യുഎഇയിൽ ഒരു ദിവസം പ്രായമായ കുഞ്ഞിനെയും നഴ്സറിയിൽ പ്രവേശിപ്പിക്കാം
ഒരുദിവസം പ്രായമായ കുഞ്ഞിനെയും നഴ്സറികളിൽ പ്രവേശിപ്പിക്കാൻ അനുമതി നൽകി അബൂദബി. അബൂദബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പാണ് ഇതുസംബന്ധിച്ച നയം പുറത്തിറക്കിയത്. ജനിച്ച് ഒരു ദിവസം മുതൽ നാലുവയസ്സുവരെയുള്ള കുട്ടികൾക്കാണ് നഴ്സറികളിൽ പ്രവേശനം അനുവദിക്കുകയെന്ന് അഡെക്കിൻറെ പ്രാരംഭ വിദ്യാഭ്യാസ സ്ഥാപന (ഇ.ഇ.ഐ) നയത്തിൽ പറയുന്നു.2024-2025 അക്കാദമിക് വർഷം മുതൽ പുതിയ നയം പ്രാബല്യത്തിൽ വന്നിട്ടുണ്ട്. 2025-2026 അധ്യയന വർഷത്തിൽ നഴ്സറികൾ നിർബന്ധമായും നിർദേശം നടപ്പാക്കുകയും വേണം. ജോലിക്കാരായ അമ്മമാരുടെ സൗകര്യാർഥമാണ് പുതിയ നയം പുറത്തിറക്കിയത്. അതേസമയം തീരുമാനത്തോട് സമിശ്രപ്രതികരണമാണ് സമൂഹത്തിൽ നിന്നുയർന്നത്. നവജാതശിശുക്കൾ ഏതാനും മാസമെങ്കിലും അമ്മമാർക്കൊപ്പമാണ് കഴിയേണ്ടതെന്ന് നിരവധി പേർ അഭിപ്രായപ്പെട്ടു. ജോലിക്കാരായ അമ്മമാർക്ക് മതിയായ പ്രസവാവധി നൽകുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും ചിലർ ചൂണ്ടിക്കാട്ടി. കുട്ടികളെ നോക്കാൻ വീട്ടിൽ ആരുമില്ലാത്ത ജോലിക്കാരായ ദമ്പതികൾക്ക് പുതിയ നയം ആശ്വാസമാണെന്നാണ് നിരവധി യുവ അമ്മമാർ പ്രതികരിച്ചത്. നിലവിൽ വിവിധ നഴ്സറികളിൽ 45 ദിവസം പ്രായമായ കുഞ്ഞുങ്ങൾക്ക് അഡ്മിഷൻ നൽകുന്നുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)