യുഎഇയിൽ തൊഴിലാളികൾക്ക് ആശ്വാസം; തൊഴിൽനഷ്ട ഇൻഷുറൻസ് വഴി ആനുകൂല്യം ലഭിച്ചത് 10,500 പേർക്ക്; മൂന്നുമാസം ശമ്പളത്തിന്റെ 60% നൽകി
യുഎഇയിൽ ജോലി നഷ്‌ടമായ തൊഴിലാളികൾക്ക് തൊഴിൽനഷ്ട ഇൻഷുറൻസ് വഴി ആനുകൂല്യം. 2024ൽ പദ്ധതിയിലൂടെ 10,500 പേർക്കാണ് ആനുകൂല്യം ലഭിച്ചത്. ജോലി നഷ്ടപ്പെട്ട് സാമ്പത്തിക പ്രതിസന്ധി നേരിടുന്നവർക്ക് അടിസ്ഥാന ശമ്പളത്തിന്റെ 60% തുക നഷ്ടപരിഹാരമായി 3 മാസത്തേക്കു നൽകുന്നതാണ് തൊഴിൽ നഷ്ട ഇൻഷൂറൻസ് പദ്ധതി. വരുമാനം നിലയ്ക്കുന്ന വേളയിൽ ഇൻഷുറൻസ് ആനുകൂല്യത്തിലൂടെ ദൈനംദിന ചെലവുകൾക്കുള്ള പണം കണ്ടെത്തുന്നതിനൊപ്പം മറ്റൊരു ജോലി കണ്ടെത്താനുള്ള സാവകാശവും ലഭിക്കുമെന്നതാണ് ഗുണകരമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം വ്യക്തമാക്കി.
ഇതുവരെ 90 ലക്ഷത്തോളം പേർ ഇൻഷുറൻസ് പദ്ധതിയിൽ അംഗത്വമെടുത്തതായി മന്ത്രാലയം അറിയിച്ചു. സർക്കാർ, സ്വകാര്യ മേഖലാ ജീവനക്കാർക്കെല്ലാം ഇൻഷുറൻസ് നിർബന്ധമാണെന്നും പദ്ധതിയിൽ ചേരാത്തവർക്ക് 400 ദിർഹമാണ് പിഴയെന്നും മന്ത്രാലയം അറിയിച്ചു. 3 മാസത്തിൽ കൂടുതൽ പ്രീമിയം അടയ്ക്കാതിരുന്നവർക്ക് 200 ദിർഹം അധിക പിഴയുണ്ടാകും. ഇൻഷുറൻസ് എടുത്ത് യഥാസമയം പുതുക്കാത്ത മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പേർക്ക് കഴിഞ്ഞ വർഷം പിഴ ചുമത്തിയിരുന്നു.
∙ പ്രീമിയം 5 അല്ലെങ്കിൽ 10
പ്രതിമാസ ശമ്പളം 16,000 ദിർഹത്തിൽ കുറവ് ആണെങ്കിൽ മാസത്തിൽ 5 ദിർഹവും കൂടുതൽ ആണെങ്കിൽ 10 ദിർഹവുമാണ് ഇൻഷുറൻസ് പ്രീമിയമായി അടയ്ക്കേണ്ടത്. ജീവനക്കാരന്റെ സൗകര്യം അനുസരിച്ച് മാസത്തിലോ 3, 6, 12 മാസത്തിൽ ഒരിക്കൽ ഒന്നിച്ചോ പ്രീമിയം തുക അടയ്ക്കാം.
∙ ശമ്പളത്തിന്റെ 60%
ജോലി നഷ്ടപ്പെട്ടാൽ അടിസ്ഥാന ശമ്പളത്തിന്റെ 60% തുക നഷ്ടപരിഹാരമായി 3 മാസത്തേക്കു ലഭിക്കും. ആദ്യ പദ്ധതിയിൽ ചേർന്നവർക്ക് മാസത്തിൽ 10,000 ദിർഹത്തിൽ കൂടാത്ത തുകയും രണ്ടാമത്തെ വിഭാഗത്തിലുള്ളവർക്ക് 20,000 ദിർഹത്തിൽ കൂടാത്ത തുകയുമാണ് ലഭിക്കുക.
∙ അപേക്ഷ എവിടെ
ഇൻഷുറൻസ് കമ്പനിയുടെ ഇ–പോർട്ടൽ (www.iloe.ae) വഴിയോ സ്മാർട്ട് ആപ്ലിക്കേഷൻ (ILOE) വഴിയോ അപേക്ഷ സമർപ്പിക്കാം. ബാങ്ക് സ്മാർട്ഫോൺ ആപ്ലിക്കേഷനുകൾ, കിയോസ്‌ക് മെഷീനുകൾ, ബിസിനസ് സർവീസ് സെന്ററുകൾ, മണി എക്‌സ്‌ചേഞ്ചുകൾ എന്നിവ മുഖേനയും അപേക്ഷിക്കാം.
∙ 12 മാസം ജോലി ചെയ്യണം
തുടർച്ചയായി 12 മാസമെങ്കിലും ഒരു സ്ഥാപനത്തിൽ ജോലി ചെയ്ത, സ്വന്തം കാരണത്താലല്ലാതെ പിരിച്ചുവിടപ്പെട്ടവർക്കാണ് ആനുകൂല്യം ലഭിക്കുക. അച്ചടക്ക നടപടിയുടെ പേരിൽ പുറത്താക്കിയവർക്കും സ്വയം ജോലി രാജിവച്ചവർക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല.
∙ ഇളവുള്ളവർ
നിക്ഷേപകർ, വീട്ടുജോലിക്കാർ, താൽക്കാലിക തൊഴിൽ കരാർ ജീവനക്കാർ, 18 വയസ്സിന് താഴെയുള്ളവർ, വിരമിച്ച ശേഷം പുതിയ ജോലിയിൽ പ്രവേശിച്ചവർ എന്നിവർക്ക് ഇളവുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)