Posted By sneha Posted On

യുഎഇ ഓഹരി വിപണിയിൽ കഴിഞ്ഞ വർഷം ഉണ്ടായത് വന്‍ കുതിപ്പ്

അബുബാദി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിലെ ലുലു റീട്ടെയിൽ ഗ്രൂപ്പിന്‍റെ ഐപിഒ മലയാളികള്‍ കഴിഞ്ഞ വര്‍ഷം ഏറെ ഉറ്റുനോക്കിയിരുന്നു. 2.04 ദിര്‍ഹം വിലയിൽ എഡിഎക്സിൽ ലിസ്റ്റ് ചെയ്യപ്പെട്ട ലുലു ഓഹരി പക്ഷേ നിക്ഷേപകര്‍ക്ക് കാര്യമായ നേട്ടങ്ങളൊന്നും സമ്മാനിച്ചില്ല. നിലവിൽ രണ്ട് ദിര്‍ഹത്തിനും താഴെയാണ് ലുലു ഓഹരിയുടെ വില. എന്നാൽ ലുലു റീട്ടെയിൽ ഐപിഒയിലൂടെ മലയാളികള്‍ ഉള്‍പ്പടെ നിരവധി പുതിയ നിക്ഷേപകരാണ് യുഎഇ ഓഹരി വിപണികളിൽ നിക്ഷേപം നടത്താന്‍ ആരംഭിച്ചത്. എഡിഎക്സിൽ മാത്രം അമ്പതിനായിരത്തോളം പുതിയ നാഷണൽ ഇന്‍വെസ്റ്റര്‍ നമ്പറുകളും രജിസ്റ്റര്‍ ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ലുലു ഐപിഒയിലൂടെ നിക്ഷേപകര്‍ക്ക് നേട്ടമുണ്ടായില്ലെങ്കിലും യുഎഇ ഓഹരി വിപണിയെ സംബന്ധിച്ച് 2024 നേട്ടങ്ങളുടെ വര്‍ഷമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. മിഡിൽ ഈസ്റ്റ് ഇക്കണോമി റിപ്പോര്‍ട്ട് അനുസരിച്ച് ദുബായ്, അബുദാബി സ്റ്റോക്ക് എക്സ്ചേ‍ഞ്ചുകളുടെ സംയോജിത മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍ 2024 അവസാനിക്കുമ്പോള്‍ 3.905 trillion ദിര്‍ഹമാണ്. 2023 അവസാനിക്കുമ്പോള്‍ ഇത് 3.648 trillion ദിര്‍ഹമായിരുന്നു. ഏകദേശം 257 billion ദിര്‍ഹത്തിന്‍റെ വളര്‍ച്ചയാണ് യുഎഇ ഓഹരി വിപണിയിലുണ്ടായത്. മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍റെയും ട്രേഡിങ് വോളിയത്തിന്‍റെയും കാര്യത്തിൽ ദുബായ് ഫിനാന്‍ഷ്യൽ മാര്‍ക്കറ്റും അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചും മികച്ച നേട്ടമാണ് സ്വന്തമാക്കിയത്. ശക്തമായി നിലനില്‍ക്കുന്ന സാമ്പത്തിക മേഖലയും വിദേശ നിക്ഷേപം വര്‍ധിച്ചതും മികച്ച ഐപിഒകളും ഈ നേട്ടത്തിന് കരുത്തായി മാറി. മുന്നോട്ടുള്ള ഈ കുതിപ്പ് മേഖലയിലെ മികച്ച ഇന്‍വെസ്റ്റ്മെന്‍റ് ഹബ്ബ് എന്ന യുഎഇയുടെ സ്ഥാനം ഒന്നു കൂടി ഉറപ്പിച്ചുവെന്നാണ് മിഡിൽ ഈസ്റ്റ് ഇക്കണോമി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. മുന്‍ വര്‍ഷങ്ങളിൽ യുഎഇയിലെ പ്രാദേശിക സ്റ്റോക്ക് മാര്‍ക്കറ്റുകള്‍ നേടിയ ആ നേട്ടം ഈ വര്‍ഷവും തുടര്‍ന്നു. ഡിസംബര്‍ 31-ന് ട്രേഡിങ് അവസാനിച്ചപ്പോള്‍ അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിലെ മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍ 2.998 ട്രില്യണ്‍ ദിര്‍ഹമാണ്. 2023-ൽ ഇത് 2.961 ട്രില്യണ്‍ ദിര്‍ഹമായിരുന്നു. ദുബായ് ഫിനാന്‍ഷ്യൽ മാര്‍ക്കറ്റിലാകട്ടെ കഴിഞ്ഞ വര്‍ഷത്തെ ട്രേഡിങ് അവസാനിക്കുന്ന സമയത്ത് മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍ 906.912 ബില്യണ്‍ ദിര്‍ഹമായി വര്‍ധിച്ചിരുന്നു. 2023-ലെ അവസാന ട്രേഡിങ് ദിവസം ഇത് 687.5 ബില്യണ്‍ ദിര്‍ഹമായിരുന്നു. ട്രേഡിങ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും ഈ റിപ്പോര്‍ട്ടിൽ സൂചിപ്പിക്കുന്നുണ്ട്. 2024-ൽ യുഎഇയിലെ രണ്ട് സ്റ്റോക്ക് എക്സ്ചേഞ്ചുകളിലെയും ട്രേഡിങ് വാല്യൂ ഒരുമിച്ച് കണക്കു കൂട്ടുകയാണെങ്കിൽ അത് 449 ബില്യണ്‍ ദിര്‍ഹമാണ്. അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചാണ് 342.4 ബില്യണ്‍ ദിര്‍ഹവുമായി ഇക്കാര്യത്തിൽ മുന്നിലുള്ളത്. ദുബായ് ഫിനാന്‍ഷ്യൽ മാര്‍ക്കറ്റിലെ ട്രേഡിങ് വാല്യൂ 106.7 ബില്യണ്‍ ദിര്‍ഹമാണ്. രണ്ട് ഓഹരി മാര്‍ക്കറ്റുകളിലും കൂടി 2024-ൽ ആകെ ട്രേഡ് ചെയ്യപ്പെട്ട ഷെയറുകളുടെ എണ്ണം142 ബില്യണ്‍ കടന്നു. എഡിഎക്സിൽ 90.16 ബില്യണ്‍ ഷെയറുകളും ദുബായ് ഫിനാന്‍ഷ്യൽ മാര്‍ക്കറ്റിൽ 51.85 ബില്യണ്‍ ഷെയറുകളുമാണ് ട്രേഡ് ചെയ്യപ്പെട്ടത്. 7.2 മില്യണിലധികം ട്രേഡിങ് ട്രാന്‍സാക്ഷേനുകളുമാണ് രണ്ട് വിപണികളിലും കൂടി നടന്നത്. എഡിഎക്സിൽ 4.655 മില്യണ്‍ ട്രാന്‍സാക്ഷേനുകളും ദുബായ് ഫിനാന്‍ഷ്യൽ മാര്‍ക്കറ്റിൽ 2.55 മില്യണ്‍ ട്രാന്‍സാക്ഷേനുകളും നടന്നു. 2024-ലെ ട്രേഡിങ് വിന്‍ഡോ അവസാനിക്കുമ്പോള്‍ FTSE ADX General Index 9,414.460 പോയിന്‍റിലും DFM General Index 5,158.670 പോയിന്‍റിലുമാണ് ക്ലോസ് ചെയ്തത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *