
യുഎഇയിൽ റെയിൽ ബസ് വരുന്നു; പ്രത്യേകതകൾ അറിഞ്ഞോ
സുസ്ഥിര ഗതാഗത രംഗത്ത് എന്നും പുതുമയുള്ള നൂതന സാങ്കേതിക വിദ്യകൾ അവതരിപ്പിക്കുന്ന ദുബൈ വീണ്ടും ലോകത്തെ അത്ഭുതപ്പെടുത്തുകയാണ്. മെട്രോ, ട്രാം എന്നിവക്ക് പിന്നാലെ സ്വയം നിയന്ത്രിത ഇലക്ട്രിക് റെയിൽ ബസുകൾ അവതരിപ്പിച്ചിരിക്കുകയാണ് ദുബൈ. മദീനത്തുൽ ജുമൈറയിൽ നടന്ന ലോക സർക്കാർ ഉച്ചകോടിയിൽ ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) ആണ് പൊതുഗതാഗത രംഗത്ത് വിപ്ലവം സൃഷ്ടിച്ചേക്കാവുന്ന പുതിയ സാങ്കേതിക വിദ്യ പരിചയപ്പെടുത്തിയത്. പുനരുപയോഗ വസ്തുക്കൾ ഉപയോഗിച്ച് പൂർണമായും ത്രീഡി പ്രിൻറഡ് സാങ്കേതിക വിദ്യയിലൂടെ വികസിപ്പിക്കുന്ന റെയിൽ ബസുകൾ പൂർണമായും പരിസ്ഥിതി സൗഹൃദപരമാണ്.
സൗരോർജത്തിൽ പ്രവർത്തിക്കുന്ന റെയിൽ ബസിന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനാവും. ഓരോ ഗ്യാരേജിലും 22 സീറ്റുകളായിരിക്കും ഉണ്ടാവുക. ഇതുവഴി ഒരേ സമയം 40 യാത്രക്കാർക്ക് സഞ്ചരിക്കാം. സീറ്റുകൾക്ക് മുകളിൽ സ്ഥാപിച്ചിരിക്കുന്ന സ്ക്രീനുകളിൽ യാത്രക്ക് എടുക്കുന്ന സമയം, അടുത്ത സ്റ്റോപ്പുകൾ, കാലാവസ്ഥ എന്നിവ ഉൾപ്പെടെ തത്സമയ വിവരങ്ങൾ പ്രദർശിപ്പിക്കും. കൂടാതെ ബസിൻറെ ഇരുവശത്തും യാത്രക്കാർക്കുള്ള സുരക്ഷാ നിർദേശങ്ങളും നൽകും. അതോടൊപ്പം കോച്ചിൻറെ ഇരുവശങ്ങളിലും നിയന്ത്രണ പാനലുകൾ സ്ഥാപിച്ചിട്ടുണ്ട്.
യാത്രയുടെ തുടക്കം മുതൽ അവസാനം വരെ കാര്യക്ഷമവും തടസ്സമില്ലാത്തതുമായ യാത്രാനുഭവം ഉറപ്പാക്കുന്നതിന് മറ്റ് പൊതുഗതാഗത സംവിധാനങ്ങളുമായി റെയിൽ ബസിനെ സംയോജിപ്പിക്കും. കൃത്യമായ ഇടവേളയിൽ യാത്രക്കാർക്ക് ഏറ്റവും സൗകര്യപ്രദവും സുഖകരവുമായ രീതിയിലായിരിക്കും സർവിസുകൾ ക്രമീകരിക്കുക. എമിറേറ്റിലുടനീളം സ്ഥാപിക്കുന്ന എലിവേറ്റഡ് ട്രാക്കുകളിലൂടെയായിരിക്കും റെയിൽ ബസുകളുടെ സർവിസ്. 2.9 മീറ്ററാണ് ബസിൻറെ ഉയരം. 11.5 മീറ്റർ നീളവുമുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)