Posted By christymariya Posted On

യുഎഇയിലെ തൊഴിലാളികള്‍ക്ക് മികച്ച നേട്ടം ലഭിക്കാന്‍ ഈ പദ്ധതിയില്‍ ചേരാം

യുഎഇയില്‍ തൊഴില്‍ ചെയ്യുന്ന വ്യക്തിയാണോ നിങ്ങള്‍? തൊഴില്‍ അവസാനിപ്പിക്കുന്ന സമയത്ത് മികച്ച സേവിങ്സ് ഉണ്ടായിരിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടോ? ഏതൊരു തൊഴിലാളിയെ സംബന്ധിച്ചും പ്രധാനപ്പെട്ട കാര്യമാണ് തൊഴില്‍ അവസാനിപ്പിക്കുന്ന സമയത്ത് ലഭിക്കുന്ന എന്‍റ് ഓഫ് സര്‍വ്വീസസ് ബെനിഫിറ്റിസ്. യുഎഇയില്‍ പ്രവാസികള്‍ ഉള്‍പ്പടെയുള്ള തൊഴിലാളികള്‍ക്ക് തൊഴില്‍ നിര്‍ത്തുന്ന സമയത്ത് മികച്ച നേട്ടങ്ങള്‍ ഉണ്ടാകണമെന്നാണ് യുഎഇയുടെ ആഗ്രഹം. അതുകൊണ്ട് തന്നെയാണ് 2023-ല്‍ ആള്‍ട്ടര്‍നേറ്റീവ് എന്‍ഡ് ഓഫ് സര്‍വ്വീസ് ബെനിഫിറ്റ് അഥവാ ഇഎസ്ഒബി സംവിധാനം യുഎഇ മാനവ വിഭവ ശേഷി മന്ത്രാലയം അവതരിപ്പിച്ചത്. ഈ സംവിധാനത്തെ കുറിച്ചാണ് ഇന്നത്തെ വീഡിയോയില്‍ അവതരിപ്പിക്കുന്നത്. രാജ്യത്തെ സെക്യൂരിറ്റീസ് ആന്‍റ് കമ്മോഡിറ്റീസ് അതോറിറ്റിയുമായി സഹകരിച്ച് കൊണ്ടാണ് മന്ത്രാലയം ഈ വോളണ്ടിയറി സേവിങ്സ് സംവിധാനം ലോഞ്ച് ചെയ്തത്. എന്താണ് ആള്‍റ്റര്‍നേറ്റീവ് എന്‍ഡ് ഓഫ് സര്‍വ്വീസ് ബെനിഫിറ്റ്സ് സിസ്റ്റം എന്ന് ചുരുക്കത്തില്‍ പറയാം. കമ്പനികള്‍ക്ക് തങ്ങളുടെ തൊഴിലാളികളുടെ എന്‍ഡ് ഓഫ് സര്‍വ്വീസ് ബെനിഫിറ്റ്സ് തുക വിവിധ അക്രഡിറ്റഡ് നിക്ഷേപ പദ്ധതികളില്‍ നിക്ഷേപിക്കാന്‍ കഴിയും. ഇതുവഴി കൂടുതല്‍ മികച്ച ഗ്രാറ്റുവിറ്റി തുക തൊഴിലാളികള്‍ക്ക് ലഭിക്കുകയും ചെയ്യും. കഴിഞ്ഞ ദിവസം ഈ പദ്ധതികളെ കുറിച്ച് യുഎഇയിലെ കമ്പനികളെ ഓര്‍മ്മിപ്പിച്ച് രംഗത്ത് വന്നിരിക്കുകയാണ് യുഎഇ മാനവ വിഭവ ശേഷി മന്ത്രാലയം. തൊഴിലാളികള്‍ക്ക് സുരക്ഷിതമായതും വിശ്വാസയോഗ്യവുമായ നിക്ഷേപ സാധ്യതകളാണ് ഈ പദ്ധതികള്‍ വഴി ഒരുക്കിയിരിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. മികച്ച സാമ്പത്തിക ആസൂത്രണം, ഉയര്‍ന്ന ഗ്രാറ്റുവിറ്റി പേയ്മെന്‍റ്, തൊഴില്‍ നിര്‍ത്തിയാലും നിക്ഷേപം തുടരാനുള്ള അവസരം തുടങ്ങിയ നേട്ടങ്ങളാണ് തൊഴിലാളികള്‍ക്ക് ഇതിലൂടെ ലഭിക്കുന്നത്. കമ്പനികളെ സംബന്ധിച്ച് ഇത്തരം പദ്ധതികള്‍ മികച്ച തൊഴിലാളികളെ ആകര്‍ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിനുമുള്ള മാര്‍ഗങ്ങളാണ്. ഈ പദ്ധതിയുടെ കീഴില്‍ യുഎഇയിലെ സെക്യൂരിറ്റിസ് ആന്‍റ് കമ്മോഡിറ്റി അതോറിറ്റി ലെെസന്‍സ് നല്‍കി റെഗുലേറ്റ് ചെയ്യുന്ന വിവിധ ഫണ്ടുകളാണുള്ളത്. ലുണാറ്റ്, ഫസ്റ്റ് അബുദാബി ബാങ്ക്, ദമന്‍ ഇന്‍വെസ്റ്റ്മെന്‍റ്സ്, നാഷണല്‍ ബോണ്ട്സ് തുടങ്ങിയ ഓപ്ഷനുകളാണ് തൊഴിലാളികള്‍ക്ക് ലഭിക്കുന്നത്. ഈ സ്ഥാപനങ്ങളുടെയെല്ലാം കോണ്ടാക്ട് വിവരങ്ങളും വെബ്സൈറ്റ് വിവരങ്ങളും യുഎഇ മാനവ വിഭവ ശേഷി മന്ത്രാലയം എക്സില്‍ പങ്കുവെച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള സേവിങ്സും നിക്ഷേപത്തിന് ലഭിക്കുന്ന റിട്ടേണുകളുമെല്ലാം തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും മോണിറ്റര്‍ ചെയ്യാവുന്നതാണ്. ഇതിനായി ഓരോ ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് പ്രൊവൈഡര്‍മാരും അവരുടേതായ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ഒരുക്കുന്നുണ്ട്. തങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ അനുസരിച്ച് പോര്‍ട്ട്ഫോളിയോ അഡ്ജസ്റ്റ് ചെയ്യുന്നതിനും വ്യത്യസ്ത നിക്ഷേപ ഓപ്ഷനുകളിലായി റീ – അലോക്കേറ്റ് ചെയ്യാനും തൊഴിലാളികള്‍ക്ക് കഴിയും. ആവശ്യമുള്ള സമയത്ത് അധികമായി നിക്ഷേപം നടത്താനും സാധിക്കും. 2021-ലെ യുഎഇ ഡിക്രി – ലോ നമ്പര്‍ 33 അനുസരിച്ചാണ് ഈ പദ്ധതി മാനവ വിഭവ ശേഷി മന്ത്രാലയം അവതരിപ്പിച്ചത്. പദ്ധതിയില്‍ പങ്കെടുക്കുന്ന കമ്പനികള്‍ തൊഴിലാളികളുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. അതിന് ശേഷം ഫണ്ട് തെരഞ്ഞെടുത്ത് നിശ്ചിത തുക മാസം തോറും നിക്ഷേപിക്കണം. അ‍ഞ്ച് വര്‍ഷത്തില്‍ താഴെയുള്ള കാലം കമ്പനിയില്‍ ജോലി ചെയ്ത തൊഴിലാളികള്‍ക്ക് വേണ്ടി അവരുടെ അടിസ്ഥാന മാസ ശമ്പളത്തിന്‍റെ 5.83 ശതമാനവമാണ് മാസം തോറും നിക്ഷേപിക്കേണ്ടത്. തൊഴിലാളി അഞ്ച് വര്‍ഷത്തിലധികം കാലം ജോലി ചെയ്തെങ്കില്‍ അടിസ്ഥാന ശമ്പളത്തിന്‍റെ 8.33 ശതമാനം നിക്ഷേപിക്കണം. ഓരോ മാസത്തെയും ആദ്യ 15 ദിവസങ്ങള്‍ക്കുള്ളില്‍ നിക്ഷേപ തുക ഫണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യണം. പദ്ധതിയില്‍ എങ്ങനെയാണ് രജിസ്റ്റര്‍ ചെയ്യുന്നത് എന്ന് നോക്കാം. കമ്പനികളാണ് ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടത്. ഇതിനായി നേരത്തെ പറഞ്ഞ ഫണ്ടുകളില്‍ നിന്ന് ഒരെണ്ണം തെരഞ്ഞെടുത്ത് മാനവ വിഭവ ശേഷി മന്ത്രാലയത്തിന് അപേക്ഷ സമര്‍പ്പിക്കണം. യു.എ.ഇ തൊഴിൽ നിയമം അനുസരിച്ച് മുൻ തൊഴിൽ കാലയളവില്‍ നിന്നുള്ള അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തി യോഗ്യതയുള്ള തൊഴിലാളികളെ കമ്പനികള്‍ പദ്ധതിയില്‍ രജിസ്റ്റർ ചെയ്യണം. നിക്ഷേപം തെരഞ്ഞെടുക്കുന്ന സമയത്ത് സബ്സ്ക്രിപ്ഷന്‍ കോണ്‍ട്രാക്ട് ഒപ്പ് വെച്ച് ഫണ്ട് അഡ്മിനിസ്ട്രേറ്ററെ അപ്പോയിന്‍റ് ചെയ്യണം. ഫണ്ട് അഡ്മിനിസ്ട്രേറ്റര്‍ വഴിയാണ് തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്യേണ്ടത്. തുടര്‍ന്ന് ഓരോ തൊഴിലാളിക്കും വേണ്ടി സേവിങ്സ് അക്കൗണ്ട് തുറക്കണം. ഫണ്ട് മാറുന്നതിന് അനുസരിച്ച് മറ്റു നടപടിക്രമങ്ങളും പാലിക്കേണ്ടതായി വരും. തൊഴിലാളികളുടെ മറ്റൊരു സംശയം എന്‍ഡ് ഓഫ് സര്‍വ്വീസ് ബെനിഫിറ്റ് ലഭിക്കുന്നത് എങ്ങനെ എന്നായിരിക്കും?തൊഴിൽ അവസാനിപ്പിച്ച് 14 ദിവസങ്ങള്‍ക്കുള്ളില്‍, തൊഴിലുടമ നിക്ഷേപിച്ച തുകയും, അതിന് ലഭിച്ച നിക്ഷേപ റിട്ടേണുകളും നേടാന്‍ തൊഴിലാളിക്ക് അര്‍ഹതയുണ്ട്. തൊഴില്‍ ഉപേക്ഷിച്ചതിന് ശേഷവും പദ്ധതിയിൽ നിക്ഷേപം തുടരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനുള്ള അവസരവും ലഭിക്കും. ഫണ്ട് മാനേജരുടെ നിബന്ധനകൾക്ക് വിധേയമായി, ജീവനക്കാർക്ക് അവരുടെ വോളണ്ടിയറി കോണ്‍ട്രിബ്യൂഷനും നിക്ഷേപ റിട്ടേണുകളും എപ്പോൾ വേണമെങ്കിലും പിൻവലിക്കാവുന്നതാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *