
യുഎഇയിൽ മസാജ് കാർഡുകൾ പ്രിൻറ് ചെയ്ത നാലു പ്രസ്സുകൾ അടച്ചുപൂട്ടി; ജീവനക്കാർ അറസ്റ്റിൽ
നിയമവിരുദ്ധമായി മസാജ് കാർഡുകൾ പ്രിൻറ് ചെയ്ത 4 പ്രസുകൾ ദുബൈയിൽ അടച്ചുപൂട്ടി. പ്രസുകളിലെ ജീവനക്കാരെ അറസ്റ്റ് ചെയ്തതായും ദുബൈ പൊലീസ് പ്രസ്താവനയിൽ അറിയിച്ചു. ഇത്തരം പ്രസുകളിൽ പ്രവർത്തിക്കുന്ന എല്ലാവരും നിയമ നടപടി നേരിടേണ്ടിവരുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
മസാജ് കാർഡുകളിലെ ഫോൺ നമ്പറുകളിൽ ബന്ധപ്പെടരുതെന്നും, മോഷ്ടിക്കപ്പെടാനും കൊള്ളയടിക്കപ്പെടാനുമുള്ള സാധ്യതയുണ്ടെന്നും പൊതുജനങ്ങൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകി. മസാജ് കാർഡുകളുമായി ബന്ധപ്പെട്ട മോശമായ രീതികളെക്കുറിച്ച് അന്വേഷിക്കുന്നതിനായി ജനറൽ ഡിപ്പാർട്ട്‌മെൻറ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ പ്രത്യേക സംഘത്തെ തന്നെ രൂപീകരിച്ചിട്ടുണ്ടെന്നും ദുബൈ പൊലീസ് വ്യക്തമാക്കി.
സാമൂഹിക സുരക്ഷ ഉറപ്പുവരുത്തുന്നതിനും ഇത്തരം പ്രശ്നങ്ങൾ ഇല്ലാതാക്കാനുമാണ് പൊലീസ് നടപടിയെന്നും അധികൃതർ കൂട്ടിച്ചേർത്തു. നഗരത്തിൻറെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ നിയമവിരുദ്ധമായി വിതരണം ചെയ്യുന്ന മസാജ് കാർഡുകളെ സംബന്ധിച്ച് നേരത്തെയും അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. മിക്കപ്പോഴും ലൈസൻസില്ലാത്തതും നിയമവിരുദ്ധവുമായ രീതിയിൽ പ്രവർത്തിക്കുന്ന മസാജ് സെൻററുകളുടെ പരസ്യങ്ങളാണ് ഇത്തരം കാർഡുകളിൽ പ്രത്യക്ഷപ്പെടാറുള്ളത്. പല കാർഡുകളിലും നടിമാരുടെയും മറ്റും അശ്ലീല ചിത്രങ്ങളും ഉൾപ്പെടാറുണ്ട്. ഇവ റോഡുകളിലും പാർക്കിങ് സ്ഥലങ്ങളിലും വാഹനങ്ങളിലും ഉപേക്ഷിക്കുകയാണ് പതിവ്.
ഇത്തരത്തിലുള്ള കാർഡുകൾ കുട്ടികൾ എടുക്കുന്നതും രക്ഷിതാക്കൾ റിപ്പോർട്ട് ചെയ്യാറുണ്ട്. ഈ സാഹചര്യത്തിൽ ശക്തമായ നടപടികൾ നേരത്തെ മുതൽ പൊലീസ് സ്വീകരിച്ചുവരികയാണ്. പൊതു സ്ഥലങ്ങളിൽ ഇത്തരത്തിൽ മോശം പ്രവണതകൾ ശ്രദ്ധയിൽ പെട്ടാൽ ടോൾഫ്രീ നമ്പറായ 901ലോ ദുബൈ പൊലീസ് ആപ്പിലെ ‘പൊലീസ് ഐ’ വഴിയോ റിപ്പോർട്ട് ചെയ്യണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)