച്എംപിവി ആണെന്ന് ചൈന സ്ഥിരീകരിച്ചിട്ടില്ല.ശ്വാസകോശത്തെ ബാധിക്കുന്ന അണുബാധയാണ് എച്ച്എംപിവി. എല്ലാ പ്രായത്തിലുമുള്ള ആളുകളെയും വൈറസ് ബാധിക്കുമെങ്കിലും ചെറിയ കുട്ടികൾ, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരെയാണ് ഈ വൈറസ് കൂടുതലായി ബാധിക്കുന്നതെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്.2001 ലാണ് എച്ച്എംപിവി വൈറസ് ആദ്യമായി കണ്ടെത്തുന്നത്. ചുമ, പനി, ശ്വാസം മുട്ടൽ എന്നിവയാണ് ഇതിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെന്ന് വിദഗ്ധർ പറയുന്നു.ചിലർക്ക് ജലദോഷത്തിന് സമാനമായ നേരിയ ലക്ഷണങ്ങൾ മാത്രമേയുണ്ടാവൂ. ചിലരിൽ കൊവിഡിന് സമാനമായ ലക്ഷണങ്ങൾ ഉണ്ടാവും.
നിലവിൽ ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസിന് പ്രത്യേക ചികിത്സയോ വാക്‌സിനോ ലഭ്യമല്ലെന്നും വിദഗ്ധർ പറയുന്നു. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ വായും മൂക്കും മൂടുക, ഇടയ്ക്കിടെ കൈകഴുകുക തുടങ്ങിയ ചില മുൻകരുതലുകൾ സ്വീകരിക്കേണ്ടത് അനിവാര്യമാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക* https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)