ലാബിൽ പോകേണ്ട; രോഗനിർണയം ഇനി സ്മാർട്ട് ഫോൺ ക്യാമറ വഴി: ‘ബയോസൈൻസ് ‘ പദ്ധതി പ്രഖ്യാപിച്ച് യുഎഇ
പ്രമേഹം, രക്തസമ്മർദം, കൊളസ്ട്രോൾ, ഹീമോഗ്ലോബിൻ, ഹൃദയമിടിപ്പ് എന്നിവ സ്മാർട്ട് ഫോൺ ക്യാമറ വഴി സെക്കൻഡുകൾക്കുള്ളിൽ സ്വയം പരിശോധിക്കാവുന്ന സംവിധാനം പ്രഖ്യാപിച്ച് യുഎഇ. ദുബായിൽ സമാപിച്ച അറബ് ഹെൽത്തിലാണ് നിർമിത ബുദ്ധി (എഐ) സംവിധാനമായ ‘ബയോസൈൻസ്’ പദ്ധതി പ്രഖ്യാപിച്ചത്. പരമ്പരാഗത മാതൃകയിൽ ലാബിൽ പോയി പരിശോധിച്ച് ഫലത്തിനായുള്ള നീണ്ട കാത്തിരിപ്പും ഇതോടെ ഒഴിവാക്കാം.നിമിഷ നേരംകൊണ്ട് ഫലവും അറിയാം. ഇതിനു കാര്യമായ ചെലവില്ലെന്നതാണ് നേട്ടം. നൂതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ആരോഗ്യസംരക്ഷണം എളുപ്പമാക്കുന്നതിനായി വികസിപ്പിച്ച ബയോസൈൻസ് സംവിധാനം സ്മാർട്ട്ഫോൺ ക്യാമറകളെ മനുഷ്യന്റെ ആരോഗ്യസ്ഥിതി അളക്കുന്ന ഉപകരണമാക്കി മാറ്റുകയാണ് ചെയ്യുന്നത്.
യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) അംഗീകരിച്ച ഈ സംവിധാനം വഴി മനുഷ്യന്റെ മുഖം സ്കാൻ ചെയ്താണ് ചർമത്തിന്റെ നിറത്തിലും ചർമ്മത്തിനടിയിലെ രക്തപ്രവാഹത്തിലുമുള്ള സൂക്ഷ്മമായ മാറ്റങ്ങൾ കണ്ടെത്തി റിപ്പോർട്ട് നൽകുക. സ്മാർട്ട് ഫോൺ ആപ്ലിക്കേഷൻ വഴിയോ വെബ്സൈറ്റ് വഴിയോ ഫലങ്ങൾ തൽക്ഷണം ലഭ്യമാകും.
രാജ്യത്തിന്റെ ഏകീകൃത ആരോഗ്യ റെക്കോർഡുമായി ഈ സംവിധാനം നേരിട്ട് ബന്ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയത്തിലെ സപ്പോർട്ട് സർവീസസ് വിഭാഗം ആക്ടിങ് അസി. അണ്ടർ സെക്രട്ടറി അബ്ദുല്ല അഹ് ലി പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)