യുഎഇയിൽ ‘സാലിക്’ നിരക്ക് മാറ്റം ജനുവരി 31മുതൽ; തിരക്കേറിയ സമയങ്ങളിൽ 6 ദിർഹം ഈടാക്കും
എമിറേറ്റിലെ റോഡ് ടോൾ സംവിധാനമായ സാലിക്കിന്റെ നിരക്ക് മാറ്റം ജനുവരി 31മുതൽ. വെള്ളിയാഴ്ചയാണ് കമ്പനി അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. തിരക്കേറിയ സമയങ്ങളിൽ സാലിക്ക് നിരക്ക് ആറ് ദിർഹമായി ഉയരുന്നതാണ് പ്രധാനമാറ്റം. നിലവിൽ എല്ലാ സമയത്തും 10 ടോൾ ഗേറ്റുകളിലും നാല് ദിർഹമാണ് ഈടാക്കുന്നത്. അതേസമയം എല്ലാ ദിവസം അർധരാത്രിക്ക് ശേഷം, രാത്രി 1മുതൽ രാവിലെ 6വരെ ടോൾ നിരക്ക് സൗജന്യമായിരിക്കും.പ്രവൃത്തി ദിനങ്ങളിൽ തിരക്ക് വർധിക്കുന്ന സമയങ്ങളായ രാവിലെ ആറ് മുതൽ പത്ത് വരെയും, വൈകീട്ട് 4 മുതൽ രാത്രി 8 വരെയുമാണ് ടോൾ ഗേറ്റ് കടന്നുപോകുന്നതിന് ആറ് ദിർഹം നൽകേണ്ടത്. തിരക്കില്ലാത്ത് സമയങ്ങളിൽ നിലവിലെ നിരക്കായ നാല് ദിർഹം നൽകിയാൽ മതി. പൊതുഅവധിയല്ലാത്ത ഞായറാഴ്ചകളിൽ നാലുദിർഹമായിരിക്കും സാലിക്ക് നിരക്ക്. മറ്റ് പൊതുഅവധികൾ, പ്രധാനപരിപാടി നടക്കുന്ന ദിവസങ്ങൾ എന്നിവയിൽ എല്ലാസമയത്തും നാല് ദിർഹം സാലിക്ക് ഈടാക്കാനാണ് തീരുമാനം. റമദാൻ ഒഴികെയുള്ള മാസങ്ങളിലെല്ലാം ഈ സമയക്രമത്തിന് അനുസരിച്ചാണ് നിരക്ക് ഈടാക്കുക.റമദാനിൽ പ്രത്യേകമായ സമയക്രമമാണുണ്ടാവുക. റമദാനിൽ പ്രവൃത്തിദിവസങ്ങളിലെ തിരക്കേറിയ സമയമായ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ആറ് ദിർഹമാണ് ഈടാക്കുക. പ്രവൃത്തിദിവസങ്ങളിൽ രാവിലെ 7 മുതൽ 9 വരെയും വൈകുന്നേരം 5 മുതൽ അടുത്ത ദിവസം പുലർച്ചെ 2 വരെയും നാല് ദിർഹമായിരിക്കും. റമദാനിൽ പുലർച്ചെ 2 മുതൽ 7 വരെയാണ് സൗജന്യം. റമദാനിലെ ഞായറാഴ്ചകളിൽ രാവിലെ ഏഴ് മുതൽ പുലർച്ചെ 2വരെ നാല് ദിർഹമായിരിക്കും. അൽ സഫയിലെയും അൽ മംസാറിലെയും നോർത്ത്, സൗത്ത് ടോൾ ഗേറ്റുകൾ വഴി ഒരു മണിക്കൂറിനിടയിൽ കടക്കുന്ന വാഹനങ്ങളിൽ നിന്ന് ഒരിക്കൽ മാത്രമേ ടോൾ ഈടാക്കൂ എന്ന പതിവിന് മാറ്റമുണ്ടാകില്ല.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)