മരുന്ന്, ചികിത്സാ ഉപകരണ ഉൽപാദനം: 3 വൻകിട ഫാക്ടറികൾ സ്ഥാപിക്കാൻ യുഎഇ
ഷാർജയിൽ 30.87 കോടി ദിർഹം ചെലവിൽ 3 മരുന്ന് ഉൽപാദന കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു. ലോകോത്തര നിലവാരമുള്ള മരുന്നുകൾ പ്രാദേശികമായി ഉൽപാദിപ്പിച്ച് ജനങ്ങളുടെ ചികിത്സച്ചെലവ് കുറയ്ക്കുകയാണ് ലക്ഷ്യം. ഇന്റർനാഷനൽ ഫാർമസി ആൻഡ് മെഡിസിൻ കോൺഫറൻസിൽ (ഐസിപിഎം 2025) ഇതുസംബന്ധിച്ച കരാർ ഒപ്പുവച്ചു. ഷാർജ റിസർച്, ടെക്നോളജി ആൻഡ് ഇന്നവേഷൻ പാർക്കിൽ നടന്ന സമ്മേളനത്തിലാണ് പുതിയ ഫാക്ടറികൾക്കായുള്ള കരാറുകളിൽ ഒപ്പുവച്ചത്. മേഖലയിലെ വളരുന്ന ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിന് കരുത്തു പകരുന്നതായിരിക്കും പദ്ധതികൾ.ശ്വാസകോശ, നേത്ര, ഉദര രോഗങ്ങളുമായി ബന്ധപ്പെട്ട മരുന്നുകൾ, ആന്റിബയോട്ടിക് കാപ്സ്യൂളുകൾ, പ്രഥമശുശ്രൂഷാ ഉൽപന്നങ്ങൾ എന്നിവ നിർമിക്കുന്നതിനായിരിക്കും ഫാക്ടറികൾ ഊന്നൽ നൽകുക. 2026ഓടെ 3 ഫാക്ടറികളുടെയും പ്രവർത്തനം തുടങ്ങും. ആഗോള കമ്പനികളുമായി യുഎഇ ആസ്ഥാനമായുള്ള ഫാക്ടറികൾ സഹകരണം ശക്തിപ്പെടുത്തുമെന്ന് സംഘാടക സമിതി ചെയർമാൻ ഡോ. മുനീർ റയ്യാൻ പറഞ്ഞു.
4.4 കോടി ഡോളർ ചെലവിൽ നിർമിക്കുന്ന ആദ്യ പ്ലാന്റ് 2 വർഷത്തിനകം പ്രവർത്തന സജ്ജമാകും. ശ്വസന, നേത്ര രോഗങ്ങളുമായി ബന്ധപ്പെട്ട മരുന്നുകളും ഉപകരണങ്ങളുമായിരിക്കും ഇവിടെ ഉൽപാദിപ്പിക്കുക. 3.5 കോടി ഡോളർ ചെലവിലാണ് ആന്റിബയോട്ടിക് ഫാക്ടറി സജ്ജമാക്കുന്നത്.
വർഷത്തിൽ 60 കോടി ക്യാപ്സ്യൂൾ ഉൽപാദന ശേഷിയുള്ള ഫാക്ടറിയും 2026ൽ പ്രവർത്തനം ആരംഭിക്കും. പ്രഥമശുശ്രൂഷാ ഉൽപന്നങ്ങൾ നിർമിക്കുന്നതായിരിക്കും 50 ലക്ഷം ഡോളർ ചെലവിൽ സജ്ജമാക്കുന്ന മൂന്നാമത്തെ ഫാക്ടറി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)