Posted By sneha Posted On

കേരളത്തിൽ വരാമെന്ന് യുഎഇ മന്ത്രിയുടെ ഉറപ്പ്, കൂടെ വമ്പൻ സംഘവും; ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന് വൻ നേട്ടം

കേരള സർക്കാർ സംഘടിപ്പിക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ യു.എ.ഇ സാമ്പത്തികകാര്യ മന്ത്രി ഹിസ് എക്സലൻസി അബ്ദുള്ള ബിൻ തൗഖ് അൽ മാരി മുഖ്യാതിഥിമാരിലൊരാളായി പങ്കെടുക്കും. ഇന്ന് അദ്ദേഹവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കേരളത്തിന്റെ ക്ഷണം സ്വീകരിച്ചുകൊണ്ടുള്ള ഉറപ്പ് ലഭ്യമായത്. യു.എ.ഇയിലെ പ്രധാന വ്യവസായ സ്ഥാപനങ്ങളുടെ പ്രതിനിധികൾ ഉൾപ്പെടുന്ന സംഘവും മന്ത്രിക്കൊപ്പം ഉണ്ടാകും. പ്രമുഖ വ്യവസായിയും ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് എം.ഡിയുമായ അദീബ് അഹമ്മദും ഇന്നത്തെ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

കേരളത്തിൽ ലോജിസ്റ്റിക്സ്, ഭക്ഷ്യ സംസ്കരണം തുടങ്ങിയ മേഖലകളിൽ കൂടുതൽ നിക്ഷേപത്തിന് താൽപര്യമുള്ളതായി യു.എ.ഇ മിനിസ്റ്റർ ഓഫ് ഇൻവെസ്റ്റ്മെൻ്റ് മുഹമ്മദ് ഹസൻ അൽ സുവൈദി ഇന്നലെ പറഞ്ഞിരുന്നു. ഐ.കെ.ജി.എസിൽ പങ്കെടുക്കുന്ന പ്രത്യേക സംഘം ഇക്കാര്യങ്ങൾ വിലയിരുത്തും. അബുദാബി ചേംബർ ഓഫ് കോമേഴ്സും നിക്ഷേപക സംഗമത്തിന് പ്രത്യേക സംഘത്തെ അയക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവിനെ അറിയിച്ചു. ഐ.കെ.ജി.എസിന് മുൻപായി പ്രാഥമിക പരിശോധനകൾക്കായി ചേംബറിൻ്റെ ഉദ്യോഗസ്ഥ സംഘത്തെ കേരളത്തിലേക്ക് അയക്കും. ലഭ്യമായ സ്ഥലങ്ങൾ പരിശോധിക്കുന്നതിനും നിക്ഷേപ മേഖലകൾ വിലയിരുത്തുന്നതിനുമാണ് ഉദ്യോഗസ്ഥ സംഘത്തെ അയക്കുന്നത്. ചേംബർ ഓഫ് കോമേഴ്സ് ചെയർമാനും ഡിപ്പാർട്ട്മെൻ്റ് ഓഫ് ഇക്കണോമിക് ഡവലപ്മെൻ്റ് തലവനുമായ അഹമ്മദ് ജാസിം, ഫസ്റ്റ് വൈസ് ചെയർമാൻ ഡോ. സഈദ് ബിൻ ഹർമാൽ അൽ ദഹേരി, സെക്കൻ്റ് വൈസ് ചെയർമാൻ ഡോ. ഷാമിസ് അലി ഖൽഫാൻ അൽ ദഹേരി എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

രണ്ടു ദിവസത്തെ ദുബായ് ഇൻവെസ്റ്റർ മീറ്റിലും റോഡ് ഷോയിലുമായി പ്രധാന വ്യവസായികൾ, വാണിജ്യ സംഘടനകൾ എന്നിവരുമായി കൂടിക്കാഴ്ചയും ചർച്ചകളും നടക്കും. വ്യവസായ മന്ത്രി പി.രാജീവ്, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എ മുഹമ്മദ് ഹനീഷ്, കെ.എസ്.ഐഡി.സി എം.ഡി എസ് ഹരികിഷോർ, ഒ. എസ്.ഡി ആനി ജൂല തോമസ് തുടങ്ങിയവരും പരിപാടികളിൽ പങ്കെടുത്തു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *