പ്രവാസികൾക്ക് ആശ്വാസ വാർത്ത: യുഎഇ വിസിറ്റ് വിസ അപ്രൂവൽ നിരക്ക് വർധിച്ചു
യുഎഇ വിസിറ്റ് വിസയുമായി ബന്ധപ്പെട്ട് അൽപ്പം ആശ്വാസം പകരുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. വിസിറ്റ് വിസയെടുക്കുന്നതിനായി നേരത്തെ ഉണ്ടായിരുന്ന നിബന്ധനകൾ യുഎഇ കർശനമാക്കിയതോടെ റിജക്ട് ചെയ്യപ്പെടുന്ന വിസകളുടെ എണ്ണം വർധിച്ചിരുന്നു. ഇതോടെ യുഎഇയിലേക്ക് വിസിറ്റ് വിസ എടുത്ത് പോകുന്നവർക്കിടയിൽ ആശങ്ക പരക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ അപ്രൂവ് ചെയ്യപ്പെടുന്ന യുഎഇ വിസിറ്റ് വിസകളുടെ എണ്ണം വർധിക്കുന്നതായാണ് റിപ്പോർട്ട്. ട്രാവൽ ഇൻഡസ്ട്രിയിൽ നിന്നുള്ള വിദഗ്ദർ നൽകിയ വിവരങ്ങളനുസരിച്ച് ഖലീജ് ടൈംസാണ് ഈ റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്. വിസ അപ്രൂവ് ചെയ്യപ്പെടാനുള്ള സാധ്യത ഉറപ്പുവരുത്തുന്നതിനായി ആവശ്യമായ രേഖകളെല്ലാം വിസ അപേക്ഷക്കൊപ്പം സമർപ്പിക്കണമെന്നാണ് വിദഗ്ദർ പറയുന്നത്. റീട്ടേൺ എയർ ടിക്കറ്റ്, താമസ രേഖ, ചെലവിനുള്ള തുകയുടെ വിവരങ്ങൾ എന്നിവയാണ് നൽകേണ്ടത്. നേരത്തെ ഈ നിയമപരമായ ആവശ്യകതകളെ കുറിച്ച് കൃത്യമായി ധാരണ ഇല്ലാത്തതിനാലാണ് വിസ അപേക്ഷകൾ കൂടുതലായി റിജക്ട് ചെയ്യപ്പെട്ടതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാൽ ട്രാവൽ ഏജൻസികൾ ഉൾപ്പടെയുള്ളവർ നടത്തിയ ബോധവൽക്കരണ ക്യാംപയിനുകളിലൂടെ ഈ പ്രശ്നം പരിഹരിക്കപ്പെട്ടെന്നും യാത്രക്കാർ നിബന്ധനകൾ പാലിക്കാൻ തുടങ്ങിയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഓരോ വർഷവും ദശലക്ഷക്കണക്കിന് വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുന്ന രാജ്യമാണ് യുഎഇ. ഇതിൽ കൂടുതൽ പേരും എത്തുന്നത് ദുബായിലേക്കാണ്. സമ്പന്ന രാജ്യങ്ങളിൽ നിന്ന് വരുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിലും വലിയ വർധനവാണ് ഉണ്ടാകുന്നത്. ഇവർ രാജ്യത്ത് പണം ചെലവഴിക്കുന്നതും വർധിക്കുന്നുണ്ട്. 16.79 ദശലക്ഷം വിനോദസഞ്ചാരികളാണ് 2024-ലെ ആദ്യ 11 മാസങ്ങളിലായി ദുബായിലെത്തിയത്. 9 ശതമാനത്തിൻറെ വളർച്ചയാണ് ഇക്കാര്യത്തിലുണ്ടായത്.ഏറ്റവുമധികം ടൂറിസ്റ്റുകൾ ദുബായിലെത്തിയത് പടിഞ്ഞാറൻ യൂറോപ്പിൽ നിന്നാണ്. ആകെ വിനോദസഞ്ചാരികളിൽ 20 ശതമാനവും ഈ മേഖലയിൽ നിന്നുള്ളവരാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 2024 അവസാനമായപ്പോഴേക്കും തങ്ങളുടെ സ്ഥാപനം വഴിയുള്ള വിസ അപ്രൂവൽ നിരക്ക് 5 മുതൽ 6 ശതമാനം വരെ വർധിച്ചെന്നാണ് അറബ് വേൾഡ് ടൂറിസത്തിലെ ഓപ്പറേഷൻസ് മാനേജർ ഷിറാസ് ഷറഫ് പറയുന്നത്. മുൻ ക്വാർട്ടറുകളെ അപേക്ഷിച്ച് രണ്ട് ശതമാനം വരെ ഈ ക്വാർട്ടറിൽ വർധനവുണ്ടായി എന്ന് ഷറഫ് കൂട്ടിച്ചേർത്തു. മുസാഫിർ.കോമിലെ ബി2സി അസിസ്റ്റൻറ് വൈസ് പ്രസിഡൻറായ റികിൻ ഷേതും ഇക്കാര്യം ആവർത്തിച്ചു. കുറച്ച് മുമ്പ് വിസ നിരസിക്കപ്പെടുന്ന തോത് വർധിച്ച് വന്നിരുന്നുവെന്നും ഈ പ്രശ്നം മറികടക്കാൻ യാത്രക്കാരെ കൃത്യമായി ബോധവൽക്കരണം നടത്താൻ തുടങ്ങിയെന്നും റികിൻ പറഞ്ഞു. താമസത്തിനുള്ള രേഖയും റിട്ടേൺ ടിക്കറ്റും ശരിയായത് തന്നെ വേണമെന്നാണ് യാത്രക്കാരോട് ആവശ്യപ്പെട്ടത്. നേരത്തെ ഉണ്ടായിരുന്ന ഡമ്മി ഡോക്യുമെൻറ് സമർപ്പിക്കുന്ന രീതികൾ ഒഴിവാക്കി. സൗത്ത് ഏഷ്യയിൽ നിന്ന് നിരവധി വിനോദ സഞ്ചാരികളാണ് ദുബായിലേക്ക് എത്തുന്നതെന്നും റികിൻ കൂട്ടിച്ചേർത്തു. സാധാരണയായി ഓരോ വർഷവും വിൻറർ സീസണിൽ ദുബായിലേക്ക് എത്തുന്നവരുടെ എണ്ണം വർധിക്കാറുണ്ട്. ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ നടക്കുന്നതിനാൽ ഇനി വരുന്ന മാസങ്ങളിൽ വിനോദസഞ്ചാരികളുടെ എണ്ണം 20 മുതൽ 25 ശതമാനം വരെ വർധിച്ചേക്കും. വിസിറ്റ് വിസ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കൃത്യമായ രേഖകൾ സമർപ്പിച്ചാൽ മതിയെന്നും ഇത് കൃത്യമായി പാലിക്കാൻ തുടങ്ങിയതാണ് അപ്രൂവൽ നിരക്ക് വർധിക്കാൻ കാരണമായതെന്നും റികിൻ ഷേത് വ്യക്തമാക്കി. ഷിറാസ് ഷറഫും ഇക്കാര്യം തന്നെയാണ് പറയുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)