cyber crime
Posted By christymariya Posted On

ഹാക്കർ ആക്രമണം; യുഎഇ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചിന് നഷ്ടമായത് 550 കോടി ദിർഹം

ദുബായില്‍ വന്‍ ഹാക്കര്‍ ആക്രമണം. ദുബായ് ആസ്ഥാനമായുള്ള ക്രിപ്റ്റോ കറന്‍സി എക്സ്ചേഞ്ച് ബൈബിറ്റിന് ആക്രമണത്തില്‍ നഷ്ടമായത് 1.5 ബില്യണ്‍ ഡോളര്‍ അഥവാ 550 കോടി ദിര്‍ഹം മൂല്യമുള്ള ഡിജിറ്റല്‍ ആസ്തി. ക്രിപ്‌റ്റോ വ്യവസായത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൊള്ളയാണിതെന്ന് ഇത് അടയാളപ്പെടുത്തുന്നു.ഹാക്കര്‍ ആക്രമണത്തിന് പിന്നാലെ കമ്പനിയില്‍ നിന്ന് ക്രിപ്‌റ്റോ കറന്‍സി പിന്‍വലിക്കാനുള്ള അഭ്യര്‍ഥനകളുമായി നിക്ഷേപകര്‍ കൂട്ടമായി എത്തി. എന്നാല്‍ നിക്ഷേപങ്ങളെ ബാധിക്കില്ലെന്ന് കമ്പനി ഉറപ്പ് നല്‍കി.ചരിത്രത്തിലെ ഏറ്റവും ഹാക്കിങ്ങാണ് നടന്നതെന്ന് ബൈബിറ്റ് സിഇഒയും സ്ഥാപകനുമായ ബെന്‍ ഷൗ പറഞ്ഞു. എന്നാല്‍ കമ്പനിയുടെ പ്രവര്‍ത്തനം സാധാരണ പോലെ തുടരും. പിന്‍വലിക്കല്‍ സംവിധാനം ഇപ്പോള്‍ പൂര്‍ണമായും സാധാരണ നിലയിലായണെന്നും നിക്ഷേപകര്‍ക്ക് എത്ര തുക പിന്‍വലിക്കുന്നതിനും തടസ്സമില്ലെന്നും അദ്ദേഹം അറിയിച്ചു. ആക്രമണത്തിന് ശേഷം പിന്‍വലിക്കലുകള്‍ സുഗമമാക്കുന്നതിന് എഥറിയം കടം വാങ്ങിയതായി കമ്പനി പറഞ്ഞു.ഒരു പതിവ് കൈമാറ്റ പ്രക്രിയയ്ക്കിടെ ഒരു ഇടിഎച്ച് കോള്‍ഡ് വാലറ്റില്‍ ‘അനധികൃത പ്രവര്‍ത്തനം’ കണ്ടെത്തിയതായി കമ്പനി പറഞ്ഞു. ഹാക്കര്‍മാര്‍ ഇടപാടില്‍ കൃത്രിമം കാണിച്ചു. ഇത് നാലുലക്ഷം ഇടിഎച്ച് കറന്‍സിയുടെ നഷ്ടമുണ്ടാക്കി. വിപണി മൂല്യം അനുസരിച്ച് ബിറ്റ്‌കോയിന് ശേഷം രണ്ടാമത്തെ വലിയ ക്രിപ്റ്റോകറന്‍സി നെറ്റ്വര്‍ക്കാണ് ഇടിഎച്ച് മോഷണത്തെ ‘ഒറ്റപ്പെട്ട സംഭവം’ എന്ന് വിശേഷിപ്പിച്ച ബൈബിറ്റ്, മറ്റെല്ലാ കോള്‍ഡ് വാലറ്റുകളും ആസ്തികളും സുരക്ഷിതമാണെന്നും ക്ലയന്റ് ഫണ്ടുകളെ ആക്രമണം ബാധിച്ചിട്ടില്ലെന്നും അറിയിച്ചു.20 ബില്യണ്‍ ഡോളറില്‍ കൂടുതല്‍ ആസ്തിയുള്ള കമ്പനി നഷ്ടം നികത്താന്‍ ആവശ്യത്തിലധികം ആസ്തികള്‍ തങ്ങളുടെ പക്കലുണ്ടെന്ന് അറിയിച്ചു. ഉപയോക്താക്കള്‍ക്ക് നല്‍കുന്നതിനുള്ള ഫണ്ടുകളുടെ ലഭ്യത ഉറപ്പാക്കാന്‍ ആവശ്യമെങ്കില്‍ ഒരു ബ്രിഡ്ജ് ലോണ്‍ ഉപയോഗിക്കുമെന്നും കമ്പനി വ്യക്തമാക്കി. ഹാക്കിങ് മൂലമുണ്ടായ നഷ്ടം വീണ്ടെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പോലും ബൈബിറ്റിന് പ്രതിസന്ധിയില്ലെന്നും നിക്ഷേപകരുടെ എല്ലാ ആസ്തികളും 1:1 പിന്തുണയുള്ളതാണെന്നും അതുകൊണ്ടു തന്നെ ഏത് നഷ്ടവും നികത്താന്‍ തങ്ങള്‍ക്ക് കഴിയുമെന്നും സിഇഒ ഷൗ എക്‌സില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ അറിയിച്ചു.മോഷ്ടിച്ച ഫണ്ടുകള്‍ കണ്ടെത്തുന്നതിന് കമ്പനി ‘പ്രമുഖ ബ്ലോക്ക്‌ചെയിന്‍ ഫോറന്‍സിക് വിദഗ്ധരുമായി’ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയാണ്. ഞങ്ങളുടെ സുരക്ഷാ സംഘം ഇതിന്റെ കാരണം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 2018 ല്‍ ആരംഭിച്ച ബൈബിറ്റിന് ലോകമെമ്പാടും 40 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ട്. ഇത് ലോകത്തിലെ രണ്ടാമത്തെ വലിയ ക്രിപ്റ്റോ എക്സ്ചേഞ്ചായാണ് കണക്കാക്കപ്പെടുന്നത്.

ബൈബിറ്റിനെതിരായ ഹാക്കിംഗ് സംഭവം നിരീക്ഷിച്ചുവരികയാണെന്ന് ദുബായിയുടെ വെര്‍ച്വല്‍ അസറ്റ്‌സ് റെഗുലേറ്ററി അതോറിറ്റി (VARA) അറിയിച്ചു. അതേസമയം, ബൈബിറ്റിന് ദുബായില്‍ റെഗുലേറ്ററി ലൈസന്‍സ് അനുവദിച്ചിട്ടില്ലെന്നും അതോറിറ്റി വ്യക്തമാക്കി. അതേസമയം, നിലവില്‍ എമിറേറ്റില്‍ വെര്‍ച്വല്‍ അസറ്റ് സര്‍വീസ് പ്രൊവൈഡേഴ്സ് എന്ന രീതിയിലുള്ള ഓപ്പറേറ്റിങ് പെര്‍മിറ്റ് നേടുന്നതിനുള്ള ലൈസന്‍സിംഗ് ആവശ്യകതകള്‍ നിറവേറ്റുന്നതിനായി കമ്പനി പ്രവര്‍ത്തിച്ചുവരുന്നതായും അധികൃതര്‍ അറിയിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *