
ഉപഭോക്താക്കളെ ശല്യം ചെയ്ത 159 ടെലിമാര്‍ക്കറ്റിങ് കമ്പനികള്‍ക്ക് പണികിട്ടി; പിഴയടച്ചത് അരലക്ഷം ദിര്‍ഹം വീതം
ദുബായ്: യുഎഇ അടുത്തിടെ അവതരിപ്പിച്ച ടെലിമാര്‍ക്കറ്റിങ് നിയന്ത്രണങ്ങള്‍ ലംഘിക്കുകയും ഉപഭോക്താക്കള്‍ക്ക് ശല്യമാവുന്ന രീതിയില്‍ മാര്‍ക്കറ്റിംഗ് കോളുകള്‍ വിളിക്കുകയും ചെയ്തതിന് ദുബായ് അധികൃതര്‍ 159 കമ്പനികള്‍ക്ക് അര ലക്ഷം ദിര്‍ഹം വീതം പിഴ ചുമത്തി. ദുബായ് കോര്‍പറേഷന്‍ ഫോര്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആന്‍ഡ് ഫെയര്‍ ട്രേഡ് അധികൃതരാണ് നടപടി സ്വീകരിച്ചത്. ചെറിയ നിയമലംഘനങ്ങള്‍ നടത്തിയ 174 കമ്പനികള്‍ക്ക് മുന്നറിയിപ്പും നല്‍കി.
2024ലെ 56-ാം നമ്പര്‍ കാബിനറ്റ് തീരുമാനപ്രകാരം ആളുകള്‍ക്ക് ബുദ്ധിമുട്ടാക്കുന്ന രീതിയിലുള്ള പ്രൊമോഷനല്‍ ഫോണ്‍ കോളുകള്‍ കുറയ്ക്കുന്നതിനും ഉപഭോക്തൃ സ്വകാര്യത സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ള കര്‍ശനമായ ടെലിമാര്‍ക്കറ്റിങ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് നിയമം ലംഘിച്ച കമ്പനികള്‍ക്കെതിരേ നടപടി സ്വീകരിച്ചത്. അതേസമയം, പിഴകള്‍ക്കെതിരേ അപ്പീല്‍ നല്‍കുന്നതിനുള്ള അവസരം നിയമം കമ്പനികള്‍ക്ക് നല്‍കുന്നുണ്ട്.
ദുബായ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമി ആന്‍ഡ് ടൂറിസത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിഭാഗമാണ് ദുബായ് കോര്‍പറേഷന്‍ ഫോര്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആന്‍ഡ് ഫെയര്‍ ട്രേഡ്. വിപണിക്ക് ദോഷകരമായി ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനും ന്യായമായ മത്സരാധിഷ്ഠിത അന്തരീക്ഷം സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ളതാണ് പുതിയ നിയമം. പുതിയ നിയന്ത്രണങ്ങള്‍ അനുസരിച്ച്, ടെലിമാര്‍ക്കറ്റിങ് കോളുകള്‍ വരാതിരിക്കാന്‍ ഉദ്ദേശിച്ചുള്ള ഡു നോട്ട് കോള്‍ രജിസ്ട്രിയില്‍ (ഡിഎന്‍സിആര്‍) രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉപഭോക്താക്കളെ ഇതിനായി വിളിക്കാന്‍ പാടില്ല. രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെ മാത്രമേ ടെലിമാര്‍ക്കറ്റിംഗ് കോളുകള്‍ വിളിക്കാന്‍ പാടുള്ളൂ. കോള്‍ റെക്കോര്‍ഡ് ചെയ്യുകയാണെങ്കില്‍ അക്കാര്യം തുടക്കത്തില്‍ തന്നെ ഉപഭോക്താവിനെ അറിയിക്കണം എന്നിവയാണ് മറ്റ് നിര്‍ദേശങ്ങള്‍.
ഫ്രീ സോണുകളിലുള്ളവ ഉള്‍പ്പെടെ, ഉല്‍പ്പന്നങ്ങളും സേവനങ്ങളും ടെലിഫോണ്‍ കോളുകള്‍ വഴി വിപണനം ചെയ്യുന്ന യുഎഇയിലെ എല്ലാ ലൈസന്‍സുള്ള കമ്പനികള്‍ക്കും ഈ നിയമം ബാധകമാണ്. ഒരു ഉപഭോക്താവിന്റെ സ്വകാര്യ ഡാറ്റ അവരുടെ സമ്മതമില്ലാതെ വെളിപ്പെടുത്താന്‍ പാടില്ലെന്നും അവ ടെലിമാര്‍ക്കറ്റിംഗ് വഴി അവരുടെ ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ വിപണനം ചെയ്യാന്‍ ആഗ്രഹിക്കുന്ന കമ്പനികള്‍ക്ക് വില്‍ക്കരുതെന്നും നിര്‍ദേശമുണ്ട്.
നിയമലംഘനത്തിന്റെ തരവും തീവ്രതയും കുറ്റകൃത്യത്തിന്റെ ആവര്‍ത്തനവും അനുസരിച്ച് പിഴകള്‍ വ്യത്യാസപ്പെടുമെന്നും അധികൃതര്‍ അറിയിച്ചു. ടെലിമാര്‍ക്കറ്റിങ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് യോഗ്യതയുള്ള അധികാരിയില്‍ നിന്ന് മുന്‍കൂര്‍ അനുമതി നേടാത്ത ഒരു കമ്പനിക്ക് 75,000 ദിര്‍ഹമാണ് പിഴ ചുമത്തുക. ഇതേകുറ്റം വീണ്ടും ചെയ്താല്‍ രണ്ടാം തവണ ഒരു ലക്ഷം ദിര്‍ഹമും മൂന്നാം തവണ ഒന്നര ലക്ഷം ദിര്‍ഹമും പിഴ നല്‍കേണ്ടിവരും. കമ്പനിയുടെ മാര്‍ക്കറ്റിങ് പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ പരിശീലനം ജീവനക്കാര്‍ക്ക് നല്‍കാത്ത കമ്പനികള്‍ ആദ്യ തവണ 10,000 ദിര്‍ഹവും രണ്ടാം തവണ 25,000 ദിര്‍ഹവും മൂന്നാം തവണ 50,000 ദിര്‍ഹവും പിഴ നല്‍കണമെന്നും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)