യുഎഇയിലെ കുട്ടികളുടെ സുരക്ഷ; മുന്നറിയിപ്പുമായി അധികൃതര്‍
യുഎഇയിലെ മൂന്നിൽ ഒരു കുട്ടി അപരിചിതരുമായി ഓൺലൈനിൽ ആശയവിനിമയം നടത്തുന്നുവെന്നാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. അപരിചിതരും കുട്ടികളും തമ്മിലുള്ള സൈബർ ആശയ വിനിമയങ്ങൾ വർധിച്ച് വരികയാണെന്ന് യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടുത്തിടെ നടത്തിയ പഠനങ്ങളിലൂടെയാണ് മൂന്നിൽ ഒരു കുട്ടി ഓൺലൈനിൽ അപരിചിതരുമായി ആശയ വിനിമയം നടത്തുന്നുണ്ട് എന്ന് അധികൃതർക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്. ഡിജിറ്റൽ ലോകത്ത് കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്താൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് സൈബർ സെക്യൂരിറ്റി കൗൺസിൽ ആവശ്യപ്പെട്ടു. പ്രധാനമായും മൂന്ന് സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നാണ് കൗൺസിൽ രക്ഷിതാക്കളോട് പറയുന്നത്. ആപ്പ് പെർമിഷനുകൾ ലിമിറ്റ് ചെയ്യുകയും അറിയാത്തതോ സംശയാസ്പദമായതോ ആയ കോണ്ടാക്ടുകൾ ബ്ലോക്ക് ചെയ്യുകയും വേണം. ഡെയിലി സ്ക്രീൻ ടൈം ലിമിറ്റ് ചെയ്യുന്നതോടൊപ്പം അപകടകരമായ വെബ്സൈറ്റുകളും അനുചിതമായ കണ്ടൻറും ബ്ലോക്ക് ചെയ്യണം. കുട്ടിയുടെ ഓൺലൈൻ ഇടപെടലുകൾ കൃത്യമായ ഇടവേളകളിൽ റിവ്യൂ ചെയ്യണം. മാത്രമല്ല, സുരക്ഷിതമല്ലാത്ത ലിങ്കുകളെ ഒഴിവാക്കാനും അപരിചിതരോട് അകലം പാലിക്കാനും കുട്ടികൾക്ക് ബോധവൽക്കരണം നൽകണം. ഇത്തരത്തിൽ മുൻകരുതലുകൾ സ്വീകരിച്ചാൽ ഒരു പരിധി വരെ കുട്ടികൾ സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നത് തടയാൻ കഴിയും. ഡീപ് ഫെയിക്ക് ടെക്നോളജി ഉപയോഗിച്ചുള്ള തട്ടിപ്പുകൾ ഉയർത്തുന്ന ഭീഷണി വർധിക്കുന്നതായും കൗൺസിൽ മുന്നറിയിപ്പ് നൽകി. യഥാർത്ഥമായ കണ്ടൻറിൽ നിന്ന് യാതൊരു വ്യത്യാസവും തോന്നാത്ത തരത്തിലുള്ള വ്യാജ വീഡിയോകൾ എഐ ടൂളുകൾ ഉപയോഗിച്ച് നിർമ്മിക്കപ്പെടുന്നു എന്നാണ് സൈബർ സെക്യൂരിറ്റി കൗൺസിൽ പറയുന്നത്. ഇത്തരം തട്ടിപ്പുകൾക്ക് കുട്ടികൾ ഇരയാകാനുള്ള സാധ്യത ഏറെയാണ്. ഇതുവഴി വ്യക്തിഗത വിവരങ്ങൾ തട്ടിയെടുക്കുന്നതിനും പിന്നീട് ബ്ലാക്ക്മെയിൽ ചെയ്യുന്നതിനുമെല്ലാം തട്ടിപ്പുസംഘം തയ്യാറാകും. ഇത്തരത്തിലുള്ള വ്യാജ വീഡിയോകൾ എങ്ങനെ തിരിച്ചറിയാനാകും എന്ന കാര്യം കുട്ടികളെ പറഞ്ഞ് മനസ്സിലാക്കണം. ഇലക്ട്രോണിക് ഉപകരണങ്ങൾ സുരക്ഷിതമായി ഉപയോഗിക്കുന്നതിനെ കുറിച്ച് കുട്ടികൾക്കിടയിൽ ബോധവൽക്കരണം ആവശ്യമാണെന്ന് അബുദാബി പോലീസും അടുത്തിടെ വ്യക്തമാക്കിയിരുന്നു. വിശ്വാസ യോഗ്യമല്ലാത്ത വെബ്സൈറ്റുകളിൽ നിന്ന് ഇലക്ട്രോണിക് ഗെയിമുകൾ വാങ്ങുന്നത് ഒഴിവാക്കണമെന്ന് പോലീസ് രക്ഷിതാക്കളോട് അഭ്യർഥിച്ചു. സൈബർ സുരക്ഷ ഉറപ്പുവരുത്തിയില്ലെങ്കിൽ തട്ടിപ്പുസംഘം കുട്ടികളെ ഭീഷണിപ്പെടുത്താനും ബ്ലാക്ക്മെയിൽ ചെയ്യാനുമുള്ള സാധ്യത ഏറെയാണ്. ഇത് അവരെ മാനസികമായി ഏറെ ബാധിക്കുമെന്ന് ഷെയഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അസീസ അൽമഗ്യൂലി പറയുന്നു. കുട്ടികളുടെ സാമൂഹിക ബന്ധങ്ങളെയും ക്ഷേമത്തെയും സൈബർ ബുള്ളിയിങ് ദോഷകരമായി ബാധിക്കും. പേര് വെളിപ്പെടുത്താതെയോ വ്യാജ പേര് പറഞ്ഞ് കൊണ്ടോ കുട്ടികളോട് ആശയവിനിമയം നടത്തുന്നതിന് വേണ്ടിയാണ് തട്ടിപ്പുസംഘം ശ്രമിക്കുന്നത്. ഇത്തരം ആളുകൾ വ്യാജ ഐഡൻറിറ്റിയിലാണുള്ളതെന്ന് തിരിച്ചറിയാതെ കുട്ടികൾ അവരുമായി വ്യക്തിഗത വിവരങ്ങൾ പങ്കുവെക്കും. തങ്ങളുടെ വ്യക്തിഗത വിവരങ്ങൾ അപരിചിതരുമായി പങ്കുവെക്കരുത് എന്ന കാര്യം കുട്ടികൾക്ക് അറിഞ്ഞിരിക്കണമെന്നില്ല. അതുകൊണ്ട് തന്നെ കൃത്യമായ ബോധവൽക്കരണം ആവശ്യമാണെന്ന് സൈബർ സുരക്ഷാ കൗൺസിൽ വ്യക്തമാക്കി. ബോധവൽക്കരണം നടത്തുന്നതിനൊപ്പം അവരുടെ ഇടപെടലുകളെ നിരീക്ഷിക്കണം. മാത്രമല്ല, കുട്ടികൾക്ക് തുറന്ന് സംസാരിക്കുന്നതിനുള്ള അന്തരീക്ഷം ഒരുക്കണം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)