അതിരുവിട്ട വിവാഹഘോഷം, ഉഗ്രശേഷിയുള്ള പടക്കങ്ങൾ പൊട്ടിച്ചു; അടുത്ത വീട്ടിലെ 22 ദിവസം പ്രായമുള്ള കുഞ്ഞിന് അപസ്മാരം, തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ
വിവാഹഘോഷത്തിനിടെ ഉഗ്രശേഷിയുള്ള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് അടുത്ത വീട്ടിലെ 22 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. കണ്ണൂർ തൃപ്പങ്ങോട്ടൂരാണ് സംഭവം. അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞിനാണ് ആരോഗ്യപ്രശ്നങ്ങളുണ്ടായത്. അപസ്മാരമുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
കഴിഞ്ഞ ഞായറാഴ്ചയും തിങ്കളാഴ്ചയുമാണ് വിവാഹാഘോഷം നടന്നത്. ശബദം കേട്ട് കുഞ്ഞിന്റെ വായയും കണ്ണും തുറന്നുപോയിരുന്നു. ഇതിന് പിന്നാലെയാണ് അപസ്മാരം ഉണ്ടായത്. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
വരനെ സ്വീകരിക്കുന്ന ചടങ്ങിനിടെയായിരുന്നു യുവാക്കളുടെ അതിരുവിട്ട ആഘോഷം. ഏഴ് മാസം ഗർഭിണിയായ മറ്റൊരു സ്ത്രീയും വീട്ടിലുണ്ടായിരുന്നു. പടക്കം പൊട്ടിക്കാൻ തുടങ്ങിയപ്പോൾ തന്നെ കുഞ്ഞിന്റെ ബന്ധുക്കൾ പോയി സംസാരിച്ചിരുന്നു. എന്നാൽ അത് വകവയ്‌ക്കാതെ പടക്കം പൊട്ടിക്കുന്നത് തുടരുകയായിരുന്നു.
പടക്കം പൊട്ടിക്കരുതെന്ന് അവരോട് പറഞ്ഞതാണെന്നും എന്നാൽ അവർ അത് കാര്യമാക്കിയില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറഞ്ഞു. പടക്കം പൊട്ടിക്കുന്ന ശബ്ദത്തിനേക്കാൾ വലിയ ശബ്ദമാണ് കേട്ടത്. അമ്മയുടെ അടുത്താണ് കുഞ്ഞ് കിടന്നിരുന്നത്. പെട്ടെന്ന് ഞെട്ടി കണ്ണ് തുറന്നു. അനക്കമുണ്ടായിരുന്നില്ല. കാലിൽ തട്ടിയപ്പോഴാണ് ശ്വാസം വന്നത്. അപ്പോൾ തന്നെ അവരോട് പോയി പറഞ്ഞിരുന്നു. പക്ഷേ അവർ കേട്ടില്ല. അടുത്ത ദിവസം വീണ്ടും പടക്കം പൊട്ടിച്ചു. മുറിയടച്ച് ഫാൻ ഇട്ട് കുഞ്ഞിനെ കിടത്തയെങ്കിലും ശബ്ദം കേട്ട് ഇടയ്‌ക്കിടയ്‌ക്ക് ഉണർന്നിരുന്നു. ഒരു വലിയ ശബ്ദം കേട്ട് കുഞ്ഞിന്റെ വായും കണ്ണും തുറന്നുപോയി. ശരീരത്തിന്റെ നിറം മാറി. ജീവൻ പോയിയെന്നാണ് വിചാരിച്ചതെന്നും അവർ പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)