യുഎഇയിൽ സ്വകാര്യ മേഖലയിൽ 29,000 തൊഴിൽ നിയമലംഘനങ്ങൾ; കഴിഞ്ഞ വർഷം നടത്തിയത് 6.88 ലക്ഷം പരിശോധനകൾ
കഴിഞ്ഞ വർഷം സ്വകാര്യ മേഖലയിൽ 29,000 തൊഴിൽ നിയമലംഘനങ്ങൾ കണ്ടെത്തിയതായി മാനവ വിഭവശേഷി, എമിററ്റൈസേഷൻ മന്ത്രാലയം അറിയിച്ചു. 2024ൽ സ്വകാര്യ മേഖലയിലെ കമ്പനികളിൽ 6,88,000 പരിശോധനകൾ നടത്തിയതായും, ഇതിൽ 12,509 സ്ഥാപനങ്ങൾ തൊഴിൽ, ആരോഗ്യ, തൊഴിൽ സുരക്ഷ മാനദണ്ഡങ്ങൾ ലംഘിച്ചതായും കണ്ടെത്തിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ലൈസൻസില്ലാതെ റിക്രൂട്ട്മെൻറ് പ്രവർത്തനങ്ങൾ നടത്തിയ 20 നിയമലംഘനങ്ങളും മന്ത്രാലയം കണ്ടെത്തി. തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് ഫീസ് ഈടാക്കൽ, ലൈസൻസില്ലാതെ റിക്രൂട്ട്മെൻറ് നടത്തൽ, ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാതെ കമ്പനികൾ അടച്ചുപൂട്ടൽ, വേതന സംരക്ഷണ സംവിധാനം(ഡബ്ല്യു.പി.എസ്) പാലിക്കുന്നതിൽ പരാജയപ്പെടൽ, തെറ്റായ വിവരങ്ങൾ സമർപ്പിക്കൽ തുടങ്ങിയവയാണ് പിടികൂടിയ നിയമലംഘനങ്ങളിൽ ഉൾപ്പെടുന്നത്. തൊഴിൽ പരിശോധനകളിൽ നൂതന സംവിധാനങ്ങളും നിയമപരമായ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. മറ്റു തടസ്സങ്ങളില്ലെങ്കിൽ പരിശോധനകളെ കുറിച്ച് തൊഴിലുടമകളെയോ അവരുടെ പ്രതിനിധികളെയോ അറിയിക്കുക, കമ്പനിയുടെ രഹസ്യാത്മകത കാത്തുസൂക്ഷിച്ചുകൊണ്ട് ഉത്തരവാദിത്തത്തോടെയും സുതാര്യമായും ചുമതല നിർവഹിക്കുക തുടങ്ങിയവയിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സ്വീകരിച്ചത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)