‘വൺ ബില്യൺ റെഡിനസ്’; 100 കോടി പേർക്ക് അഗ്നിരക്ഷ പരിശീലനം നൽകാൻ യുഎഇ
ലോകത്താകമാനം 100 കോടി പേർക്ക് അഗ്നിരക്ഷ പരിശീലനം നൽകുന്ന പദ്ധതി പ്രഖ്യാപിച്ച് ദുബൈ. ‘വൺ ബില്യൺ റെഡിനസ്’ എന്ന് പേരിട്ട പദ്ധതിയിൽ 34 രാജ്യങ്ങളുമായും 16 സംഘടനകളുമായും കൈകോർത്ത് ലക്ഷ്യം കൈവരിക്കാനാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. 2025 മുതൽ 2027 വരെയാണ് സംരംഭം നടപ്പാക്കുക. 100 കോടി പേർക്ക് അഗ്നി പ്രതിരോധ നടപടികൾ പരിശീലിപ്പിക്കാനും ബോധവത്കരിക്കാനുമാണ് ലക്ഷ്യമിടുന്നത്. സംരംഭത്തിൻറെ പ്രധാന ഘടകമായ ‘ഹോപ്പ് കോൺവോയ്സ് പദ്ധതി’യിൽ വികസ്വര രാജ്യങ്ങൾക്ക് അത്യാവശ്യ ഉപകരണങ്ങൾ വിതരണം ചെയ്യുകയും അഗ്നിശമന സ്റ്റേഷനുകൾ സ്ഥാപിക്കുകയും ചെയ്യുമെന്ന് ശൈഖ് മൻസൂർ വ്യക്തമാക്കി.തീപിടിത്തങ്ങളിൽനിന്ന് സുരക്ഷിതരാവാനുള്ള ലോകത്തെ ഏറ്റവും വലിയ പദ്ധതികളിലൊന്നാണിതെന്ന് ദുബൈ ദുരന്തനിവാരണ ഉന്നതാധികാര സമിതി ചെയർമാൻ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു.ലോകത്താകമാനം വ്യത്യസ്ത ഭാഷകളിൽ ലഭ്യമാകുന്ന പ്രത്യേക ഡിജിറ്റൽ പ്ലാറ്റ്ഫോമിൻറെ സഹായത്തോടെയാണ് പരിശീലനം നൽകുകയെന്ന് ദുബൈ സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് ജനറൽ ഡയറക്ടർ ലഫ്. ജനറൽ റാശിദ് ഥാനി അൽ മത്റൂഷി പറഞ്ഞു. പ്രാദേശിക തലത്തിൽ സമൂഹത്തിൻറെ എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള വിപുലമായ ബോധവത്കരണ കാമ്പയിനുകളും പദ്ധതിയിൽ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യക്തികൾ, സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യമേഖല, സ്കൂളുകൾ എന്നിവയിലൂടെ കാമ്പയിൻ സന്ദേശം വ്യത്യസ്ത പ്രേക്ഷകരിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)