യുഎഇയുടെ വിദേശ വ്യാപാരം റെക്കോർഡ് നേട്ടത്തിൽ
വിദേശരാഷ്ട്രങ്ങളുമായുള്ള വ്യാപാരത്തിൽ വമ്പൻ കുതിപ്പു രേഖപ്പെടുത്തി യുഎഇ. ചരിത്രത്തിലാദ്യമായി രാജ്യത്തിന്റെ വിദേശവ്യാപാരം മൂന്ന് ലക്ഷം കോടി ദിർഹം പിന്നിട്ടു. പ്രധാനമന്ത്രി ശൈഖ് മുഹമ്മദാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ചരിത്രപ്രധാനമായ നാഴികക്കല്ല് എന്ന് വിശേഷിപ്പിച്ചാണ് വിദേശവ്യാപാരവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ കണക്കുകൾ പ്രധാനമന്ത്രി സമൂഹമാധ്യമം വഴി പങ്കുവച്ചത്. 2024 അവസാനത്തോടെ രാജ്യത്തിന്റെ വിദേശവ്യാപാരം മൂന്ന് ലക്ഷം കോടി ദിർഹം പിന്നിട്ടു എന്നാണ് ശൈഖ് മുഹമ്മദ് വ്യക്തമാക്കിയത്. ആഗോള വ്യാപാരത്തിൽ രേഖപ്പെടുത്തിയതിനേക്കാൾ ഏഴു മടങ്ങിന്റെ വർധനയാണ് യുഎഇക്കുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷം രണ്ടു ശതമാനത്തിന്റെ വർധനയാണ് ആഗോള വ്യാപാര മേഖലയിലുണ്ടായത്. എന്നാൽ യുഎഇ കൈവരിച്ചത് 14.6 ശതമാനം വളർച്ചയാണ്. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദിന്റെ നേതൃത്വത്തിൽ ഒപ്പുവച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറുകൾ വളർച്ചയ്ക്ക് കുതിപ്പു നൽകി. എണ്ണയിതര വ്യാപാരത്തിൽ 13,500 കോടി ദിർഹമാണ് ഇതുവഴി കൂട്ടിച്ചേർക്കാനായത്. മുൻ വർഷത്തേക്കാൾ 42 ശതമാനം വളർച്ചയാണ് മേഖലയിലുണ്ടായതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
2031 ഓടെ വിദേശവ്യാപാരം നാലു ലക്ഷം കോടി ദിർഹത്തിലെത്തിക്കുകയാണ് യുഎഇയുടെ ലക്ഷ്യം. കഴിഞ്ഞ വർഷം അവസാനത്തോടെ തന്നെ ലക്ഷ്യത്തിന്റെ എഴുപത്തിയഞ്ച് ശതമാനവും കൈവരിക്കാൻ രാജ്യത്തിനായി. നിശ്ചിത സമയത്തിന് മുമ്പു തന്നെ ലക്ഷ്യം പിന്നിടുമെന്ന് പ്രതീക്ഷിക്കുന്നത്. വ്യക്തമായ നയവും ധീരമായ അഭിലാഷവുമുള്ള രാഷ്ട്രമാണ് യുഎഇയെന്നും ശൈഖ് മുഹമ്മദ് കൂട്ടിച്ചേർത്തു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)