Posted By sneha Posted On

നോർക്ക എസ്‌ബിഐ പ്രവാസി ബിസിനസ് ലോൺ ക്യാംപ്: അറിയാം വിശദമായി

പ്രവാസി സംരംഭകര്‍ക്കായി നോർക്ക റൂട്ട്സും എസ്‌ബിഐയും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രവാസി ബിസിനസ് ലോൺ ക്യാംപ് വ്യാഴാഴ്ച (ഫെബ്രുവരി 6) വര്‍ക്കലയില്‍. വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ (ചെറുന്നിയൂര്‍) നടക്കുന്ന ക്യാംപില്‍ രാവിലെ 9.30 മുതല്‍ സ്പോട്ട് രജിസ്ട്രേഷനും അവസരമുണ്ടാകും.

നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാർട്ട്മെന്‍റ് പ്രോജക്റ്റ് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍റ്സ് അഥവാ എന്‍ഡിപിആര്‍ഇഎം പദ്ധതി പ്രകാരമാണ് ക്യാംപ്.

രണ്ട് വർഷത്തിൽ കൂടുതൽ വിദേശത്തു ജോലിചെയ്തു നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസി കേരളീയർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും പ്രയോജനപ്പടുത്താം.പാസ്പോർട്ട്, ആധാർ, പാൻ കാർഡ്, ഇലക്ഷൻ ഐഡി, റേഷൻ കാർഡ് എന്നിവയുടെ ഒറിജിനലും പകര്‍പ്പുകളും, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോകള്‍ പദ്ധതി-വിശദീകരണം, പദ്ധതിക്കാവശ്യമായ മറ്റു രേഖകൾ എന്നിവ സഹിതമാണ് പങ്കെടുക്കേണ്ടത്. പ്രവാസി കൂട്ടായ്മകള്‍, പ്രവാസികള്‍ ചേര്‍ന്ന് രൂപീകരിച്ച കമ്പനികള്‍, സൈാസൈറ്റികള്‍ എന്നിവര്‍ക്കും പങ്കെടുക്കാവുന്നതാണ്.

ക്യാംപിന്‍റെ ഉദ്ഘാടനം രാവിലെ 10.30 ന് വര്‍ക്കല നഗരസഭ ചെയര്‍മാന്‍ കെ.എം ലാജി നിര്‍വഹിക്കും. ചടങ്ങില്‍ നോർക്ക റൂട്ട്സ് റസിഡന്‍റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ അധ്യക്ഷത വഹിക്കും. വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സ്മിത സുന്ദരേശന്‍ മുഖ്യാതിഥിയാകും. നോര്‍ക്ക പദ്ധതികള്‍, സേവനങ്ങള്‍ എന്നിവയുടെ അവതരണം നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരിയും, എസ്‌ബിഐ ലോണ്‍ സ്കീം വിശദീകരണം ചീഫ് മാനേജര്‍ (ക്രെഡിറ്റ്) അമൃത വ്യാസും നിർവഹിക്കും. ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ ടി. രശ്മി സ്വാഗതം പറയും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *