![](https://www.pravasiinfo.com/wp-content/uploads/2025/02/fd-4.jpg)
കുഞ്ഞ് മാലിന്യക്കുഴിയിൽ കിടന്നത് 10 മിനിറ്റ്, വായ നിറയെ മാലിന്യം; ദുരന്തം വിനോദയാത്ര കഴിഞ്ഞ് മടങ്ങവേ; വിമാനത്താവളത്തിൽ മാലിന്യക്കുഴിയിൽ വീണ് കുഞ്ഞിന് ദാരുണാന്ത്യം
നെടുമ്പാശ്ശേരിയിൽ വിമാനത്താവളത്തിൽ മരിച്ച കുട്ടി കേരളത്തിലേക്ക് വിനോദയാത്രവന്ന സംഘത്തിൽപ്പെട്ടത്. വെള്ളിയാഴ്ച തിരിച്ചുപോകാനിരിക്കെയായിരുന്നു അപകടം. വിമാനത്താവളത്തിനുള്ളിലെ ആഭ്യന്തര ടെർമിനലിന് മുന്നിലെ അന്ന കഫേയുടെ മാലിന്യക്കുഴിയിൽ വീണാണ് മൂന്ന് വയസുകാരന്റെ ദാരുണാന്ത്യം സംഭവിച്ചത്.
പൂന്തോട്ടത്തിന് സമീപത്തായി തുറന്ന നിലയിലായിരുന്നു കുഴി. രാജസ്ഥാൻ സ്വദേശികളുടെ മകൻ റിതാൻ ജാജുവാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.50-ഓടെയാണ് കുട്ടി നാലടി താഴ്ചയുള്ള കുഴിയിലേക്ക് വീണത്. പത്ത് മിനിറ്റോളം കുട്ടി കുഴിയിൽ കിടന്നു.
കുഴിയിൽനിന്ന് പുറത്തെടുത്ത കുഞ്ഞ് ഉടനെ ഛർദ്ദിച്ചു. മാലിന്യമായിരുന്നു ഛർദ്ദിയിലുണ്ടായിരുന്നത്. അനക്കം നിലച്ച നിലയിലായിരുന്നു കുട്ടി. സി.പി.ആർ. നൽകിയതിന് പിന്നാലെ തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ കുട്ടിയെ കാണാതാവുകയായിരുന്നു. മാതാപിതാക്കൾ കഫേയുടെ അകത്തും പുറത്തുമെല്ലാം കുട്ടിയെ അന്വേഷിച്ചു. എന്നിട്ടും കുട്ടിയെ കാണാതായതോടെ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരോട് കുട്ടിയെ കാണാതായ വിവരം അറിയിച്ചു.
വീണ്ടും കുഞ്ഞിനായുള്ള അന്വേഷണം നടത്തുന്നതിനിടെ മാലിന്യക്കുഴിയുടെ സമീപത്ത് കുട്ടിയുടെ ചെരുപ്പ് കുട്ടിയുടെ അച്ഛൻ കാണുകയായിരുന്നു. പിന്നാലെ കുട്ടിയെ വലിച്ച് മുകളിലേക്ക് എടുത്തു. കുഞ്ഞിന്റെ വായിലടക്കം മാലിന്യമുണ്ടായിരുന്നു. അപകടത്തിന് ശേഷം മാലിന്യക്കുഴി പ്ലാസ്റ്റിക് കൊണ്ട് മൂടിയിട്ടുണ്ട്. അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ച സംബന്ധിച്ച് സിയാൽ പ്രതികരിച്ചിട്ടില്ല.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)