മദീന സന്ദർശിക്കാൻ പോയ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; മലയാളി യുവതിക്ക് ദാരുണാന്ത്യം; നാലുപേര്‍ക്ക് പരിക്ക്
മദീന സന്ദർശനത്തിനായി പുറപ്പെട്ട മലയാളി കുടുംബത്തിന്റെ വാഹനം അപകടത്തിൽപ്പെട്ട് മലയാളി യുവതിക്ക് ദാരുണാന്ത്യം. ജിദ്ദയിൽ നിന്ന് പുറപ്പെട്ട ഇവർ സഞ്ചരിച്ച വാഹനം മദീനയിലെത്തുന്നതിന് മുമ്പ് ബദ്‌റിനടുത്ത് വെച്ചാണ് അപകടത്തിൽ പെട്ട് മലപ്പുറം സ്വദേശിനി മരിച്ചത്. ഒതുക്കുങ്ങൽ ഇല്ലിക്കോട്ടിൽ ഷഹ്‌മ ഷെറിൻ (30) ആണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന നാലു പേർക്ക് പരിക്കേറ്റു. പരിക്കേറ്റ ഷഹ്‌മ ഷെറിന്‍റെ സഹോദരീ ഭർത്താവ് മുഹമ്മദ് റഷാദ്, അവരുടെ മകൾ ആയിഷ റൂഹി എന്നിവരെ മദീന കിങ് ഫഹദ് ആശുപത്രിയിലും സഹോദരി നജിയ ഷെറിൻ, ഷഹ്‌മയുടെ മകൾ ജസ ഫാത്തിമ എന്നിവരെ യാംബു ജനറൽ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. ജസ ഫാത്തിമയുടെ പരിക്ക് നിസ്സാരമായതിനാൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയിട്ടുണ്ട്.
വ്യഴാഴ്ച പുലർച്ചെ ജിദ്ദയിൽ നിന്ന് മദീനയിലേക്ക് പുറപ്പെട്ട ആറ് പേരടങ്ങുന്ന രണ്ട് കുടുംബങ്ങൾ സഞ്ചരിച്ച കാർ ആണ് അപകടത്തിൽ പെട്ടത്. ബദ്റിൽ നിന്ന് മദീന റോഡിൽ 40 കിലോമീറ്റർ അകലെ വ്യാഴാഴ്ച രാവിലെ 9.30 ന് ഇവരുടെ കാർ, ട്രൈലർ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ജംഷീർ അലിയാണ് ഷഹ്‌മ ഷെറിെൻറ ഭർത്താവ്. പിതാവ്: മുഹമ്മദ് കുട്ടി ഇല്ലിക്കോട്ടിൽ കൈപ്പറ്റ, മാതാവ്: ജമീല, മകൾ: ജസ ഫാത്തിമ, സഹോദരങ്ങൾ: അബൂബക്കർ, ജിൻഷാദ്, നജിയ ഷിറിൻ. ഷഹ്‌മ ഷെറിെൻറ മൃതദേഹം നടപടികൾ പൂർത്തിയാക്കി വെള്ളിയാഴ്ച ജുമുഅ നമസ്കാര ശേഷം ബദ്‌റിൽ ഖബറടക്കം ചെയ്തു. ബദ്‌റിലെയും യാംബുവിലെയും സാമൂഹിക സംഘടനാ നേതാക്കളും പ്രവർത്തകരും നടപടികൾ പൂർത്തിയാക്കാനും ആശുപത്രി നടപടികൾക്കും രംഗത്തുണ്ടായിരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)