
മികച്ചതും മോശവും; സർക്കാർ വകുപ്പുകളുടെ പട്ടിക പുറത്തിറക്കി യുഎഇ
രാജ്യത്തെ സർക്കാർ സംവിധാനങ്ങളിലെ ഉദ്യോഗസ്ഥ നടപടിക്രമങ്ങൾ എളുപ്പമാക്കിയതിൻറെ അടിസ്ഥാനത്തിൽ മികച്ചതും മോശമായതുമായ മൂന്ന് വീതം വകുപ്പുകളുടെ പട്ടിക പുറത്തുവിട്ട് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. കഴിഞ്ഞ വർഷത്തെ പ്രവർത്തനത്തിൻറെ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കിയത്. 2023ൽ ബ്യൂറോക്രസി കുറക്കുന്നതിന് പദ്ധതി നടപ്പിലാക്കിയ ശേഷമാണ് ഇത്തരത്തിൽ വർഷാവർഷം പട്ടിക പുറത്തുവിടാൻ തുടങ്ങിയത്.നീതിന്യായ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ഊർജ-അടിസ്ഥാന സൗകര്യ മന്ത്രാലയം എന്നിവയാണ് മികവിൽ മുന്നിട്ടുനിൽക്കുന്ന മൂന്ന് സർക്കാർ വകുപ്പുകൾ. ബ്യൂറോക്രസിയെ തടയാനുള്ള ശ്രമങ്ങളിൽ ഏറ്റവും മികവ് ഈ വകുപ്പുകൾ പുലർത്തിയതായി ശൈഖ് മുഹമ്മദ് പട്ടിക പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു. മികച്ച പ്രവർത്തനം നടത്തുന്നവരെന്ന നിലയിൽ വകുപ്പുകൾക്ക് അദ്ദേഹം നന്ദിയറിയിക്കുകയും ചെയ്തു. എമിറേറ്റ്സ് പോസ്റ്റ്, പെൻഷൻസ് അതോറിറ്റി, കായിക മന്ത്രാലയം എന്നിവയാണ് ബ്യൂറോക്രസി വെട്ടിക്കുറക്കുന്നതിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച വകുപ്പുകളായത്.ഉദ്യോഗസ്ഥ മേധാവിത്വം കുറക്കുന്നതിൽ വേണ്ടത്ര പരിശ്രമിക്കാത്തവർ വർഷങ്ങളായി സൃഷ്ടിച്ച മോശം സംവിധാനങ്ങളെ ധീരവും വേഗത്തിലുള്ളതുമായ തീരുമാനങ്ങളിലൂടെ ഏതാനും ദിവസങ്ങൾക്കുള്ളിൽ മാറ്റാൻ കഴിയണമെന്ന് ശൈഖ് മുഹമ്മദ് നിർദേശിച്ചു. നേരത്തെയും സർക്കാർ സ്ഥാപനങ്ങളുടെ പ്രകടന അവലോകനങ്ങൾ പരസ്യമായി പ്രഖ്യാപിക്കുകയും മോശം പ്രകടനം കാഴ്ചവെച്ചവരെ വിമർശിക്കുകയും ചെയ്തിട്ടുണ്ട്.2023ൽ യു.എ.ഇയിലെ ഉപഭോക്തൃ സംതൃപ്തി റേറ്റിങ് അനുസരിച്ച് രാജ്യത്തെ ഏറ്റവും മികച്ചതും മോശവുമായ സർക്കാർ സേവനങ്ങൾ ശൈഖ് മുഹമ്മദ് വെളിപ്പെടുത്തിയിരുന്നു. അതേ വർഷം ഏറ്റവും മോശം സേവന കേന്ദ്രങ്ങളുടെ പട്ടികയിൽ ഏറ്റവും താഴെയായി സ്ഥാനംപിടിച്ച ഒരു ആശുപത്രിയുടെ ഡയറക്ടറെ മാറ്റുകയും ചെയ്തിരുന്നു. 2019ൽ രാജ്യത്തുടനീളമുള്ള മികച്ച അഞ്ച് സേവന കേന്ദ്രങ്ങളും ഏറ്റവും മോശം സേവന കേന്ദ്രങ്ങളുടെയും പട്ടിക പുറത്തുവിട്ടിരുന്നു. ഇതിൽ ഫുജൈറയിലെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് സെന്ററിനെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്ഥാപനമായും എമിറേറ്റ്സ് പോസ്റ്റിന്റെ ഷാർജയിലെ അൽ ഖാൻ ബ്രാഞ്ചിനെ ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന കേന്ദ്രമായും തിരഞ്ഞെടുത്തിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)