
മാലിന്യം വലിച്ചെറിയാറുണ്ടെങ്കിൽ ഇതൊന്ന് ശ്രദ്ധിച്ചോളൂ, പുതുക്കിയ പിഴകളുമായി യുഎഇ
അബുദാബിയിൽ അശ്രദ്ധമായി മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നടപടികൾ കർശനമാക്കാനൊരുങ്ങി ഗതാഗത, മുനിസിപ്പാലിറ്റി വിഭാഗം അധികൃതർ. പുതുക്കിയ പിഴകൾ സാമൂഹിക മാധ്യമങ്ങളിലടക്കം പുറത്തുവിട്ടിട്ടുണ്ട്. നിയമ ലംഘനത്തിനും അതിന്റെ വ്യാപ്തിക്കുമനുസരിച്ചായിരിക്കും പിഴകൾ ചുമത്തുന്നത്. കൂടാതെ ലംഘനം ആവർത്തിച്ചാൽ 4000 ദിർഹം വരെയായിരിക്കും പിഴ ലഭിക്കുകയെന്നും അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ വർഷം, രാജ്യത്തിന്റെ 53ാമത് ദേശീയ ദിനത്തിൽ മാത്രം പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിഞ്ഞതിനും റോഡുകളിൽ സ്പ്രേ പെയിന്റുകൾ ഉപയോഗിച്ചതിനും 670ലധികം നിയമ ലംഘകർക്കാണ് പിഴയിട്ടത്. കാൽ നടയാത്രക്കാർ, ഡ്രൈവർമാർ, വാഹന യാത്രക്കാർ തുടങ്ങിയവരാണ് നിയമലംഘകരിൽ അധികവും. പൊതു ഇടങ്ങൾ സംരക്ഷിക്കുന്നതിനുള്ള മാർഗ നിർദേശങ്ങൾ അനുസരിച്ചുള്ളതാണ് പുതുക്കിയ പിഴകൾ. നിശ്ചയിച്ചിട്ടുള്ള ഇടങ്ങളിലല്ലാതെ സിഗരറ്റ് കുറ്റികൾ വലിച്ചെറിയുക, ഭക്ഷണ സാധനങ്ങളുടെ അവശിഷ്ടങ്ങൾ അശ്രദ്ധമായി വലിച്ചെറിയുക തുടങ്ങിയ നിയമ ലംഘനങ്ങൾക്ക് 500 ദിർഹമായിരിക്കും പിഴ ലഭിക്കുന്നത്. ലംഘനം വീണ്ടും ആവർത്തിച്ചാൽ 2000 ദിർഹമായിരിക്കും പിഴ. മറ്റ് മാലിന്യങ്ങളാണ് പൊതു ഇടങ്ങളിൽ വലിച്ചെറിയുന്നതെങ്കിൽ 1000 ദിർഹമായിരിക്കും പിഴ. ലംഘനം വീണ്ടും ആവർത്തിച്ചാൽ 4000 ദിർഹമായി പിഴ ഉയർത്തും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)