തൊഴിലാളികളെ തേടി യുഎഇ, മലയാളികൾക്ക് ‘പ്രതീക്ഷ’; ഈ മേഖലയിൽ കൂടുതൽ ശമ്പളവും അവസരവും
കൂടുതൽ മാറ്റത്തിന് തയാറെടുക്കുകയാണ് യുഎഇയുടെ തൊഴിൽ വിപണി. 2025ൽ പ്രഫഷനലുകളുടെ ആവശ്യം വർധിക്കുന്ന തൊഴിൽ മേഖലകളേതൊക്കെയാണ്, ശമ്പളം ഉയരാൻ സാധ്യതയുളള തൊഴിൽ മേഖലകൾ ഏതൊക്കയാണ്. അക്കൗണ്ടൻസി -ഫിനാൻസ്, ബാങ്കിങ് – സാമ്പത്തിക സേവനങ്ങൾ, നിർമ്മാണം- വസ്തു, സ്വദേശിവൽക്കരണം, മാനവവിഭവശേഷി, നിയമം, സാങ്കേതികവിദ്യ, സെയിൽസ് -മാർക്കറ്റിങ് തുടങ്ങി വിവിധ മേഖലകളിലെ തൊഴിൽ പ്രവണതകൾ അടിസ്ഥാനമാക്കിയാണ് ഹെയ്സ് ജിസിസി സാലറി ഗൈഡ് തയാറാക്കിയിരിക്കുന്നത്.ഹെയ്സിന്റെ ജിസിസി സാലറി ഗൈഡ് 2025 ലെ സർവെ പ്രകാരം 30 ശതമാനം തൊഴിലുടമകളും 2.5 ശതമാനം മുതൽ 5 ശതമാനം വരെ ശമ്പള വർധനവ് നൽകാൻ സന്നദ്ധരാണ്. 5 ശതമാനം തൊഴിലുടമകൾ ജീവനക്കാരെ നിലനിർത്തുന്നതിന് ശമ്പളത്തിൽ 20 ശതമാനത്തിലധികം വർധനവ് വരുത്താനും തയാറാണെന്ന് സർവെ പറയുന്നു. ഗൾഫ് മേഖലയിലെ 1028 തൊഴിലുടമകളുമായും 925 തൊഴിലാളികളുമായും പഠനം നടത്തിയതിന് ശേഷമാണ് ഹെയ്സിന്റെ മിഡിൽ ഈസ്റ്റ് ഡിവിഷൻ സർവെ റിപ്പോർട്ട് തയാറാക്കിയത്.
∙ ജോലി സാധ്യത കൂടും
മിഡിൽ ഈസ്റ്റിലുടനീളം 2024നെ അപേക്ഷിച്ച് 2025 ൽ ജോലി നിയമന നിരക്കുകൾ കൂടും. തൊഴിലുടമകളും പ്രഫഷനലുകളും മാറ്റം തേടുകയാണെന്ന് ഹെയ്സ് മിഡിൽ ഈസ്റ്റിലെ മാനേജർ ഡയറക്ടർ ഒലിവർ കോവാൽസ്കി പറയുന്നു. മേഖലയിലെ മാറ്റങ്ങൾക്ക് അനുസൃതമായി ജോലി നൈപുണ്യമുളളവരെ തേടുകയാണ് തൊഴിലുടമകളെങ്കിൽ, പുതിയതും കൂടുതൽ വരുമാനം ലഭിക്കുന്നതുമായ അവസരങ്ങൾ തേടുകയാണ് പ്രഫഷനലുകളെന്നും സർവെ റിപ്പോർട്ട് പറയുന്നു. തുടർച്ചയായ നിക്ഷേപം, ഡിജിറ്റൽ പരിവർത്തനം, പുതിയ സാങ്കേതികവിദ്യകൾ തുടങ്ങിയവയാണ് ഗൾഫ് മേഖലയ്ക്ക് ഗുണകരമാകുന്നതെന്നും കോവാൽസ്കി വിലയിരുത്തുന്നു.
∙ 2025ലെ പ്രതീക്ഷ
തൊഴിലുടമകളിൽ 78 ശതമാനം പേരും സ്ഥിര നിയമനം, താൽക്കാലിക കരാർ, അല്ലെങ്കിൽ ഫ്രീലാൻസ് വീസ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കാൻ സജ്ജമാണ്. അതുകൊണ്ടുതന്നെ ജോലി ഒഴിവുകൾ ഈ വർഷം പ്രതീക്ഷിക്കാം. എന്നാൽ 14 ശതമാനം തൊഴിലുടമകൾക്ക് പുതിയ ജീവനക്കാരെ നിയമിക്കാൻ പദ്ധതികളില്ല. ഗൾഫ് മേഖലയിലെ 67 ശതമാനം പ്രഫഷനലുകളും ഈ വർഷം ജോലി മാറാൻ താൽപര്യപ്പെടുന്നുവെന്നാണ് സർവെ വിലയിരുത്തൽ. 78 ശതമാനം പേർ ശമ്പള വർധനവ് പ്രതീക്ഷിക്കുന്നു. തങ്ങളുടെ സ്ഥാപനത്തിൽ ശമ്പള-വേതന വർധനവ് പ്രതീക്ഷിക്കുന്നവരാണ് 77 ശതമാനം പേരും. 2.5 ശതമാനം മുതൽ 5 ശതമാനം വരെയാണ് വേതനവർധനവ് പ്രതീക്ഷിക്കുന്നത്.
∙ ജോലി ഒഴിവ് പ്രതീക്ഷിക്കുന്ന പ്രധാനതൊഴിൽ മേഖലകൾ
ബാങ്കിങ് ഫിനാൻസ് തൊഴിൽ മേഖലയിലാണ് കൂടുതൽ ജോലി ഒഴിവുകൾ പ്രതീക്ഷിക്കുന്നത്. നിക്ഷേപകരുടെയും അവസരങ്ങളുടെയും പ്രധാന മേഖലയെന്നുളള രീതിയിൽ ഗണ്യമായ വളർച്ച പ്രതീക്ഷിക്കുന്നുണ്ട് യുഎഇ. സമീപകാലങ്ങളിൽ നിക്ഷേപത്തിലുണ്ടായ വർധനവ് സൂചിപ്പിക്കുന്നതും അതുതന്നെയാണ്. നിർമ്മാണ മേഖലയിലും അഭിവൃധി പ്രകടമാണ്. സാങ്കേതിക വിദ്യയിലെ തൊഴിൽ വിപണിയും സജീവമാണ്. വിദഗ്ധരായ പ്രഫഷനലുകളില്ലാതെ തൊഴിൽ മേഖല പൂർണ്ണമാകില്ല. നികുതി രഹിത ശമ്പളവും ജോലി അവസരങ്ങളും വിദേശപ്രതിഭകൾക്ക് ഇഷ്ട ഇടമായി യുഎഇ മാറുന്നതിന്റെ പ്രധാനകാരണമാണ്.
∙ 2024ലെ നിയമനകണക്കുകൾ
2023 ൽ 62 ശതമാനം സ്ഥാപനങ്ങളും ജീവനക്കാരുടെ എണ്ണം വർധിപ്പിച്ചപ്പോൾ 2024ൽ അത് 68 ശതമാനമായി ഉയർന്നു. 2025ൽ 86 ശതമാനം സ്ഥാപനങ്ങൾ പ്രഫഷനലുകളെ തേടുകയാണെന്നാണ് സർവെ പറയുന്നത്. 2024ൽ 71 ശതമാനം തൊഴിലുടമകളും തൊഴിലാളികൾക്ക് ശമ്പള വർധനവ് അനുവദിച്ചുനൽകി. എന്നിരുന്നാൽ തന്നെയും 2024ൽ 51 ശതമാനമാണ് ശമ്പളവർധനവ് ലഭിച്ചതായി സ്ഥിരീകരിക്കുന്നത്. 2023 ൽ ഇത് 58 ശതമാനമായിരുന്നു.സർവേയിൽ പങ്കെടുത്ത 35 ശതമാനം തൊഴിലുടമകളും തങ്ങളുടെ ജീവനക്കാർക്ക് ഫ്ലെക്സിബിൾ വർക്കിങ് ഓപ്ഷനുകളും വാഗ്ദാനം ചെയ്തിട്ടുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)