Posted By christymariya Posted On

തലകീഴായ് ഇടിച്ചിറങ്ങി വിമാനം; സീറ്റ് ബെൽറ്റിൽ തൂങ്ങി യാത്രക്കാർ; 17 പേ‌ർക്ക് പരിക്ക്, മൂന്ന് പേരുടെ നില ഗുരുതരം

കാനഡയിൽ വിമാനാപകടത്തിൽ 17 പേർക്ക് പരിക്ക്. കാനഡയിലെ ടൊറന്റോ എയർപോർട്ടിലാണ് അപകടമുണ്ടായത്. 80 പേരുമായി യാത്ര ചെയ്യുകയായിരുന്ന ഡെൽറ്റ എയർലൈൻസ് ‌ജെറ്റാണ് അപകടത്തിൽപ്പെട്ടത്. ക്രാഷ് ലാൻഡ് ചെയ്ത വിമാനം തലകീഴായി മറിയുകയായിരുന്നു. കനത്ത കാറ്റിനെത്തുടർന്നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക റിപ്പോർട്ട്.യുഎസിലെ മിനെപോളിസിൽ നിന്ന് 76 യാത്രക്കാരും നാല് ജീവനക്കാരുമായി എത്തിയ എൻഡീവർ എയർ ഫ്ളൈറ്റ് 4819 ആണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് അധികൃതർ അറിയിക്കുന്നത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.ഞായറാഴ്ച കിഴക്കൻ കാനഡയിൽ വലിയ മഞ്ഞുവീഴ്ചയുണ്ടായിരുന്നു. ടൊറന്റോയിൽ ശക്തമായ കാറ്റും അനുഭവപ്പെടുന്നുണ്ട്. ഇക്കാരണങ്ങളാൽ നിരവധി വിമാനങ്ങളും റദ്ദാക്കിയിരുന്നു.അപകടത്തിൽ ആവശ്യമായ നടപട‌ികൾ സ്വീകരിച്ചതായി ഫെഡറൽ ട്രാൻസ്‌പോർട്ട് മന്ത്രി അനിത ആനന്ദ് വ്യക്തമാക്കി. അപകടത്തിൽ ആളപായമുണ്ടായിട്ടില്ലെന്ന് ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് സ്ഥിരീകരിച്ചു. അപകട സ്ഥലത്തേയ്ക്ക് അന്വേഷണ സംഘത്തെ വിന്യസിച്ചതായി കാനഡയുടെ ട്രാൻസ്‌പോർട്ടേഷൻ സുരക്ഷാ ബോ‌ർഡ് അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *